ന്യൂഡൽഹി: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ 70 ശതമാനം രോഗികൾ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.82 ശതമാനമാണ്. കേരളത്തിൽ 11.2 ശതമാനവും.
കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്രസംഘം എത്തിയിരുന്നു. സംഘം നാളെ കോട്ടയം, കോഴിക്കോട് ജില്ലകൾ സന്ദർശിക്കും. തുടർന്ന് തിരുവനന്തപുരത്തെത്തി ആരോഗ്യവകുപ്പ് മന്ത്രിയുമായും കൂടിക്കാഴ്ച നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതിനിധി ഡോ.രുചി ജെയിൻ, ഡോ.രവീന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.

കഴിഞ്ഞ മൂന്ന് ആഴ്ചയ്ക്കിടെ രാജ്യത്തെ 47 ജില്ലകളിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. മൂന്നാഴ്ചയ്ക്കിടെ 251 ജില്ലകളിൽ ഒരു കോവിഡ് മരണം പോലും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കോവിഡ് വാക്സിൻ വിതരണം തുടങ്ങി 19 ദിവസത്തിനുള്ളിൽ 44,49,552 പേർക്ക് കുത്തിവയ്പ് നടത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 18 ദിവസത്തിനുള്ളിൽ നാൽപ്പത് ലക്ഷം പിന്നിട്ട് വാക്സിൻ വിതരണത്തിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ രാജ്യമായി ഇന്ത്യമാറിയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കണക്കുകൾ പ്രകാരം അമേരിക്കയും ഇസ്രയേലും, യുകെയും കുത്തിവയ്പിൽ നാൽപ്പത് ലക്ഷം പിന്നിട്ടെങ്കിലും അതിന് കൂടുതൽ ദിവസങ്ങൾ എടുത്തിരുന്നു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ യുഎസ് 20 ദിവസവും ഇസ്രയേലും യുകെയും 39 ദിവസവുമാണ് എടുത്തത്.

കഴിഞ്ഞ് 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 3,10,604 പേർക്കാണ് വാക്സിൻ നൽകിയത്. മൊത്തം വാക്സിനേഷന്റെ 55 ശതമാനം ഏഴ് സംസ്ഥാനങ്ങളിൽ നിന്നാണ്. രാജ്യത്ത് കുടുതൽപേർക്ക് വാക്സിൻ നൽകിയത് ഉത്തർപ്രദേശിലാണ്. 4,63,793 പേർക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. രാജസ്ഥാൻ 3,63,521, മധ്യപ്രദേശ് 3,30722, കർണാടക 3,16,638, ഗുജറാത്ത് 3,11,251, ബംഗാൾ 3,01,091 എന്നിങ്ങനെയാണ് കണക്കുകൾ