- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് ദിവസം കൊണ്ട് ഒന്നര ലക്ഷത്തിലധികം പുതിയ കോവിഡ് രോഗികൾ; കോവിഡ് യുദ്ധം അവസാനിപ്പിച്ച ശേഷം നോക്കി നിൽക്കവെ രോഗം പടരുന്നു; മഹാമാരി ഒരിക്കലും അവസാനിക്കില്ലെന്ന് തന്നെ സൂചന; ബ്രിട്ടന്റെ ഇപ്പോഴത്തെ അവസ്ഥ ലോകത്തോട് പറയുന്നത്
ലണ്ടൻ: കോവിഡിനൊപ്പം ജീവിക്കുക എന്നത് എത്ര മനോഹരമായ നടക്കാത്ത സ്വപ്നമാണെന്നാണ് ബ്രിട്ടനിലെ പുതിയ സാഹചര്യം പറയുന്നത്. കോവിഡ് നിയന്ത്രണങ്ങൾ അവസാനിപ്പിച്ചതിനു ശേഷം രോഗവ്യാപനത്തിൽ വൻകുതിച്ചുകയറ്റമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ ബ്രിട്ടനിൽപുതിയതായി രോഗം സ്ഥിരീകരിച്ചത് 1,26,605 പേർക്കെന്ന ഞെട്ടിക്കുന്ന കണക്കാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ശനി, ഞായർ, തിങ്കൾ എന്നീ മൂന്നു ദിവസങ്ങളിലെ പുതിയതായി രോഗം സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം, കഴിഞ്ഞയാഴ്‌ച്ചയിലെ ഈ മൂന്നു ദിവസങ്ങളിൽ സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണത്തിനേക്കാൾ 54 ശതമാനം കൂടുതലാണെന്നാണ് സർക്കാർ കണക്കുകൾ തന്നെ സൂചിപ്പിക്കുന്നത്.
സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ പ്രതിദിനം ശരാശരി 42000 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിൽ ഇത് 27,400 മാത്രമായിരുന്നു. മഹാവ്യാധിയുടെ വിശദാംശങ്ങ്ൾ റിപ്പോർട്ട് ചെയ്യുന്നത് ക്രമത്തിൽ നിർത്താൻ തീരുമാനിച്ചതിനെ തുടർന്ന് ഇപ്പോൾ എല്ലാ ദിവസവും കണക്കുകൾ പുറത്തുവിടുന്നില്ല. മറിച്ച് മൂന്നു ദിവസത്തെ കണക്കുകൾ ഒരുമിച്ചാണ് തിങ്കളാഴ്‌ച്ച പ്രസിദ്ധപ്പെടുത്തുന്നത്.
അതേസമയം മരണനിരക്കിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ 139 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. തൊട്ടു മുൻപത്തെ വാരാന്ത്യത്തിൽ ഇത് 138 ആയിരുന്നു. സാധാരണയായി രോഗം പിടിപെട്ടാൽ അത് ഗുരുതരമായി മരണത്തിലെത്താൻ ചിലപ്പോൾ ആഴ്‌ച്ചകൾ എടുക്കുമെന്നതിനാൽ, വരും ആഴ്‌ച്ചകളിൽ മരണനിരക്കിലും കാര്യമായ വർദ്ധനവുണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ലഭ്യമായ ഏറ്റവും പുതിയ കണക്കനുസരിച്ച് മാർച്ച് 1 ന് 1,287 പേരെയാണ് കോവിഡ് മൂർച്ഛിച്ച് ബ്രിട്ടനിലെ വിവിധ ആശുപ്ത്രികളിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. തൊട്ടു മുൻപത്തെ ആഴ്‌ച്ചയിലേതിനേക്കാൾ 15 ശതമാനത്തിന്റെ വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിരിക്കുന്നത്. ഫെബ്രുവരി 24 ന് ഇംഗ്ലണ്ടിൽ കോവിഡിൽ നിന്നുള്ള സ്വാതന്ത്ര്യദിനം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രോഗവ്യാപനം ശക്തിപ്രാപിച്ചത് എന്നത് മനുഷ്യകുലത്തിന് സുരക്ഷിതമായി ജീവിക്കണമെങ്കിൽ ഇനിയും കോവിഡ് നിയന്ത്രണങ്ങൾ പാലിക്കുക തന്നെ വേണമെന്ന കാര്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
അതേസമയം, അതിവ്യാപന ശേഷിയുള്ള പുതിയ ഇനം രോഗവ്യാപന തോത് ഉയർത്തിയേക്കാമെങ്കിലും അതിൽ ആകുലപ്പെടേണ്ടതില്ലെന്നാണ് ഈ രംഗത്തെ വിദഗ്ദർ പറയുന്നത്. പുതിയ വകഭേദങ്ങൾ കൂടുതൽ ഗുരുതരമായ രോഗാവസ്ഥയിലേക്ക് നയിക്കുമെന്നതിന് തെളിവുകൾ ഒന്നും ഇല്ലെന്ന് അവർ പറയുന്നു. ഇന്നലെ 30,000 പേരെ രോഗ പരിശോധനക്ക് വിധേയരാക്കിയതായി ബ്രിട്ടനിലെ ഔദ്യോഗിക കണക്കുകൾ പറയുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കും വർദ്ധിക്കുകയാണെന്നാണ് കണക്കുകൾ പറയുന്നത്.
ബ്രിട്ടനിലെ നാല് അംഗരാജ്യങ്ങളിലും രോഗവ്യാപനം വർദ്ധിച്ചു വരുന്നു എന്നതാണ് ഏറെ ആശങ്കയുയർത്തുന്ന കാര്യം. വെയ്ൽസാണ് ഇക്കാര്യത്തിൽ മുൻപിൽ. 200 ശതമാനം രോഗവ്യാപന വർദ്ധനവാണ് അവിടെ രേഖപ്പെടുത്തിയത്. ഇംഗ്ലണ്ടിൽ 57 ശതമാനവും സ്‌കോട്ട്ലാൻഡിൽ 50 ശതമാനവും വർദ്ധനവ് രേഖപ്പെടുത്തിയപ്പോൾ നോർത്തേൺ അയർലൻഡിൽ രേഖപ്പെടുത്തിയത് 12 ശതമാനം മാത്രമായിരുന്നു.
ആളുകൾ കൂടുതൽ അടുത്തിടപഴകാൻ തുടങ്ങിയതോടെ സ്വാഭാവികമായും രോഗവ്യാപനം ശക്തി പ്രാപിച്ചു എന്നാണ് സ്‌കോട്ട്ലാൻഡ് നഷണൽ ക്ലിനിക് ഡയറക്ടർ പ്രൊഫസർ ജേസൺ ലീറ്റ്ച്ച് പറയുന്നത്. എന്നാൽ ഇതിൽ ആശങ്കയ്ക്ക് വകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപകട സാധ്യത കൂടുതൽ ഉള്ള വിഭാഗത്തിൽ പെട്ടവരെ കൂടുതലായി ശ്രദ്ധിക്കണമെന്നു പറഞ്ഞ അദ്ദേഹം വാക്സിൻ എടുക്കേണ്ടത് അത്യാവശ്യമാണെന്നും ഓർമ്മിപ്പിച്ചു.
അതിനിടയിൽ, കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ബ്രിട്ടനിലെ 51.8 ശതമാനം പേർക്ക് മാത്രമാണ് കോവിഡ് ബധിച്ചതെന്ന് കണ്ടെത്തി. അതായത് ഇനിയും 30 ദശലക്ഷത്തിലേറെ ആൾക്കാർക്ക് കോവിഡ് ബാധിച്ചിട്ടില്ല എന്നർത്ഥം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സാമൂഹ്യ പ്രതിരോധം അഥവാ ഹേർഡ് ഇമ്മ്യുണിറ്റി ഉണ്ടാകാൻ മതിയകും വിധം ആളുകളിൽ ഈ രോഗം ഇനിയും പടർന്നിട്ടില്ല എന്നർത്ഥം.
തന്റെ മുൻഗാമിയേക്കാൾ അതിവ്യാപന ശേഷിയുള്ള ഓമിക്രോൺ ബി. എ. 2 എന്ന വകഭേദത്തിന്റെ ആവിർഭാവത്തോടെയാണ് ബ്രിട്ടനിൽ രോഗവ്യാപനം കുതിച്ചുയർന്നത്. ഇപ്പോൾ ഈ ഇനമാണ് ഇംഗ്ലണ്ടിൽ വ്യാപകമായുള്ളത്. അതേസമയം ഇനിയും ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത് അനവശ്യമാണെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ആംഗ്ലിയയിലെ മൈക്രോബയോളജിസ്റ്റായ പ്രൊഫസർ ഡേവിഡ് ലിവർമോർ പറയുന്നത്. ക്രമത്തിൽ എല്ലാവർക്കും കോവിഡ് പിടിപെടും. അങ്ങനെ ലഭിക്കുന്ന പ്രതിരോധം ഏതൊരു വാക്സിനേക്കാൾ മികച്ചതുമായിരിക്കും. ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ ഈ സ്വാഭാവിക നടപടി വൈകിപ്പിക്കാൻ മാത്രമേ സഹായിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
അതിനിടയിൽ എന്തുകൊണ്ട് ചിലർക്ക് കോവിഡ് ഗുരുതരമായി ബാധിക്കുന്നു എന്നുള്ള ചോദ്യത്തിന് ഉത്തരമായി കോവിഡ് ബാധിതരിൽ 16 വ്യത്യസ്ത തരം ജനിതക വ്യതിയാനങ്ങൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. കോവിഡ് ഗുരുതരമായി ബാധിച്ചവരുടേ ഡി എൻ എ യിൽ 16 വ്യത്യസ്ത തരം മാറ്റങ്ങൾ കണ്ടെത്തി. ഇതിൽ ഒരു മാറ്റമാണ് കോവിഡ് ഒരു ചുമയിൽ ഒതുങ്ങുമോ അതല്ല, രോഗി ഇന്റൻസീവ് കെയറിൽ എത്തുമോ എന്ന് തീരുമാനിക്കുന്നതെന്നും അവർ പറയുന്നു.
മറുനാടന് ഡെസ്ക്