ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രോഗവ്യാപനം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. വ്യാഴാഴ്ച വൈകിട്ട് 6.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് രോഗികളായത്.

രണ്ടാംതരംഗത്തിൽ ഇതാദ്യമായിട്ടാണ് രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടത്. നേരത്തെ സെപ്റ്റംബർ 16 നായിരുന്നു ഏറ്റവും കൂടുതൽ രോഗബാധിതർ ഒറ്റ ദിവസം രേഖപ്പെടുത്തിയത്. 97,894 കേസുകൾ. അതിന് ശേഷം കേസുകളുടെ എണ്ണം കുറയുകയായിരുന്നു.

രോഗവ്യാപനത്തിന്റെ തീവ്രത മെയ്‌ അവസാനത്തോടെ മാത്രമേ കുറയാനിടയുള്ളൂവെന്നാണ് കേന്ദ്ര ദൗത്യ സംഘത്തിന്റെ വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായത് കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യമന്ത്രാലയവും ഉന്നതതലയോഗം വിളിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനാണ് യോഗം വിളിച്ചത്. നാളെ നടക്കുന്ന ഉന്നതതലയോഗത്തിൽ രോഗവ്യാപനം രൂക്ഷമായ 11 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യമന്ത്രിമാർ പങ്കെടുക്കും.

രാജ്യത്ത് ആകെ കോവിഡ് രോഗികളുടെ എണ്ണം 1,25,89,067 ആയി ഉയർന്നിരിക്കുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ രോഗവ്യാപനം അതിരൂക്ഷമാണ്. ഈ എട്ടു സംസ്ഥാനങ്ങളിൽ നിന്നായി 81.90 ശതമാനം രോഗികളെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധ റിപ്പോർട്ട് ചെയ്തത്. 57,074 പേർക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ പ്രതിദിന കണക്കിലെ ഏറ്റവും ഉയർന്ന വർധനയാണിത്. ഛത്തീസ് ഗഡിൽ 5250, കർണാടകയിൽ 4553 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.

നിലവിൽ 7,41,830 പേരാണ് രാജ്യത്ത് ചികിൽസയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ അരലക്ഷത്തോളം പേരാണ് ചികിൽസയിലുള്ളവരുടെ എണ്ണത്തിലുണ്ടായ വർധനയെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്‌ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, തമിഴ്‌നാട്, മധ്യപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, കേരള എന്നീ സംസ്ഥാനങ്ങളിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം ഉയരുകയാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

തമിഴ്‌നാട്ടിലും കർണാടകയിലും കോവിഡ് കേസുകൾ ഉയരുന്നു

24 മണിക്കൂറിനിടെ തമിഴ്‌നാട്ടിൽ 3672പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോൾ കർണാടകയിൽ ഇത് 5279 ആണ്.

തമിഴനാട്ടിൽ പുതുതായി 1842പേരാണ് രോഗമുക്തി നേടിയത്. 11 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഇതുവരെ തമിഴ്‌നാട്ടിൽ 9,03,479 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 23,777 പേരാണ് ചികിത്സയിൽ കഴിയുന്നത്. മരണസംഖ്യ 12,789 ആയി ഉയർന്നതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കർണാടകയിൽ പുതുതായി കണ്ടെത്തിയ കോവിഡ് കേസുകളിൽ ഭൂരിഭാഗവും ബംഗളൂരു നഗരത്തിലാണ്. 3728 പേർക്ക് കൂടി ബംഗളൂരുവിൽ കോവിഡ് സ്ഥിരീകരിച്ചു. കർണാടകയിൽ 24 മണിക്കൂറിനിടെ 1856പേരാണ് രോഗമുക്തി നേടിയത്. കഴിഞ്ഞ മണിക്കൂറുകളിൽ 32 പേർ കൂടി വൈറസ് ബാധയെ തുടർന്ന് മരിച്ചതായി കർണാടക ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.