- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും കേരളത്തിൽ; ടെസ്റ്റ് പോസിറ്റിവിറ്റി 19 ശതമാനവും; ഡൽഹിക്ക് സമാനമായി രോഗ വ്യാപനം കുറയ്ക്കാൻ കേരളത്തിലും ലോക് ഡൗൺ ഏർപ്പെടുത്തണമെന്ന് കേന്ദ്രസർക്കാർ
ന്യൂഡൽഹി: കേരളത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി 19 ശതമാനത്തോളം ഉയർന്നിരിക്കുകയാണ്. രാജ്യത്തെ 70 ശതമാനത്തോളം ആക്ടീവ് കേസുകളും സംസ്ഥാനത്താണ്. കോവിഡ് വ്യാപനം കുറയാൻ ലോക്ഡൗൺ അല്ലാതെ മാർഗ്ഗമില്ലെന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. മൂന്നുദിവസം മുമ്പ് 15 ശതമാനമായിരുന്നു ടിപിആർ. ഇപ്പോൾ അത് 19 ആയി. കേസുകൾ കൂടി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് കേരളത്തിൽ ലോക് ഡൗൺ ആണ് ഉചിതമെന്ന് കേന്ദ്രസർക്കാർ ഉദ്യോഗസ്ഥൻ ഇന്ത്യ ടുഡേയോട് പറഞ്ഞത്.
ഡൽഹിക്ക് സമാനമായി വ്യാപനം കുറയ്ക്കാൻ ലോക്ക്ഡൗൺ വഴി സാധിക്കും. കേരളത്തിൽ ഇപ്പോൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചാൽ രണ്ടാഴ്ച കൊണ്ട് സ്ഥിതിഗതികൾ മെച്ചപ്പെടും. കോവിഡ് നിയന്ത്രണവിധേയമാക്കാൻ സംസ്ഥാനത്ത് മെച്ചപ്പെട്ട പദ്ധതി ആസൂത്രണം ചെയ്യണം. ലോക്ക്ഡൗൺ പോലുള്ള മാർഗങ്ങൾ സ്വീകരിക്കണം. ഉത്സവസീസൺ കണക്കിലെടുത്ത് നൈറ്റ് കർഫ്യൂ പോലുള്ള മാർഗങ്ങൾ ഗുണം ചെയ്യുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. ഇക്കാര്യം സംസ്ഥാന സർക്കാരിനെ ഇതിനകം അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ നൈറ്റ് കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
വാക്സിനേഷൻ വർധിച്ച പശ്ചാത്തലത്തിൽ കോവിഡിനെതിരെ പ്രതിരോധശേഷി കൈവരിച്ചവരുടെ എണ്ണം 60 ശതമാനം കടക്കും. കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നതും സിറോ സർവ്വേയിൽ പ്രതിഫലിക്കുമെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. കേരളം വളരെ ജാഗ്രത പുലർത്തേണ്ട സമയമെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന കേസുകളുടെ കുതിപ്പിനെ നേരിടാൻ ആരോഗ്യ സംവിധാനം സജ്ജമോയെന്ന് പരിശോധിക്കണം. ആരോഗ്യ സംവിധാനങ്ങളുടെ മേലേ കേസുകൾ പോകുമെന്ന് കണ്ടെത്തിയാൽ, ചുരുങ്ങിയ കാലത്തേക്ക് ലോക് ഡൗൺ ഏർപ്പെടുത്തണം, ഹെൽത്ത് എക്കണോമിസ്റ്റിലെ പ്രൊഫ.റിജോ ജോൺ അഭിപ്രായപ്പെട്ടു.
അതേസമയം, ഏറ്റവും അവസാനം ഐ.സി.എം.ആർ പുറത്തിറക്കിയ സിറോ പ്രിവലൻസ് സർവേ പ്രകാരം കേരളത്തിലെ 44.4 ശതമാനം ആളുകൾക്കു മാത്രമാണ് രോഗം വന്നു പോയിരിക്കുന്നത്. എന്നാൽ രോഗത്തെ മികച്ച രീതിയിൽ പ്രതിരോധിച്ചതു കൊണ്ട് രോഗം ഇതുവരെ ബാധിക്കാത്ത, രോഗസാധ്യത കൂടുതലുള്ള ആളുകൾ കേരളത്തിൽ 50 ശതമാനത്തിനും മുകളിലാണ് എന്നതാണ് ഇതിന്റെ മറ്റൊരു വശം. ദേശീയ തലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയിരിക്കുന്നത്. അതായത് രാജ്യത്താകെ എടുത്താൽ രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ളവർ ഏകദേശം 30 ശതമാനം മാത്രമേയുള്ളൂ. മധ്യപ്രദേശിൽ 79 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജസ്ഥാനിൽ അത് 76.2ഉം, ബീഹാറിൽ 75.9ഉം, ഗുജറാത്തിൽ 75.3ഉം ഉത്തർ പ്രദേശിൽ 71ഉം ശതമാനമാണത്. നമ്മുടെ തൊട്ടടുത്ത സംസ്ഥാനങ്ങളായ കർണാടകയിൽ 69.8 ശതമാനം പേർക്കും തമിഴ്‌നാട്ടിൽ 69.2 ശതമാനം പേർക്കും രോഗം വന്നു പോയിരിക്കുന്നു. പഞ്ചാബിൽ അത് 66.5 ശതമാനമാണ്.
ഇത്തരത്തിൽ സിറോ പോസിറ്റിവിറ്റി കണക്കാക്കുമ്പോൾ രോഗം വന്നു പോയതിനു പുറമേ വാക്‌സിൻ വഴി ആന്റിബോഡികൾ ആർജ്ജിച്ച ആളുകൾ കൂടി കണക്കിൽ പെടുന്നുണ്ട്. അങ്ങനെ നോക്കുമ്പോൾ ആണ് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ തിളക്കം കിട്ടുന്നതെന്ന് സംസ്ഥാന സർക്കാർ അവകാശപ്പെടുന്നു.
സംസ്ഥാനത്തെ 2 കോടിയിലധികം ജനങ്ങൾക്ക് (2,77,99,126) ആദ്യ ഡോസ് വാക്‌സിൻ നൽകാനായി. കോവിഡിനെതിരായി വലിയ പോരാട്ടം നടത്തുമ്പോൾ പരമാവധി പേർക്ക് ഒരു ഡോസെങ്കിലും വാക്‌സിൻ നൽകി സുരക്ഷിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സെപ്റ്റംബർ മാസത്തിൽ തന്നെ 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് നൽകാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
സിറോ പോസിറ്റിവിറ്റിയിൽ വാക്‌സിൻ വഴി ആർജ്ജിച്ച പ്രതിരോധ ശേഷിയുടെ ശതമാനം ഏറ്റവും കൂടുതൽ ഉണ്ടാവുക കേരളത്തിലാണ്. അങ്ങനെ നോക്കുമ്പോൾ ഇവിടെ രോഗബാധയുണ്ടായവരുടെ ശതമാനം വീണ്ടും കുറയുകയാണ്. ഏറ്റവും കുറവ് ശതമാനം പേരെ വൈറസിനെ വിട്ടുകൊടുത്ത സംസ്ഥാനമാണ് കേരളമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
മറുനാടന് മലയാളി ബ്യൂറോ