ന്യൂഡൽഹി: കൊറോണ പലരൂപത്തിലും ഭാവത്തിലും വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. ലോകമെമ്പാടുമുള്ള മനുഷ്യരുടെ സ്വൈര്യം കെടുത്തുന്ന ഈ കുഞ്ഞൻ വൈറസിന്റെ (സാർസ് കോവ്-2 വൈറസ്) അതീവ അപകടകരമായ വകഭേദം കണ്ടെത്തി. ദക്ഷിണാഫ്രിക്ക അടക്കം എട്ടുരാജ്യങ്ങളിൽ. കൂടുതൽ വ്യാപനശേഷി ഉണ്ടെന്ന് മാത്രമല്ല. വാക്‌സിനുകളുടെ സംരക്ഷണത്തെ ഇവ മറികടക്കുമെന്നും പഠനത്തിൽ പറയുന്നു.
സി.1.2 എന്നാണ് ഗവേഷകർ നൽകിയിരിക്കുന്ന പേര്.

അതിവേഗം പടരാൻ ശേഷിയുള്ള ഈ വൈറസിനെ മെയ്‌ മാസത്തിൽ ദക്ഷിണാഫ്രിക്കയിലാണ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് ചൈന, കോംഗോ, മൗറീഷ്യസ്, ഇംഗ്ലണ്ട്, ന്യുസിലാൻഡ്, പോർച്ചുഗൽ, സ്വിറ്റസർലണ്ട്് എന്നീ ഏഴു രാജ്യങ്ങളിൽ കൂടി കണ്ടെത്തി. ഇതുവരെ തിരിച്ചറിഞ്ഞവയിൽ ഏറ്റവുമധികം ജനിതക വ്യതിയാനം വന്ന വകഭേദം ആണിത്.

2019 ൽ വുഹാനിൽ കണ്ടെത്തിയ ആദ്യ വൈറസിൽനിന്ന് ഏറെ വ്യത്യസ്തമാണെന്നും ഗവേഷകർ പറയുന്നു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കമ്യൂണിക്കബിൾ ഡിസീസിലെയുംക്വാസുലു-നേറ്റൽ റിസേർച്ച് ഇന്നൊവേഷൻ ആൻഡ് സീക്വെൻസിങ് പ്ലാറ്റ്ഫോമിലെയും ഗവേഷകരാണ് പഠനം നടത്തിയത്.

.സി-1 നെ അപേക്ഷിച്ച് വളരെയധികം ജനിതക വ്യതിയാനം സംഭവിച്ചുകഴിഞ്ഞു സി.1.2 വിന്. ദക്ഷിണാഫ്രിക്കയിലെ ആദ്യതരംഗത്തിൽ ആധിപത്യം പുലർത്തിയത് സി-1 സ്‌ട്രെയിനായിരുന്നു. വരും ആഴ്ചകളിൽ ഈ വൈറസിന് കൂടുതൽ മാറ്റങ്ങൾ ഉണ്ടാകാം. അങ്ങനെ വന്നാൽ വാക്‌സീൻകൊണ്ട് ഒരാൾ ആർജിക്കുന്ന പ്രതിരോധശേഷിയെ പൂർണ്ണമായി മറികടക്കാൻ കഴിയുന്ന ശക്തി ഈ വൈറസ് കൈവരിച്ചേക്കും. അതിനാൽ ഈ വകഭേദത്തെപ്പറ്റി കൂടുതൽ ഗവേഷണങ്ങൾ ആവശ്യമെന്നും ശാസ്ത്രജ്ഞർ പറയുന്നു. ഇതുവരെ ഇന്ത്യയിൽ സി.1.2 റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണാഫ്രിക്കയിൽ ഓരോ മാസവും സി-1.2 ജെനോമുകളുടെ സ്ഥിരമായ വർദ്ധന രേഖപ്പെടുത്തുന്നുണ്ട്. ബീറ്റ, ഡെൽറ്റ വകഭേദങ്ങളുടെ വർദ്ധനയ്ക്ക് സമാനമാണ് ഇത്. പഠനപ്രകാരം, സി.1.2 വിന് വർഷന്തോറും 41.8 ജനിതക വ്യതിയാനങ്ങളാണ് രേഖപ്പെടുത്തിയത്. മറ്റുവകഭേദങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ വേഗത്തിലുള്ള വ്യതിയാനം.

സ്‌പൈക് പ്രോട്ടീനിൽ വളരെയധികം വ്യതിയാനങ്ങൾ വരുന്നതുകൊണ്ട് ഇത് വ്യാപിച്ചാൽ ലോകമെമ്പാടും ഉള്ള വാക്‌സിനേഷന് കടുത്ത വെല്ലുവിളിയായി തീരും എന്നാണ് കൊൽക്കത്തയിലെ വൈറോളജിസ്റ്റ് ഉപാസന റേ മുന്നറിയിപ്പ് നൽകുന്നത്. അതുകൊണ്ട് തന്നെ വ്യാപനം തടയുക മാത്രമാണ് രക്ഷാമാർഗ്ഗം.