തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാർജ് പോളിസി പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗ തീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്.

നേരിയ രോഗലക്ഷണമുള്ളവർക്ക് ഡിസ്ചാർജ് ചെയ്യുന്നതിന് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നെഗറ്റീവ് ആകണമെന്നില്ല. രോഗ ലക്ഷണങ്ങളുള്ള രോഗികൾ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത് മുതലോ, ലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾ കോവിഡ് സ്ഥിരീകരിച്ചത് മുതലോ വീട്ടിൽ 7 ദിവസം നിരീക്ഷണത്തിൽ കഴിയുക. അതോടൊപ്പം മൂന്ന് ദിവസം തുടർച്ചയായി പനി ഇല്ലാതിരിക്കുകയും ചെയ്താൽ ഗൃഹ നിരീക്ഷണം അവസാനിപ്പിക്കാം.

വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്ന സമയത്ത് അപായസൂചനകൾ ഉണ്ടോ എന്ന് നിരീക്ഷിക്കണം. ദിവസവും 6 മിനിറ്റ് നടത്ത പരിശോധന (Walk test) നടത്തണം. അപായ സൂചനകൾ കാണുകയോ അല്ലെങ്കിൽവിശ്രമിക്കുമ്പോൾ ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ കുറവോ അല്ലെങ്കിൽ 6 മിനിറ്റ് നടന്നതിന് ശേഷം ഓക്സിജന്റെ അളവ് ബേസ് ലൈനിൽ നിന്ന് 3 ശതമാനത്തിൽ കുറവോ ആണെങ്കിൽ ടോൾ ഫ്രീ നമ്പറായ ദിശ 104, 1056ലോ, ഡിസ്ചാർജ് ചെയ്ത ആശുപത്രിയിലോ അറിയിക്കുക.

മിതമായ രോഗമുള്ളവരെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യാവുന്നതാണ്. ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസം കുറയുക, ഓക്സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം, അമിതക്ഷീണമില്ലാത്ത അവസ്ഥ തുടങ്ങിയ അവസ്ഥയിൽ വീട്ടിൽ റൂം ഐസൊലേഷനായോ, സി.എഫ്.എൽ.റ്റി.സി.യിലേക്കോ, സി.എസ്.എൽ.റ്റി.സി.യിലേക്കോ ഡിസ്ചാർജ്ജ് ചെയ്യാവുന്നതാണ്.

ഗുരുതര രോഗം, എച്ച്.ഐ.വി പോസിറ്റീവ്, അവയവം സ്വീകരിച്ചവർ, കാൻസർ രോഗികൾ, ഇമ്മ്യൂണോ സപ്രസന്റ്സ് ഉപയോഗിക്കുന്നവർ, ഗുരുതര വൃക്ക, കരൾ രോഗങ്ങളുള്ളവർ തുടങ്ങിയവരെ രോഗലക്ഷണങ്ങൾ തുടങ്ങിയതിനു ശേഷം പതിനാലാം ദിവസം റാപ്പിഡ് ആന്റിജൻ പരിശോധന നടത്തണം. ഫലം നെഗറ്റീവ് ആയാൽ ശരീരതാപം കുറയ്ക്കുന്ന മരുന്നുകൾ ഉപയോഗിക്കാതെ 72 മണിക്കൂറിനുള്ളിൽ പനി ഇല്ലാതിരിക്കുക, ശ്വാസതടസ്സം കുറയുക, ഓക്സിജൻ ആവശ്യമില്ലാത്ത അവസ്ഥ, സുഗമമായ രക്തചംക്രമണം എന്നിങ്ങനെ ആരോഗ്യനില തൃപ്തികരമാണെങ്കിൽ ഡിസ്ചാർജ് ചെയ്യുന്നതാണ്.

ആരോഗ്യ സ്ഥിതി മോശമാണെങ്കിൽ ആശുപത്രിയിലെ ഭൗതിക സൗകര്യങ്ങൾ അനുസരിച്ച് കോവിഡ് ഐസിയുവിലോ നോൺകോവിഡ് ഐസി യുവിലോ പ്രവേശിപ്പിക്കുക. റാപ്പിഡ് ആന്റിജൻ പരിശോധനാഫലം പോസിറ്റീവ് ആണെങ്കിൽ നെഗറ്റീവ് ആകുന്നതു വരെ ഓരോ 48 മണിക്കൂറിലും പരിശോധന നടത്തുകയും നെഗറ്റീവ് ആകുമ്പോൾ ഡിസ്ചാർജ് ആക്കുകയും ചെയ്യും.

നേരിയ രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന പക്ഷം 48 മണിക്കൂറുകൾക്കുള്ളിൽ പനി ഇല്ലാതിരിക്കുകയും, ആരോഗ്യനില തൃപ്തികരമാകുകയും ചെയ്യുകയാണെങ്കിൽ അപായ സൂചനകൾ നിരീക്ഷിക്കുന്നതിനുള്ളനിർദ്ദേശത്തോടുകൂടി വീട്ടിൽ നിരീക്ഷണം നടത്തുന്നതിനായി ഡിസ്ചാർജ് ചെയ്യാവുന്നതാണ്.

ഗുരുതര രോഗികൾക്ക് 14 ദിവസത്തിനു മുൻപായി ആരോഗ്യസ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ രോഗിയെ സി.എസ്.എൽ.റ്റി.സിയിൽ പ്രവേശിപ്പിക്കാവുന്നതും പതിനാലാംദിവസം അവിടെ നിന്ന് ആന്റിജൻ പരിശോധന നടത്താവുന്നതാണ്. എല്ലാ വിഭാഗത്തിലുമുള്ള ആളുകൾ ഡിസ്ചാർജ് ചെയ്തതിനു ശേഷം അടുത്ത 7 ദിവസത്തേക്കു കൂടി എൻ 95 മാസ്‌ക് ധരിക്കുകയും കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതുമാണ്. 20 ദിവസങ്ങൾക്കു ശേഷവും ആന്റിജൻ പരിശോധന പോസിറ്റീവ് ആയി തുടരുന്ന രോഗികളുടെ സാമ്പിൾ ജനിതക ശ്രേണീകരണത്തിനായി നൽകേണ്ടതാണ്.