തിരുവനന്തപുരം: സംസ്ഥാനത്തുകൊറോണ വൈറസ് ബാധിച്ചിട്ട് ജനുവരി 30ന് രണ്ട് വർഷമാകുമ്പോൾ പുതിയ പ്രതീക്ഷയുമായി ജനപിന്തുണയോടെ പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുകയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇപ്പോൾ നമ്മൾ മൂന്നാം തരംഗത്തിലാണ്. കോവിഡിന്റെ ജനിതക വകഭേദമായ ഓമിക്രോൺ കാരണം സംസ്ഥാനം അതീവ ജാഗ്രതയിലാണ്. കേരളം ഒറ്റക്കെട്ടായി ഈയൊരു തരംഗത്തേയും അതിജീവിക്കും. അതിനായി നമ്മുടെ ജാഗ്രതയും കരുതലും തുടരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മുൻ ആഴ്ചകളെ അപേക്ഷിച്ച് കോവിഡ് വ്യാപന തോത് കുറഞ്ഞ് വരുന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് മൂന്നാം തരംഗം തുടങ്ങുന്നത് ജനുവരി മാസമാണ്. ജനുവരി ഒന്നാം ആഴ്ച 45 ശതമാനം വർധനവും, രണ്ടാം ആഴ്ച 148 ശതമാനം വർധനവും, മൂന്നാം ആഴ്ച 215 ശതമാനം വർധനവുമാണുണ്ടായത്. എന്നാൽ ഇന്നലെവരെയുള്ള ആഴ്ച 71 ശതമാനം കേസുകൾ കുറഞ്ഞിട്ടുണ്ട്. ഇന്നത് കണക്കാക്കുമ്പോൾ വീണ്ടും കുറഞ്ഞ് 57 ശതമാനമായിട്ടുണ്ട്. ഇങ്ങനെയൊരു കുറവ് തുടർന്നാൽ നമ്മുക്ക് ഏറെ പ്രതീക്ഷയുണ്ട്.

ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും അവലംബിച്ച സ്ട്രാറ്റജിയല്ല മൂന്നാം തരംഗത്തിൽ അവലംബിക്കുന്നത്. ഒന്നാം തരംഗത്തിൽ കോവിഡ് വാക്സിനേഷൻ ഇല്ലായിരുന്നു. രണ്ടാം തരംഗത്തിൽ വാക്സിനേഷൻ വളരെ കുറവായിരുന്നു. എന്നാൽ പരമാവധി പേർക്ക് വാക്സിൻ നൽകാൻ പ്രത്യേക യഞ്ജം സംഘടിപ്പിച്ചു. ഇപ്പോൾ സംസ്ഥാനത്ത് പ്രായപൂർത്തിയായവരുടെ ആദ്യഡോസ് വാക്സിനേഷൻ 100 ശതമാനമാണ്. രണ്ടാം ഡോസ് വാക്സിനേഷൻ 84 ശതമാനമാണ്. കുട്ടികളുടെ വാക്സിനേഷൻ 70 ശതമാനമാണ്. കരുതൽ ഡോസ് വാക്സിനേഷനും നല്ല രീതിയിൽ പുരോഗമിക്കുന്നു. ഈ സാഹചര്യത്തിൽ ബഹുഭൂരിപക്ഷവും രോഗപ്രതിരോധ ശേഷി കൈവരിച്ചിട്ടുണ്ട്. അതിനാൽ തന്നെ അടച്ച് പൂട്ടലിന് പ്രസക്തിയില്ല.

കോവിഡ് മൂന്നാം തരംഗം നേരിടാൻ സംസ്ഥാനം സുസജ്ജമാണ്. മൂന്നാം തരംഗം മുന്നിൽ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കം നടത്തിയിരുന്നു. ആശുപത്രികളെ സജ്ജമാക്കുകയും ഓക്സിജന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തു. സംസ്ഥാനത്ത് ഓക്സിജൻ കരുതൽ ശേഖരമുണ്ട്. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങൾ വിളിച്ച് കൂട്ടി കോവിഡ് പ്രതിരോധം ശക്തമാക്കി.

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ ഭാരം കുറയ്ക്കാനായി ദ്വിതീയ തലത്തിലെ പെരിഫെറൽ ആശുപത്രികളിലുള്ള ഐ.സി.യു. ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തി വരുന്നു. ആശുപത്രികളിൽ കിടക്കകളും, ഓക്സിജൻ കിടക്കകളും, ഐ.സി.യു.കളും, വെന്റിലേറ്റർ സൗകര്യങ്ങളും പരമാവധി ഉയർത്തി. ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ ശക്തിപ്പെടുത്തി. ആശുപത്രികൾക്കാവശ്യമായ മരുന്നുകളുടേയും മറ്റ് സുരക്ഷാ ഉപകരണങ്ങളുടേയും കരുതൽ ശേഖരം ഉറപ്പ് വരുത്തിയിട്ടുണ്ട്. പീഡിയാട്രിക് സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.

ഓമിക്രോൺ മൂന്നാം തരംഗ തീവ്രതയിൽ 3 ശതമാനം പേർക്ക് മാത്രമാണ് ആശുപത്രി വാസം വേണ്ടി വരുന്നത്. സംസ്ഥാനത്തും ഈ കണക്ക് ഏതാണ്ട് അങ്ങനെയാണ്. അതിനാൽ ആശുപത്രികളിലും ഐസിയുകളിലും രോഗികളുടെ വലിയ വർധനവില്ല. ഇപ്പോൾ ഗൃഹപരിചരണമാണ് പ്രധാനം. ഗൃഹ പരിചരണത്തിൽ അപായ സൂചനകൾ എല്ലാവരും തിരിച്ചറിഞ്ഞ് കൃത്യ സമയത്ത് ചികിത്സ തേടണം. എത്രയും വേഗം തന്നെ കോവിഡിനെ അതിജീവിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.