- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡ് വാക്സിനേഷൻ രണ്ടാം ഘട്ടം തിങ്കളാഴ്ച മുതൽ; സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസ് വാക്‌സിന് 250 രൂപ ഈടാക്കാൻ ധാരണ; ഔദ്യോഗിക പ്രഖ്യാപനം ഉടൻ; സംസ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കി; മറിച്ചുള്ള പ്രചാരണം ശരിയല്ലെന്ന് ആരോഗ്യവകുപ്പ്
ന്യൂഡൽഹി: തിങ്കളാഴ്ച മുതൽ രണ്ടാം ഘട്ട കോവിഡ് വാക്സിൻ കുത്തിവെപ്പ് ആരംഭിക്കും. സ്വകാര്യ ആശുപത്രികളിൽ കോവിഡ് വാക്‌സിന്റെ നിരക്ക് സംബന്ധിച്ച് ധാരണയായതായി റിപ്പോർട്ട്. ഒരു ഡോസ് വാക്‌സിന് 250 രൂപയാണ് സ്വകാര്യ ആശുപത്രികളിൽ ഈടാക്കുക എന്നാണ് വിവരം. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടത്തും. വാക്‌സിൻ നിർമ്മാതാക്കളുമായും സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തിയ ശേഷമാണ് നിരക്കിൽ ധാരണയായത്.
150 രൂപ വാക്‌സിനും 100 രൂപ സർവീസ് ചാർജും ഉൾപ്പെടെയാണിത്. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000 സ്വകാര്യ കേന്ദ്രങ്ങളിലുമാണു രണ്ടാംഘട്ട വാക്‌സിനേഷൻ നടക്കുക. മാർച്ച് ഒന്നിനാണു രണ്ടാംഘട്ടം ആരംഭിക്കുന്നത്.വാക്‌സിന് സ്വകാര്യ ആശുപത്രികളിൽ 250 രൂപയാണ് ഈടാക്കുകയെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേലും പറഞ്ഞു. രാജ്യത്തെല്ലായിടത്തും ഇതേ നിരക്ക് തന്നെയാകും ഈടാക്കുക.
60 വയസ് കഴിഞ്ഞവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45ന് മുകളിൽ പ്രായമുള്ളവർക്കുമാണ് രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക.കേരളത്തിൽ വാക്‌സിൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നിലവിൽ സർക്കാർ ആശുപത്രികളിലൂടെയുള്ള വാക്സിൻ സൗജ്യമായാണ് രാജ്യത്തുടനീളം ലഭ്യമാക്കുന്നത്. 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസുഖങ്ങളുള്ള 45-ന് മുകളിൽ പ്രായമുള്ളവർക്കുമാണ് തിങ്കളാഴ്ച തുടങ്ങുന്ന രണ്ടാംഘട്ടത്തിൽ വാക്സിൻ നൽകുക. 45 വയസ്സുള്ളവർ രോഗം സംബന്ധിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കണം.
സംസ്ഥാനത്ത് രണ്ടാംഘട്ട വാക്സിനേഷനിൽ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കി
രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ പരിപാടിയിൽ സ്വകാര്യ ആശുപത്രികളെ സംസ്ഥാന ആരോഗ്യ വകുപ്പ് ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെ രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ പരിപാടിയുടെ ഭാഗമാക്കിയിട്ടില്ല എന്ന രീതിയിൽ നടക്കുന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മുന്നൂറോളം സ്വകാര്യ ആശുപത്രികളിൽ ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളുടെ വിവരങ്ങൾ http://sha.kerala.gov.in/list-of-empanelled-hospitals/. എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
രണ്ടാം ഘട്ടത്തിൽ വാക്സിൻ നൽകുന്നത് 60 വയസിന് മുകളിൽ പ്രായമുള്ളവർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കുമാണ്. സമയബന്ധിതമായും സുരക്ഷിതമായും വാക്സിനേഷൻ പരിപാടി നടത്തുവാൻ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം അത്യാവശ്യമാണ്. സ്വകാര്യ ആശുപത്രികളിലെ ഇമ്മ്യൂണൈസേഷൻ പരിപാടിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ തലത്തിൽ, ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മീറ്റിംഗുകൾ നടത്തിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ വാക്സിനേഷനുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. കേന്ദ്രത്തിന്റെ മാർഗനിർദ്ദേശങ്ങളനുസരിച്ച് വാക്സിനേഷൻ തുടർനടപടികൾ സ്വീകരികരിക്കുന്നതാണ്.
മറുനാടന് മലയാളി ബ്യൂറോ