ന്യൂഡൽഹി: ബ്രിട്ടൻ അടക്കമുള്ള വിദേശ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് വാക്സിൻ എത്തുന്നു. വാക്സിന്റെ ആദ്യ ബാച്ച് തിങ്കളാഴ്ച ഡൽഹിയിൽ എത്തും. ഉപയോഗത്തിനുള്ള അനുമതി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന. ആശുപത്രികളിൽ വാക്സിൻ സൂക്ഷിക്കുന്നതിനായി ഉള്ള സംവിധാനങ്ങൾ ഒരുക്കുന്നത് അവസാന ഘട്ടത്തിലാണ്. ആരോഗ്യപ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനായുള്ള പരിശീനം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. 3500 ആരോഗ്യപ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. വാക്‌സിൻ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങൾ ഡൽഹി സർക്കാർ നീക്കിവെച്ചിട്ടുണ്ട്. തിങ്കളാഴ്ച ആരോഗ്യപ്രവർത്തകർക്കായി ഒരു മുഴുവൻ ദിവസ പരിശീലനവും നൽകുന്നുണ്ട്.

രാജീവ് ഗാന്ധി സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിലാണ് ഏറ്റവും കൂടുതൽ വാക്‌സിൻ സൂക്ഷിക്കാനുള്ള സൗകര്യമുള്ളത്. ലോക്‌നായക്, കസ്തൂർബ,ജിടിബി ആശുപത്രികൾ, ബാബാസാഹേബ് അംബേദ്കർ ആശുപത്രി, മൊഹല്ല ക്ലിനിക്ക് എന്നിവിടങ്ങളിലും വാക്‌സിൻ സംഭരണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ഡൽഹി വിമാനത്താവളത്തിലെ രണ്ട് കാർഗോ ടെർമിനലുകൾ വാക്‌സിൻ സൂക്ഷിക്കാൻ സജ്ജമാക്കി. ഡൽഹി വിമാനത്താവളത്തിൽ 27 ലക്ഷം വാക്‌സിനുകൾ സൂക്ഷിക്കാനുള്ള സൗകര്യമുണ്ടെന്ന് ഡൽഹി വിമാനത്താവള സിഇഒ വൈദേഹ് ജയ്പുരിയാർ പറഞ്ഞു.

മൗലാനാ ആസാദ് മെഡിക്കൽ കോളേജ് മൂന്ന് ഡോക്ടർമാരെ വാക്‌സിനേറ്റിങ്ങ് ഓഫീസർമാരായി തിരഞ്ഞെടുത്തിട്ടുണ്ട്. കൂടുതൽ വാക്‌സിനേറ്റിങ് ഓഫീസർമാർക്ക് ഈ മൂന്ന് ഡോക്ടർമർ പരിശീലനം നൽകും. പിന്നീടവർ ജില്ലാ തലത്തിലെ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകും.കൊറോണ വൈറസിന്റെ പുതിയ വകഭേദം യുകെയിൽ കണ്ടത്തിയ സാഹചര്യത്തിൽ രാജ്യത്ത് മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ലാബുകൾ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതായും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വകഭേദം ബ്രിട്ടണിൽ റിപ്പോർട്ട് ചെയ്തതോടെ വിവിധ സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പ്രാബല്ല്യത്തിലാക്കി. മഹാരാഷ്ട്രയും പഞ്ചാബും നഗരങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. യുകെയിൽ നിന്ന് ഇന്ത്യയിൽ എത്തിയ പലർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽ എത്തിയ യാത്രക്കാർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടണിൽ കണ്ടെത്തിയ പുതിയ വകഭേദമാണോയെന്ന് അറിയാൻ വിമാനയാത്രക്കാരിൽ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.

വകഭേദം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല

ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ കുറിച്ച് ജാഗ്രതയോടെ പഠിച്ചു വരികയാണെന്നു കേന്ദ്രസർക്കാർ. കൊറോണ വൈറസിന്റെ പുതിയ വകഭേദം ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു.

എന്നാൽ പുതിയ വകഭേദം ഇന്ത്യയിൽ കണ്ടെത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും നിലവിൽ ഇന്ത്യയിൽ പുതിയ വൈറസിന്റെ സാന്നിധ്യമില്ലെന്നു ഉറപ്പിച്ചു പറയാനാകില്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. വൈറസുകളിലെ ജനിതകമാറ്റം സാധാരണമാണ്. പുതിയ വകഭേദം ആശങ്കയുയർത്തുന്നത് അതിന്റെ സാംക്രമികശേഷി കൊണ്ടു മാത്രമാണെന്നും അതിനാൽ തന്നെ മാരകമല്ലെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.