വാഷിങ്ങ്ടൺ: രാജ്യത്ത് കോവിഡ് കേസുകൾ കുറയുമ്പോഴും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ക്രമാതീതമായി ഉയരുകയാണ്.കോവിഡ് മുക്ത ലോകം എന്നൊരാശ്വാസത്തിന് സമയമായിട്ടില്ലെന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നതും.ഈ സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി.കോവിഡ് മുക്തലോകത്തിനായി ഇനിയും കാത്തിരിക്കണമെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ഡെൽറ്റ, ഓമിക്രോൺ തുടങ്ങിയ വകഭേദങ്ങളേക്കാൾ മാരകമായ പുതിയൊരു കോവിഡ് വകഭേദം രണ്ട് വർഷത്തിനുള്ളിൽ ലോകത്ത് ആവിർഭാവം ചെയ്യുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി മുന്നറിയിപ്പ് നൽകി. ഇപ്പോഴും വ്യതിയാനം സംഭവിച്ചു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് നമ്മുടെ ചുറ്റുപാടുകളുടെ ഭാഗമാകുമെന്നും ക്രിസ് വിറ്റി പറഞ്ഞു. ചൈനയിലും ചില യൂറോപ്യൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതിനിടെയാണ് ക്രിസ് വിറ്റിയുടെ ഈ മുന്നറിയിപ്പ്.

കോവിഡ് ഇപ്പോഴും ഒരു മഹാമാരിയുടെ നില വിട്ട് പകർച്ചവ്യാധി മാത്രമായി മാറിയിട്ടില്ലെന്നും ക്രിസ് വിറ്റി അഭിപ്രായപ്പെട്ടു. പല രാജ്യങ്ങളും നിയന്ത്രണങ്ങളെല്ലാം നീക്കുന്നുണ്ടെങ്കിലും കൊറോണ വൈറസ് ഭീഷണിയല്ലാതെ ആകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോവിഡ് മുക്ത ലോകത്തിനായി നാം ഇനിയും ഏറേക്കാലം കാത്തിരിക്കേണ്ടി വരുമെന്ന് ക്രിസ് വിറ്റിയുടെ വാക്കുകൾ സൂചിപ്പിക്കുന്നു.

തീവ്രമായ തോതിൽ ഒരു വൈറസിനെ പടരാൻ അനുവദിക്കുമ്പോൾ അതിന് വ്യതിയാനം സംഭവിക്കുകയും കൂടുതൽ പുതിയ വകഭേദങ്ങൾ ഉണ്ടാവുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പ്രതിനിധികളും അഭിപ്രായപ്പെടുന്നു. ഒമിക്രോണിന്റെ ബിഎ.2 വകഭേദമാണ് ഇപ്പോൾ ലോകമെങ്ങും കോവിഡ് കേസുകൾക്ക് പ്രധാനമായും കാരണമാകുന്നത്. ഇതിനൊപ്പം ഡെൽറ്റയും ഡെൽറ്റയും ഒമിക്രോണും ചേർന്ന ഡെൽറ്റക്രോണും ഭീഷണി ഉയർത്തുന്നുണ്ട്.

എങ്കിലും രോഗതീവ്രതയിലോ മരണനിരക്കിലോ വർധനയുണ്ടാകുന്നില്ല എന്നത് ആരോഗ്യ സംവിധാനങ്ങൾക്ക് തെല്ലൊരു ആശ്വാസം നൽകുന്നുണ്ട്.എന്നാൽ കോവിഡ് കേസുകളിലെ വൻ കുതിച്ചുചാട്ടത്തിനാണ് ഇംഗ്ലണ്ട് സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ആഴ്ച മാത്രം രാജ്യത്ത് 3.5 ദശലക്ഷം ആളുകളാണ് കോവിഡ് ബാധിതരായത്.സമീപകാലത്തെ തന്നെ ഉയർന്ന രണ്ടാമത്തെ രോഗബാധ കണക്കാണിതെന്ന് ഔദ്യോഗിക വിവരങ്ങൾ സൂചിപ്പിക്കുന്നു.

മാർച്ച് 19 മുതൽ കുറഞ്ഞത് 3.48 ദശലക്ഷം ആളുകൾ എങ്കിലും വൈറസ് വാഹകരായി കഴിഞ്ഞെന്നാണ് ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്ക്. മുൻ ആഴ്ചയെ അപേക്ഷിച്ച് 31 ശതമാനത്തിന്റെ വർധനവാണിത്. ഇതോടെ കർശനമായ നിയന്ത്രണങ്ങൾക്ക് സർക്കാർ തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

കേവലം ഒരാഴ്ചയ്ക്കുള്ളിലാണ് കോവിഡ് കേസുകൾ ഒരു ദശലക്ഷത്തോളമായി ഉയർന്നതെന്നതും ആശങ്കക്ക് ഇടയാക്കുന്നു. 2022 ജനുവരി ആദ്യവാരത്തിൽ മാത്രം ഇംഗ്ലണ്ടിൽ 3.74 ദശലക്ഷം ആളുകൾ കോവിഡ് ബാധിതരായിരുന്നു.അതേസമയം സ്‌കോട്ട്ലൻഡിലും രോഗബാധ ശക്തമായി തുടരുകയാണ് രാജ്യത്ത് 11 പേരിൽ ഒരാൾക്ക് എന്ന നിലയിലാണ് കോവിഡ്. ഇവിടെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വർധനയുണ്ട്.

ഏപ്രിൽ 1 മുതൽ സൗജന്യ കോവിഡ് പരിശോധന കൂടി പിൻവലിക്കുന്നതോടെ രോഗ വ്യാപന തോത് വിലയിരുത്താനും സാധിക്കാതെ വരുന്നുണ്ടെന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു. വീട്ടിലുള്ള റാപ്പിഡ് ടെസ്റ്റുകളെയാണ് ഇപ്പോൾ കൂടുതൽ പേരും ആശ്രയിക്കുന്നത്.