ഫരിദാബാദ്: കോടതി പറഞ്ഞാലും നരേന്ദ്ര മോദി ആഹ്വാനം ചെയ്താലും തീരുന്നതല്ല ഗോരക്ഷകരുടെ വിളയാട്ടമെന്ന് വ്യക്തമാക്കി ഫരീദാബാദിൽ വീണ്ടും അക്രമം. പശുവിറച്ചി കൊണ്ടു പോകുകയാണെന്നാരോപിച്ച് ഓട്ടോ ഡ്രൈവറെയും നാല് സുഹൃത്തുക്കളെയും ഗോരക്ഷാ പ്രവർത്തകർ തല്ലിച്ചതച്ചു.

ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ഡ്രൈവർ ആസാദിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. മർദനത്തിന്റെ വിഡിയോ ദൃശ്യം വൈറലായതിനെത്തുടർന്ന് അക്രമികൾക്കെതിരെ പൊലീസ് കേസെടുത്തു.

പശു സംരക്ഷണത്തിന്റെ പേരിലുള്ള എല്ലാ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാൻ നടപടിയെടുക്കണമെന്ന സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത്തരം അക്രമങ്ങൾ നടത്തരുതെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു. എന്നാൽ തീവ്രഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ബിജെപി-ആർഎസ്എസ് നേതാക്കളിൽ മിക്കവരും ഇക്കാര്യത്തിൽ മൗനം പാലിച്ചതോടെ വീണ്ടും അക്രമങ്ങൾ അരങ്ങേറുകയാണ് ഗോമാതാവിന്റെ പേരിൽ. ഉത്തർപ്രദേശിൽ ഉൾപ്പെടെ കന്നുകാലികളുടെ ഇറച്ചി നിരോധനം ശക്തമായി തുടരുകയും ചെയ്യുന്നതിന് പിന്നാലെയാണ് പലയിടത്തും പശുവിറച്ചിയുടെ പേരിൽ ജനങ്ങൾക്ക് നേരെ അക്രമവും നടക്കുന്നത്.

അതേസമയം, മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർക്കെതിരെയും പശുക്കളെ കശാപ്പു ചെയ്യുന്നത് തടയാനുള്ള നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പിടിച്ചെടുത്തത് പശുവിറച്ചിയാണോ എന്ന് പരിശോധിക്കും മുമ്പാണ് കേസെന്നതിനാൽ തന്നെ ഇത് രാഷ്ട്രീയ പ്രേരിതമാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. ഇറച്ചി പരിശോധിക്കാൻ ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്. പ്രാഥമിക പരിശോധനയിൽ പശുവിറച്ചി അല്ലെന്നു തെളിഞ്ഞിട്ടുണ്ടെങ്കിലും പൊലീസ് ഇത്തരമൊരു നടപടി സ്വീകരിച്ചത് മനപ്പൂർവമാണെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു. എന്നാൽ പശുവിറച്ചിയല്ലെന്ന് പലതവണ പറഞ്ഞിട്ടും കേൾക്കാതെ തന്നെ ആക്രമിക്കുകയായിരുന്നു എന്ന് ആസാദ് പറയുന്നു.

'ജയ് ഗോമാതാ' എന്നു പറയാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് തനിക്കു നേരെ കൂടുതൽ ആക്രമണം അഴിച്ചുവിട്ടതെന്നും യുവാവ് പറഞ്ഞതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗോസംരക്ഷണത്തിന്റെ പേരിൽ നിയമം കയ്യിലെടുക്കാൻ ആരെയും അനുവദിക്കരുതെന്നാണ് കഴിഞ്ഞമാസം കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നത്.

ഇറച്ചിയുമായി ഓൾഡ് ഫരീദാബാദിലേക്ക് നാല് സുഹൃത്തുക്കൾക്കൊപ്പം മടങ്ങുമ്പോൾ ബാജ്റി ഗ്രാമത്തിനു സമീപത്തു വച്ച് ഇരുപതോളം പേർ ഓട്ടോ തടയുകയായിരുന്നു. പശുവിറച്ചി കടത്തുകയാണെന്ന് ആരോപിച്ച് അഞ്ചു പേരെയും ക്രൂരമായി മർദ്ദിച്ചു. പിന്നീട് പൊലീസിനെ വിളിച്ചു വരുത്തി ഇവരെ കൈമാറി. പൊലീസാണ് അവശരായ എല്ലാവരേയും ആശുപത്രിയിൽ എത്തിച്ചത്.

തുടർന്നാണ് ഗോവധത്തിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പ്രാഥമിക പരിശോധനയിൽ പശുവിറച്ചിയല്ലെന്നു തെളിഞ്ഞു. തുടർന്നാണ് ആസാദിന്റെ പരാതിയിൽ നടപടി കർശനമാക്കിയത്. വിഡിയോയിൽ ഉൾപ്പെട്ട എല്ലാ അക്രമികളെയും പിടകൂടുമെന്നും പൊലീസ് അറിയിച്ചു. പശുവിനെ കശാപ്പ് ചെയ്യുന്നത് ഹരിയാനയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്.