പത്തനംതിട്ട: വിമാനത്താവളത്തിന് വേണ്ടി നികത്തിയ ആറന്മുള പുഞ്ചയിൽ കൃഷിയിറക്കുമെന്ന് മന്ത്രി വി എസ്. സുനിൽകുമാർ പ്രഖ്യാപിച്ചതിനു പിന്നാലെ പത്തനംതിട്ട നഗരത്തിന് ചുറ്റുമുള്ള വയൽ നികത്താൻ സിപിഐയുടെ പ്രാദേശിക നേതൃത്വം ക്വട്ടേഷൻ എടുത്തു കഴിഞ്ഞു. സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിന്റെ നേതാവ്, ഇടതുപക്ഷത്തെ വനിതാ കൗൺസിലറുടെ ഭർത്താവ് എന്നിവരാണ് ഇതിനു പിന്നിൽ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇവിടെനിന്നു സ്ഥലം മാറ്റപ്പെട്ട റവന്യൂ വകുപ്പിലെ ഈ ഉദ്യോഗസ്ഥൻ ഇപ്പോൾ അവധിയെടുത്ത് താലൂക്കിലെ നിലംനികത്തലിന് ഇടനിലക്കാരനായി പ്രവർത്തിക്കുകയാണ്. ഇരുവർക്കുമെതിരായ പരാതി പാർട്ടി നേതൃത്വത്തിനു കിട്ടിയെങ്കിലും നടപടിയെടുക്കാൻ തയാറായിട്ടില്ല.

റിങ്ങ് റോഡിനു ചുറ്റും കാടുപിടിച്ച്, നികത്തൽ സാധ്യമല്ലാതെ കിടക്കുന്ന വയലുകൾ കുറഞ്ഞ വിലയ്ക്ക് വാങ്ങി നികത്തി, പുരയിടമെന്ന് റവന്യൂ രേഖകളിൽ മാറ്റം വരുത്തി വിൽക്കുന്നതാണ് ഇവരുടെ രീതി. ആവശ്യപ്പെടുന്നവർക്ക് നിലം നികത്തിയും കൊടുക്കും. നിലം നികത്തലിനെതിരേ സിപിഐ രംഗത്തു വന്നെങ്കിലും ഇപ്പോൾ നിശബ്ദരാണ്. സിപിഎമ്മിലെ ഒരു വിഭാഗവും ഇതിനു പങ്കു പറ്റുന്നു.

മേലേ വെട്ടിപ്രത്ത് ആർ.ടി.ഓയുടെ ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് 70 സെന്റാണ് നികത്തിയിരിക്കുന്നത്. ഇത് പുരയിടമാണെന്ന് റവന്യൂരേഖകളിൽ തിരുത്തൽ വരുത്തി നിർമ്മാണപ്രവർത്തനവും തുടങ്ങിക്കഴിഞ്ഞു. സർക്കാർ മാറിയതിന്റെ ഇടവേള മുതലാക്കി ഇവർ കൊയ്ത്ത് തന്നെ നടത്തുകയായിരുന്നു. വീടു വയ്ക്കാനായി മൂന്നുസെന്റ് നികത്താമെന്ന ഉത്തരവ് മറയാക്കി ഏക്കർ കണക്കിന് നിലമാണ് ഇവർ നികത്തുന്നത്. സ്‌റ്റേഡിയം ജങ്ഷനിൽ ഒരു ഫുട്‌ബോൾ കോർട്ടിന്റെ വലിപ്പത്തിൽ നിലം നികത്തിക്കഴിഞ്ഞു. സിപിഐ ജില്ലാ നേതൃത്വത്തിന്റെ മൗനാനുവാദവും ഇതിനു പിന്നിലുണ്ടെന്ന് പറയുന്നു.