പത്തനംതിട്ട: പത്തനംതിട്ട സി.പി.എം തിരുവല്ല ടൗൺ ലോക്കൽ സെക്രട്ടറി സി സി സജിമോൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവം പാർട്ടിക്ക് നാണക്കേടാകുമെന്ന് ഉറപ്പായതോടെ കേസൊതുക്കാൻ വേണ്ടി ജില്ലാ നേതാക്കൾ അടക്കം രംഗത്തെത്തിയെന്ന് വ്യക്തമായി. ഇവരുടെ ഇടപെടൽ കൊണ്ടാണ് പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് മടിച്ചതെന്നുമാണ് വ്യക്തമാകുന്നത്.കേസ് കോടതിയിൽ എത്തും മുമ്പ് ഇരുചെവി അറിയാതെ കേസ് ഒത്തു തീർപ്പാക്കാൻ വേണ്ടി ഇടപെട്ടത് സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ്ബാബുവായിരുന്നു. ഇതിനായി പാർട്ടി അനുഭാവി കൂടിയായ സഹോദരനെ പ്രകാശ് ബാബു ഫോണിൽ വിളിച്ചു. ഇത് സംബന്ധിച്ച ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്.

കേസ് ഒതുക്കുന്നന്നതിനായി സഹോദരനെ ഫോണിൽ വിളിച്ചു നടത്തിയ സംഭാഷണത്തിൽ സി.പി.എം നേതാവ് പറയുന്നത് ഏത് വിധേനയും സംഭവം പുറത്തറിയാതെ ഒതുക്കണമെന്നാണ്. ആദ്യം മുതലേ ഈ വിഷയത്തിൽ സ്ത്രീയുടെ വീട്ടുകാരുമായി ബന്ധപെട്ടിരുന്നത് ഇദ്ദേഹമാണു. അത് പ്രകാരം ആണു സ്ത്രീയുടെ സഹോദരൻ വിളിക്കണം എന്നാവശ്യപെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രകാശ് ബാബു ഫോണിൽ വിളിച്ചത്. ഇരുവരും തമ്മിൽ നടത്തുന്ന സംഭാഷണത്തിൽ നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കണമെന്നാണ് നിർദ്ദേശം.

തെറ്റുകാരനായ സജിമോനെ കൊണ്ട് മാപ്പും പറയിച്ച് ഇരു ചെവി അറിയാതെ സ്ത്രീയെ മറ്റ് എവിടേക്കെങ്കിലും മാറ്റണമെന്നും സംഭാഷണത്തിൽ നിർദ്ദേശിക്കുന്നു. .പാർട്ടി അനുഭാവി എന്ന നിലയിൽ പാർട്ടിക്ക് സ്ത്രീയുടെ സഹോദരൻ നൽകിയ പരാതി പ്രകാരം ആരെങ്കിലും അന്വേഷണ കമ്മീഷനുമായി എത്തിയാൽ സ്ത്രീ അവിടെ ഇല്ല എന്ന് പറഞ്ഞ് ഒഴിവാക്കണമെന്നും പറയുന്നുണ്ട്. ഒരുപക്ഷേ തെളിവെടുപ്പിനായി താൻ തന്നെ എത്തിയേക്കുമെന്ന സൂചനയും പ്രകാശ് ബാബു പറയുന്നുണ്ട്. കേസൊതുക്കാൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം ഇടപെടൽ നടത്തിയതിന്റെ തെളിവുകൾ പുറത്തുവന്നതോടെ സി.പി.എം ശരിക്കും വെട്ടിലായി. കേസൊതുക്കാൻ വേണ്ടി പ്രകാശ് ബാബു തന്നെ വിളിച്ചിരുന്നുവെന്ന് ഇരയുടെ സഹോദരൻ മറുനാടൻ മലയാളിയോട് വ്യക്തമാക്കി.

ഭർത്താവ് വിദേശത്തുള്ള യുവതി അവിഹിതഗർഭം ധരിച്ച് പ്രസവിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇതോടെ കേസ് പൊലീസ് സ്‌റ്റേഷനിലുമെത്തി. നേതാവിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഭയന്നതോടെ യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി നൽകുകയായിരുന്നു. ലോക്കൽ സെക്രട്ടറി ഒളിവിൽ പോയിരിക്കയാണ്. തിരുവല്ല നോർത്ത് എൽ.സി. സെക്രട്ടറി സജിമോനാണ് സംഭവത്തിൽ പ്രതിനായക സ്ഥാനത്തുള്ളത്.

നാലുവർഷത്തോളമായി വാടകയ്ക്ക് എടുത്ത കെട്ടിടത്തിൽ കട നടത്തുകയാണ് സജിമോൻ. കെട്ടിടം ഉടമയായ വീട്ടമ്മ ഇതോട് ചേർന്ന് തന്നെയാണ് താമസിക്കുന്നത്. രണ്ടു മക്കളുള്ള, ഭർത്താവ് വിദേശത്തായ യുവതിയും സജിമോനുമായി അടുത്തു. ഇതിനിടെ സജിമോനിൽ നിന്ന് യുവതി ഗർഭിണിയായി. വിവരം ഭർത്താവും ബന്ധുക്കളും അറിഞ്ഞതോടെ യുവതി സജിമോനെതിരേ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സിപിഐഎം ലോക്കൽ സെക്രട്ടറിയായതിനാൽ പൊലീസ് അനങ്ങിയില്ല. യുവതി പ്രസവത്തിനായി ആശുപത്രിയിൽ അഡ്‌മിറ്റാവുകയും ചെയ്തു. പ്രസവം കഴിഞ്ഞ യുവതി പരാതിയുമായി ഗൗരവമായി മുന്നോട്ട് പോയി. മജിസ്‌ട്രേറ്റിന് മുൻപാകെ രഹസ്യമൊഴിയും കൊടുത്തു. പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കസ്റ്റഡിയിലെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല.

376 അടക്കം ചാർജ് ചെയ്തിട്ടുള്ള കേസിൽ മജിസ്‌ട്രേട്ടിന്റെ മൊഴിപകർപ്പിന് കാലതാമസം എടുത്തു എന്ന ന്യായം നിരത്തി രക്ഷപെടാനാണ് പൊലീസ് ശ്രമം. സംഭവത്തെചൊല്ലി പാർട്ടി ചുമതലകളിൽനിന്നും ഇയാളെ ഒഴിവാക്കിയിരുന്നു. അവസാന നിമിഷം വരെ സജിമോനെ പാർട്ടി സംരക്ഷിച്ചിരുന്നു. എന്നാൽ, പരാതി നൽകിയതോടെ കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നു. സി.പി.എം ജില്ലാ നേതാക്കൾ വരെ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ പീഡന കേസ് ഒതുക്കാൻ ഇടപെട്ടെന്ന് വ്യക്തമായതോടെ സി.പി.എം ആകെ നാണക്കേടിലായിട്ടുണ്ട്.