കോഴിക്കോട്:'രാത്രിയായാൽ വീട്ടിനകത്ത് ഇരിക്കാൻ പറ്റാത്ത അവസ്ഥയാണ്. പുറത്ത് നിന്നും ഉറക്കെ അസഭ്യം വിളിച്ചു പറയും.. വീടിന് മുന്നിലിട്ട് പടക്കം പൊട്ടിക്കും... പരാതിപ്പെട്ടിട്ട് പൊലീസുപോലും സഹായത്തിനത്തെുന്നില്ല. താനിനി എവിടെപ്പോയി പരാതി പറയും...' സംഗീത എന്ന യുവതി കരഞ്ഞുകൊണ്ട് പറയുമ്പോൾ പ്രതിക്കൂട്ടിലാവുന്നത് സി പി എമ്മിനെ പ്രാദേശിക നേതൃത്വമാണ്. അനധികൃത നിർമ്മാണങ്ങൾക്കെതിരെ പ്രതികരിച്ചതോടെയാണ് പാർട്ടി അംഗമായ എടക്കാട് സ്വദേശിനി കെ സംഗീത പാർട്ടി നേതാക്കൾക്ക് ശത്രുവായത്. നീയെന്തിനാണ് ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് പോവുന്നത് എന്ന പാർട്ടി നേതാക്കളുടെ ചോദ്യം കേട്ട് സംഗീത ഒതുങ്ങി നിന്നില്ല. ജീവിക്കാനുള്ള അവകാശം നഷ്ടമാക്കുന്ന കമ്പനിയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ അവർ പോരാടി. ഇതോടെ പാർട്ടിയും പാർട്ടി പത്രവുമെല്ലാം സംഗീതയ്ക്ക് എതിരായി.

പ്രമുഖ വ്യവസായികളായ പി. കെ ഗ്രൂപ്പ് നിർമ്മിക്കുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കോഴിക്കോട് എടക്കാട് നിവാസികൾ സമരമാരംഭിച്ചിട്ട് ഒരു വർഷം തികഞ്ഞു. നിയമങ്ങൾ ലംഘിച്ച് പണിതുയർത്തുന്ന ആശുപത്രി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ജീവിക്കാനുള്ള സാഹചര്യം നഷ്ടമാക്കും എന്ന് ചൂണ്ടിക്കാട്ടിയാണ് ഇവരുടെ സമരം. എന്നാൽ സി. പി. എം ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെ സഹായത്താൽ സമരത്തെ നേരിട്ടുകൊണ്ട് ആശുപത്രി നിർമ്മാണവുമായി മുന്നോട്ട് പോവുകയാണ് പി. കെ ഗ്രൂപ്പ്. ആശുപത്രിനിർമ്മാണത്തിനെതിരെയും ഹോസ്റ്റൽ കെട്ടിട നിർമ്മാണത്തിനെതിരെയും പോരാടുന്ന ആക്ഷൻ കമ്മിറ്റിയുടെ ചെയർപേഴ്‌സണാണ് കോഴിക്കോട് എടക്കാവ് മേലെകൊളപ്പുറത്ത് വാസുദേവം വീട്ടിൽ കെ സംഗീത.

നിലവിലെ കെട്ടിട നിർമ്മാണ ചട്ടങ്ങളും നെൽവയൽതണ്ണീർത്തട സംരക്ഷണ നിയമവും ഭൂവിനിയോഗ ചട്ടങ്ങളുമെല്ലാം ലംഘിച്ച് വയൽ നികത്തി കനോലി കനാൽ റോഡ് ദുരുപയോഗപ്പെടുത്തുന്നതിനെതിരെയാണ് നാട്ടുകാർ സംഘടിച്ച് പ്രക്ഷോഭം ആരംഭിച്ചത്. കോഴിക്കോട് കോർപ്പറേഷൻ അധികൃതരെ തെറ്റിദ്ധരിപ്പിച്ചാണ് നെൽവയലിൽ കെട്ടിട നിർമ്മാണത്തിന് അനുമതി കരസ്ഥമാക്കിയതെന്നും നാട്ടുകാർ പറയുന്നു. ബസ്സുകളോടുള്ള പുതിയങ്ങാടികുണ്ടൂപ്പറമ്പ് റോഡിന് 3.5 മീറ്റർ വീതിയും അനധികൃത നിർമ്മാണം നടക്കുന്ന നെൽവയലിന്റെ കനാൽ റോഡിന് 5.50 മീറ്റർ വീതിയുമാണ് പ്‌ളാനിൽ കാണിച്ചിരിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് അനുവദിച്ച പ്ലാൻ പ്രകാരമല്ല നിർമ്മാണമെന്നത് കണ്ടതിനത്തെുടർന്ന് കോർപ്പറേഷൻ അധികൃതർ സ്ഥലത്തിന് ചുറ്റും സ്ഥാപിച്ച ഷീറ്റുകൊണ്ടുള്ള പത്തടി ഉയരത്തിലുള്ള കനത്ത മറയും സ്ഥലത്ത് നിർമ്മിച്ച താത്ക്കാലിക കെട്ടിടവും പൊളിച്ച് നീക്കാൻ ഉത്തരവിടുകയും ചെയ്തു. കെട്ടിട നിർമ്മാണത്തിന് പൈലിംഗിന് അനുവാദം കോർപ്പറേഷൻ നൽകാത്തതിനാൽ കെട്ടിട നിർമ്മാണം സംബന്ധിച്ച എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കാൻ കഴിഞ്ഞ ഏപ്രിൽ 27 ന് അസിസ്റ്റന്റ് എഞ്ചിനീയർ സ്ഥലം സന്ദർശിച്ച് ഉത്തരവിടുകയും ചെയ്തു.

ഈ സാഹചര്യത്തിൽ പ്രദേശവാസികളെയും അനധികൃത നിർമ്മിതിയെയും എതിർക്കുന്നവരെ അവഹേളിക്കുന്ന പ്രവണതയാണ് നിർമ്മാതാക്കൾക്കുള്ളതെന്ന് സംഗീത പറയുന്നു. ഇതിനെ ചോദ്യം ചെയ്ത സ്ഥലവാസികളായ സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്തു. ഇതിനെതിരെ എലത്തൂർ പൊലീസിൽ പരാതി നൽകി. പക്ഷെ ഇതുവരെ ഇക്കാര്യത്തിൽ യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിലാണ് സംഗീതയും മറ്റൊരു സമര സമിതി നേതാവും കോഴിക്കൊട്ടെ ഒരു ഹോട്ടലിലത്തെി പത്ത് ലക്ഷം രൂപ നൽകിയാൽ സമരത്തിൽ നിന്ന് പിന്മാറാൻ തയ്യറാവാമെന്ന് പറഞ്ഞതായി പരാതി ഉയർന്നു. നിർമ്മാതാക്കളുടെ ഈ പരാതിയുടെ മറവിലാണ് തനിക്കെതിരെ ദേശാഭിമാനി വളരെ മോശമായ വാർത്ത പ്രസിദ്ധീകരിച്ചതെന്ന് സംഗീത പറയുന്നത്.

ഇതിനെതിരെ നിഷേധക്കുറിപ്പ് കൊടുത്തിട്ടും അത് പ്രസിദ്ധീകരിക്കാൻ പോലും പത്രം തയ്യറായില്ല. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയാണ് താനുൾപ്പെടെ പോരാടുന്നത്. അല്ലാതെ പണം വാങ്ങാനല്ല സമരത്തിനിറങ്ങിത്തിരിച്ചത്. താൻ ഒരു ഹോട്ടലിലും ആരെയും കാണാൻ പോയിട്ടില്ല. പി കെ ഗ്രൂപ്പിന്റെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ പോരാടുന്നവരിൽ വിവിധ പാർട്ടിക്കാരുണ്ട്. പക്ഷെ ഞാൻ സി പി എം മെമ്പർഷിപ്പുള്ള ആളാണ്. എന്നുകരുതി കുത്തക മുതലാളിമാരിൽ നിന്നും പണം വാങ്ങി അവർക്ക് നന്ദി കാണിക്കുന്ന നേതാക്കളുടെ തെറ്റായ നടപടികളെ അംഗീകരിക്കേണ്ട ആവശ്യം തനിക്കില്ലന്നെും സംഗീത പറയുന്നു.

സമര രംഗത്തിറങ്ങിയപ്പോൾ പാർട്ടി മെമ്പർഷിപ്പുള്ള ആളല്ല േ അപ്പോൾ പാർട്ടി പറയുന്നത് അനുസരിക്കേണ്ടെ എന്നാണ് ചില നേതാക്കൾ ചോദിച്ചത്. തെറ്റുകൾക്കെതിരെ പോരാടിയ പാർട്ടിയാണ് സി പി എം. എന്നാൽ തെറ്റുകൾക്കോപ്പം നിൽക്കുന്ന പാർട്ടി നേതാക്കളെ അനുസരിക്കേണ്ട ബാധ്യത തനിക്കില്ല. സമരത്തിൽ പങ്കടെുത്ത പല പാർട്ടി പ്രവർത്തകരെയും നേതൃത്വം ഇതിനകം ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. തനിക്കെതിരെ പ്രസിദ്ധീകരിച്ച ദേശാഭിമാനി വാർത്ത വലുതാക്കി ഫ്‌ളക്‌സ് അടിച്ച് പാർട്ടി അംഗമായ തന്റെ വീടിന് മുമ്പിൽ പതിച്ചിട്ടുണ്ട്. പരിഹാസവും അവഹേളനവും ഭീഷണിയും ആവോളമുണ്ട്.. പക്ഷെ സമരത്തിൽ നിന്നും താൻ പിന്മാറില്ല..ഹോസ്റ്റൽ കെട്ടിടത്തിനെതിരെയുള്ള സമരം മുന്നോട്ട് പോകും.

ആശുപത്രി നിർമ്മാണവുമായി പി കെ ഗ്രൂപ്പ് മുന്നോട്ട് പോവുകയാണ്. ഞങ്ങളുടെ സമരവും തുടരും. സമരം ഒരു വർഷം പിന്നിടുകയാണ്. ഏതൊക്കെ പാർട്ടി നേതാക്കൾ എതിർത്താലും സമരത്തിന് മുന്നിൽ താൻ തുടരുക തന്നെ ചെയ്യമെന്നും അവർ പറഞ്ഞു. തനിക്കെതിരെ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനെതിരെ പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട് അഡ്വ: ഇ പ്രദീപ് കുമാർ മുഖേന നോട്ടീസും അയച്ചിട്ടുണ്ട് സംഗീത.