- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എൻഡിപിയെ പിളർക്കാൻ ശ്രമിക്കുന്നു; മാനസികമായി തളർത്താൻ തറവേലകൾ കാട്ടുന്നു; അമിത് ഷാ പറഞ്ഞിട്ടും കേൾക്കുന്നില്ല; നൂറ് വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപിക്ക് ഭരണം കിട്ടില്ല; ഭാര്യയും തുഷാറിന്റെ ഭാര്യയും അടക്കമുള്ളവർ വനിതാ മതിലിൽ പങ്കെടുക്കും; മകനെ ഇടതു സ്ഥാനാർത്ഥിയാക്കാമെന്ന് ഉറപ്പു കിട്ടിയതോടെ ബിജെപിക്കെതിരെയുള്ള ആക്രമണം രൂക്ഷമാക്കി വെള്ളാപ്പള്ളി; വനിതാ മതിലിനെ പിന്തുണച്ച് തുഷാറും രംഗത്ത്; രായ്ക്ക് രാമാനം ബിഡിജെഎസ് മലക്കം മറിഞ്ഞതിന്റെ ഗുണം കൊയ്യാൻ ഒരുങ്ങി സിപിഎം
ആലപ്പുഴ: രാഷ്ട്രീയനീക്കങ്ങളുടെ കാര്യത്തിൽ കേരളത്തിൽ സിപിഎമ്മിനെ കഴിഞ്ഞേ മറ്റേതു പാർട്ടിയുമുള്ളൂ. ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ പിളർത്തി തങ്ങൾക്കൊപ്പം നിർത്താനും മുന്നേറ്റത്തെ തകർക്കാനും അവർക്ക് നന്നേ കഴിവുണ്ട്. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയെ തന്ത്രപരമായി പാട്ടിലാക്കാനുള്ള നീക്കങ്ങളിലൂടെയാണ് സിപിഎം ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇതിന് അവർ മുന്നോട്ടു വെച്ചത് തുഷാർ വെള്ളാപ്പള്ളിക്കുള്ള ലോക്‌സഭാ സീറ്റാണ്. ബിജെപി ഇത്രകാലവും ഓഫർ ചെയ്തിരുന്ന കാര്യങ്ങളെല്ലാം പാലിക്കാതെ വന്നതോടെ ഇടതു പാളയത്തിൽ രക്ഷയുണ്ടോ എന്നു നോക്കാനാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും ശ്രമം. അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെ തുഷാർ വെള്ളാപ്പള്ളി വനിതാ മതിലിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചത് ഇടതു മുന്നണിയുമായുള്ള നീക്കുപോക്കിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുന്നു. സിപിഎം പിന്തുണയോടെ മത്സരിച്ചാൽ വിജയ സാധ്യത കൂടുതലാണെന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളിക്കായി സീറ്റിനായി പിതാവ് അരയും തലയും മുറുക്കി ഇറങ്ങിയത്. എൻഡിഎ ആ
ആലപ്പുഴ: രാഷ്ട്രീയനീക്കങ്ങളുടെ കാര്യത്തിൽ കേരളത്തിൽ സിപിഎമ്മിനെ കഴിഞ്ഞേ മറ്റേതു പാർട്ടിയുമുള്ളൂ. ഏതെങ്കിലും രാഷ്ട്രീയ കക്ഷികളെ പിളർത്തി തങ്ങൾക്കൊപ്പം നിർത്താനും മുന്നേറ്റത്തെ തകർക്കാനും അവർക്ക് നന്നേ കഴിവുണ്ട്. ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടിയെ തന്ത്രപരമായി പാട്ടിലാക്കാനുള്ള നീക്കങ്ങളിലൂടെയാണ് സിപിഎം ഇപ്പോൾ മുന്നോട്ടു പോകുന്നത്. ഇതിന് അവർ മുന്നോട്ടു വെച്ചത് തുഷാർ വെള്ളാപ്പള്ളിക്കുള്ള ലോക്‌സഭാ സീറ്റാണ്. ബിജെപി ഇത്രകാലവും ഓഫർ ചെയ്തിരുന്ന കാര്യങ്ങളെല്ലാം പാലിക്കാതെ വന്നതോടെ ഇടതു പാളയത്തിൽ രക്ഷയുണ്ടോ എന്നു നോക്കാനാണ് വെള്ളാപ്പള്ളിയുടെയും മകന്റെയും ശ്രമം.
അയ്യപ്പ ജ്യോതിയിൽ നിന്നും വിട്ടു നിന്നതിന് പിന്നാലെ തുഷാർ വെള്ളാപ്പള്ളി വനിതാ മതിലിൽ പങ്കെടുക്കുമെന്നും പ്രഖ്യാപിച്ചത് ഇടതു മുന്നണിയുമായുള്ള നീക്കുപോക്കിന്റെ ഭാഗമായി വ്യാഖ്യാനിക്കപ്പെടുന്നു. സിപിഎം പിന്തുണയോടെ മത്സരിച്ചാൽ വിജയ സാധ്യത കൂടുതലാണെന്ന നിലയിലാണ് തുഷാർ വെള്ളാപ്പള്ളിക്കായി സീറ്റിനായി പിതാവ് അരയും തലയും മുറുക്കി ഇറങ്ങിയത്. എൻഡിഎ ആകട്ടെ നേട്ടമുണ്ടാക്കാവുന്ന പദവികളൊന്നും ബിഡിജെഎസിന് നൽകിയതുമില്ല. ഈ നിലയിൽ എസ്എൻഡിപിയുടെ കൂടി ഭാവിക്ക് വേണ്ടിയാണ് ഇടതുമുന്നണിയുമായി അടുക്കാമെന്ന് വെള്ളാപ്പള്ളി മോഹിക്കുന്നത്. എന്നാൽ, സീറ്റ് വാഗ്ദാനം നൽകിയെങ്കിലും സിപിഎം തന്ത്രം ബിഡിജെഎസ് അണികളെ ഇടതുപാളയത്തിൽ എത്തിക്കുക എന്നതു തന്നെയാണ്. അതിനുള്ള നീക്കങ്ങളാണ് അവർ നടത്തുന്നതും. ആറ്റിങ്ങൽ സീറ്റ് ലക്ഷ്യമിടുന്ന തുഷാറിനോട് ആലപ്പുഴയിൽ മത്സരിക്കാനാണ് സിപിഎം നിർദ്ദേശിക്കുന്നത്.
അതിനിടെ ബിജെപിക്കെതിരെ ശക്തമായ നിലപാടുമായാണ് വെള്ളാപ്പള്ളി കഴിഞ്ഞ ദിവസം കളത്തിലിറങ്ങിയത്. ബിജെപിക്കാർ തേജോവധം ചെയ്യുന്നുവെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം. വനിതാ മതിൽ സംബന്ധിച്ച് എസ്എൻഡിപി യോഗം നിലപാടെടുത്തതു മുതൽ നവമാധ്യമങ്ങളിലൂടെ ബിജെപി പ്രവർത്തകർ എന്നെ തേജോവധം ചെയ്യുകയാണ്. ഇതിനെതിരെ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിക്കും. മുൻപു സിപിഎം, കോൺഗ്രസ് വിരുദ്ധ നിലപാടുകളെടുത്തപ്പോഴൊന്നും ഇത്തരത്തിൽ വ്യക്തിപരമായ ആക്രമണം ഉണ്ടായിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എസ്എൻഡിപിയിൽ പിളർപ്പിനു ബിജെപി ശ്രമിക്കുന്നത്. തന്നെ മാനസികമായി തകർക്കാനായി തറവേല കാണിക്കുകയാണ്. ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലടക്കം വൻ ആക്രമണം നടത്തുന്നുവെന്ന പരാതി നൽകിയിട്ടും നേതാക്കൾ തടഞ്ഞില്ല. മറ്റു പാർട്ടികളിൽ നിന്നൊന്നും ഇത്തരം ആക്രമണം നേരിടേണ്ടി വന്നിട്ടില്ല. അമിത് ഷാ പറഞ്ഞതുപോലും കേൾക്കാത്ത ബിജെപിയാണ് കേരളത്തിലേതെന്നും അദ്ദേഹം പ്രതികരിച്ചു.
പണപ്പിരിവും ഗ്രൂപ്പിസവുമാണ് ബിജെപിയിൽ നടക്കുന്നതെന്നു നേരത്തേ തിരുവനന്തപുരത്തു മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു. ഈ പോക്കാണെങ്കിൽ നൂറു വർഷം കഴിഞ്ഞാലും കേരളത്തിൽ ബിജെപി അധികാരത്തിലെത്തില്ല. തന്റെ ഭാര്യയും തുഷാറിന്റെ ഭാര്യയുമടക്കം വനിതാമതിലിൽ പങ്കെടുക്കും. ബിജെപി നിലപാട് അല്ല ബിഡിജെഎസിനെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാരിന്റെ വനിതാ മതിലിനെ പിന്തുണച്ച് ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി രാവിലെ രംഗത്തെത്തിയിരുന്നു. സാഹചര്യം ഒത്തുവന്നാൽ മതിലിനു പിന്തുണയുമായി എത്തും. ശബരിമല കർമസമിതി നടത്തിയ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതിരുന്നത് എൻഡിഎയുടെ പരിപാടി അല്ലാതിരുന്നതിനാലാണെന്നും തുഷാർ വിശദീകരിച്ചു.
സർക്കാർ നടത്തുന്ന പരിപാടിയെന്ന നിലയിൽ വനിതാ മതിലിൽ ആരെങ്കിലും പങ്കെടുക്കുന്നതിനു ബിഡിജെഎസ് എതിരല്ല. എന്നാൽ, ശബരിമല യുവതീപ്രവേശത്തെ അനുകൂലിക്കുന്നതിനാണു വനിതാ മതിൽ സംഘടിപ്പിക്കുന്നതെന്നു വന്നാൽ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. അതേസമയം ബി.ഡി.ജെ.എസിനെ തള്ളാനും കൊള്ളാനും കഴിയാതെ ബിജെപി നേതൃത്വം. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മുതൽ പല സന്ദർഭങ്ങളിലും പാർട്ടിയെയും എൻ.ഡി.എയെയും പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് ബി.ഡി.ജെ.എസിൻേറതെന്നും ബിജെപി വിലയിരുത്തൽ. ഏറ്റവുമൊടുവിൽ അയ്യപ്പജ്യോതിയിൽ പങ്കെടുക്കാതെ വനിതാമതിലിനോട് സഹകരിക്കുമെന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാർ വെള്ളാപ്പള്ളിയുടെ നിലപാടും തലവേദനയായിരിക്കുകയാണ്.
കഴിഞ്ഞദിവസം ശബരിമല സംരക്ഷണ സമിതി സംഘടിപ്പിച്ച 'അയ്യപ്പജ്യോതി'യിൽ എൻ.ഡി.എ കൺവീനർ കൂടിയായ തുഷാർ വെള്ളാപ്പള്ളി ഉൾപ്പെടെ ബി.ഡി.ജെ.എസ് നേതാക്കളാരും പങ്കെടുത്തില്ല. ഇത് ബിജെപിക്കുള്ളിലും അയ്യപ്പജ്യോതിക്ക് നേതൃത്വം നൽകിയ സംഘ്പരിവാർ സംഘടനകളിലും അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. വനിതാ മതിലിൽ തുഷാറും ഭാര്യയുമടക്കം ബി.ഡി.ജെ.എസ് പ്രവർത്തകർ വനിതാമതിലിൽ പങ്കെടുക്കകയും ചെയ്യുന്നതോടെ രാഷ്ട്രീയ നീക്കങ്ങൾക്ക് കൂടുതൽ വ്യക്തത വരും.
അയ്യപ്പജ്യോതി സംബന്ധിച്ച കാര്യം എൻ.ഡി.എ ചർച്ചചെയ്തില്ലെന്ന് വ്യക്തമാക്കിയ തുഷാർ വെള്ളാപ്പള്ളിയുടെ വാദം. സർക്കാർ പ്രഖ്യാപിച്ച വനിതാമതിലിനെ പിന്തുണക്കുന്ന പ്രതികരണമാണ് നടത്തിയതും. വനിതാമതിലിന് രാഷ്ട്രീയമില്ലെന്നും അദ്ദേഹം പറയുന്നു. ഇതൊക്കെയാണെങ്കിലും അവരെ തള്ളിപ്പറയാൻ ബിജെപി നേതൃത്വത്തിന് സാധിക്കുന്നില്ല. ശബരിമല അയ്യപ്പജ്യോതിയിൽ ബി.ഡി.ജെ.എസ് പങ്കെടുക്കാത്തതിൽ കാര്യമില്ലെന്നും അത് രാഷ്ട്രീയ പാർട്ടികളുടെ സമാഗമമായിരുന്നില്ലെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻപിള്ള പ്രതികരിച്ചത്. അയ്യപ്പജ്യോതി എൻ.ഡി.എ ഔദ്യോഗികമായി തീരുമാനിച്ച പരിപാടിയല്ല.
മുന്നണി കൂടിയാലോചിച്ച് സംഘടിപ്പിക്കുന്ന പരിപാടികളിൽ ബി.ഡി.ജെ.എസ് പങ്കാളിയാവും. അയ്യപ്പജ്യോതിയിൽ പങ്കെടുക്കാത്തത് അവരുടെ ആഭ്യന്തരകാര്യമാണ്. അതേക്കുറിച്ച് അവരോടാണ് ചോദിക്കേണ്ടത്. ബി.ഡി.ജെ.എസും എസ്.എൻ.ഡി.പി യോഗവും അവരുടേതായ തീരുമാനങ്ങളെടുക്കാൻ സ്വാതന്ത്ര്യമുള്ള സംഘടനകളാണ്. അയ്യപ്പജ്യോതിക്ക് ബിജെപി അങ്ങോട്ട് പിന്തുണയറിയിച്ച് പോയതാണെന്നുമായിരുന്നു പിള്ളയുടെ വിശദീകരണം.
എന്നാൽ ബി.ഡി.ജെ.എസ് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ഉൾപ്പെടെ വിഷയങ്ങളിൽ കൈക്കൊണ്ട നിലപാടിൽ ബിജെപിക്കുള്ളിൽ കടുത്ത അസംതൃപ്തിയുണ്ട്. മുന്നണിയുടെ ഭാഗമായി നിലകൊണ്ട് ബോർഡ്, കോർപറേഷൻ സ്ഥാനമാനങ്ങൾ കൈക്കലാക്കിയ ശേഷം മുന്നണിയെ വഞ്ചിക്കുന്ന നിലപാടാണ് അവർ കൈക്കൊള്ളുന്നതെന്നും എൻ.ഡി.എ യോഗം ഉടൻ വിളിച്ച് ഇക്കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. എന്നാൽ ഗവർണർ സ്ഥാനം അടക്കം വാഗ്ദാനം ചെയ്തിട്ടും കാര്യമായ സഹായമൊന്നും ലഭിച്ചില്ലെന്നാണ് തുഷാറിന്റെ നിലപാടും. ഈ സാഹചര്യത്തിലാണ് പുതയ ലാവണം തേടാൻ രംഗത്തിറങ്ങിയതും. എന്നാൽ, മുമ്പ് കെ മുരളീധരന്റെ ഡിഐസികെ ഉണ്ടാക്കിയ വേളയിൽ അതിനെ മുന്നണിയിലെടുക്കാതിരിക്കാൻ നിർണായക ഇടപെടൽ നടത്തിയത് സിപിഐ ആയിരുന്നു. സിപിഎം മനസുകൊണ്ട് ബിഡിജെഎസിനെ സ്വീകരിക്കാൻ സന്നദ്ധമായാലും സിപിഐ നിലപാട് വ്യത്യസ്തമാകുമോ എന്നാണ് കണ്ടറിയേണ്ടത്.