കണ്ണൂർ: കണ്ണൂർ രാഷ്ട്രീയത്തിൽ ശക്തിതെളിയിക്കാനുള്ള വടംവലികളുടെ ഭാഗമായാണ് സിപിഎമ്മിന്റെ നേതൃത്വത്തിൽ ഘോഷയാത്രയും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയും സംഘടിപ്പിച്ചത്. തീർത്തും സമാധാനപരമായി തന്നെ രണ്ട് പരിപാടികളും അവസാനിക്കുകയും ചെയ്തു. ഇപ്പോൾ ഇക്കാര്യത്തിൽ അവശേഷിക്കുന്നത് സംഘർഷവും ബോംബേറും മറ്റും ഉണ്ടാകുമെന്ന് പറഞ്ഞ് പുറത്തുവന്ന മാദ്ധ്യമവാർത്തകൾ മാത്രമാണ്. സിപിഐ(എം) ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര സംഘടിപ്പിച്ചു എന്ന വിധത്തിലായിരുന്നു മനോരമ അടക്കമുള്ള മാദ്ധ്യമങ്ങളിൽ നടത്തിവന്ന പ്രചരണങ്ങൾ. എന്നാൽ, ഇക്കാര്യത്തിൽ നിന്നും വ്യത്യസ്തമായ നിലപാടാണ് പാർട്ടി നേതാക്കൾ പറയുന്നത്. സിപിഐ(എം) സംഘടിപ്പിച്ചത് ഓണാഘോഷത്തോട് അനുബന്ധിച്ച ഘോഷയാത്രയാണെന്നാണ് പാർട്ടി നൽകുന്ന വിശദീകരണം.

ബാലസംഘം ഘോഷയാത്രകൾ ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ടതാണെന്ന പ്രചാരണം തെറ്റാണ്. ഓണാഘോഷത്തോടനുബന്ധിച്ച് ബാലസംഘം നടത്തുന്ന ഘോഷയാത്രയ്ക്ക് മറ്റു നിറം നൽകേണ്ടതില്ലെന്നും സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ അടക്കമുള്ളവർ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ, സിപിഎമ്മിനെ കൊട്ടാൻ കിട്ടിയ അവസരം എന്ന നിലയിൽ എല്ലാവരും സിപിഎമ്മിന്റെ കീഴിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സംഘടിപ്പിച്ചു എന്ന വിധത്തിലാണ് പ്രചരണം നടത്തിയത്. രണ്ട് ഘോഷയാത്രകൾ ഒരേ സമയം നടന്നാൽ വൻ സംഘർഷമുണ്ടാകുമെന്നായിരുന്നു മാദ്ധ്യമ പ്രചരണങ്ങൾ. ചില മാദ്ധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ ഈ പ്രചരണങ്ങൾ ഇന്റലിന്റ്‌സ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകളും മാദ്ധ്യമ സൃഷ്ടിയാണെന്ന സംശയമാണ് ബലപ്പെടുന്നത്.

ബാലഗോകുലത്തിന്റെ ശോഭായാത്രയും സിപിഐ(എം) ബാലസംഘത്തിന്റെ ഘോഷയാത്രയും ഒരേസമയം നടക്കുന്നതിനാൽ കനത്ത പപൊലീസ് സംരക്ഷണ ആയിരുന്നു പൊലീസ് ഏർപ്പെടുത്തിയത്. ബാലസംഘത്തിന്റ ഘോഷയാത്ര ഓണാഘാഷത്തോട് അനുബന്ധിച്ചായിരുന്നു. സിപിഐ(എം) നേതാക്കളുടെ ചിത്രങ്ങളേന്തി കുട്ടികളെയും മറ്റും അണിനിരത്തി വർണ്ണശബളമായിട്ടായിരുന്നു ഘോഷയാത്ര. ഘോഷയാത്രക്കായി രണ്ടുമാസം മുൻപേ സിപിഐ(എം) ഒരുക്കം തുടങ്ങിയിരുന്നു. ഉച്ചഭാഷിണി ഉപയോഗിക്കാനുള്ള പൊലീസ് അനുമതിയടക്കം നേരത്തേ തന്നെ നേടി. സാധാരണ ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തുന്ന സ്ഥലങ്ങളിലായിരുന്നു സിപിഐ(എം) ഘോഷയാത്ര നടത്താൻ അനുമതി നേടിയത്.

എന്നാൽ ഇതേ സ്ഥലത്തു പരിപാടി നടത്താൻ അനുമതി നേടാനായി ബാലഗോകുലവും എത്തിയതോടെയാണു കാര്യങ്ങൾ സങ്കീർണമായത്. ഫലത്തിൽ സിപിഎമ്മിനോട് ഏറ്റുമുട്ടാൻ പദ്ധതി തയ്യാറാക്കിയത് ബാലഗോകുലമായിരുന്നു. കണ്ണൂരിന്റെ സവിശേഷ സാഹചര്യത്തിൽ മുൻകാല അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ കൂടി ജില്ലാ പൊലീസ് മേധാവിയുടെയും നേതൃത്വത്തിൽ കൈക്കൊണ്ട നടപടികളാണു കാര്യങ്ങൾ സുഗമമാക്കിയത്.

ആർഎസ്എസ്-സിപിഐ(എം) ജില്ലാ നേതാക്കളുമായി രണ്ടുവട്ടം ചർച്ച നടത്തി ഘോഷയാത്രകൾ വ്യത്യസ്ത റൂട്ടുകളിൽ നടത്താമെന്ന ധാരണയിലെത്തുകയും ചെയ്തിരുന്നു. സർക്കിൾ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ ഇരുകൂട്ടർക്കും റൂട്ടുകളും നിശ്ചയിച്ചു നൽകി. മൂന്നു കമ്പനി പൊലീസ് സേന കൂടി ജില്ലയിലെത്തി. ഇത്രയൊക്കെ ചെയ്തിട്ടും കണ്ണൂരിൽ വരാനിരിക്കുന്നത് യുദ്ധമാണെന്നായിരുന്നു മാദ്ധ്യമ റിപ്പോർട്ടുകൾ.

എഡിജിപി ശങ്കർ റെഡ്ഡി കഴിഞ്ഞ ദിവസം ജില്ലയിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. കനത്ത പൊലീസ് നിരീക്ഷണത്തിലായിരുന്നു ഇന്നലെ ഘോഷയാത്രകൾ നടന്നത്. ഓണാഘോഷത്തിന്റെ സമാപനമെന്ന പേരിൽ സിപിഐ(എം) നടത്തിയ ഘോഷയാത്രയിൽ പലയിടത്തും ശ്രീകൃഷ്ണവേഷമണിഞ്ഞ കുട്ടികൾ അണിനിരന്നിരുന്നു. ശ്രീകൃഷ്ണജയന്തി ദിനത്തിൽ ശോഭായാത്രയ്ക്കു ബദലായി ഉറിയടിയും പായസവിതരണവും ഘോഷയാത്രകളുമായി സംസ്ഥാനമൊട്ടാകെ സിപിഎമ്മിന്റെ ബാലസംഘടനയായ ബാലസംഘം രംഗത്തിറങ്ങി.

ആർഎസ്എസും ബിജെപിയും സംസ്ഥാനത്തു പിടിമുറുക്കാൻ നോക്കുന്നതിനിടെയാണു വിശ്വാസികളെ ആകർഷിക്കാൻ ബാലസംഘത്തെ എല്ലാ വില്ലേജ് കേന്ദ്രങ്ങളിലും കളത്തിലിറക്കിയത്. 25നു ബാലസംഘം ആരംഭിച്ച ഓണാഘോഷങ്ങളുടെ സമാപനമായിട്ടായിരുന്നു ഇന്നലത്തെ പരിപാടി. സംസ്ഥാന പ്രസിഡന്റ് പി.വി. സച്ചിൻ തലശേരിയിലും കൺവീനർ ടി.കെ. നാരായണദാസ് പാലക്കാട്ടും പങ്കെടുത്തു. മറ്റു ഭാരവാഹികളും നേതാക്കളുമായ വി. ആതിര, രതീഷ്, അഷിത, അജയ് അശോക്, ബിപിൻ രാജ്, അന്ന ഫാത്തിമ, അയിഷ പോറ്റി, ആർ. രാജേഷ്, പുരുഷൻ കടലുണ്ടി എന്നിവർ മറ്റു മേഖലകളിൽ പങ്കെടുത്തു.

തിരുവനന്തപുരത്ത് വഞ്ചിയൂരിൽ ഇരുപതോളം കുട്ടികളെ പങ്കെടുപ്പിച്ചു വഞ്ചിയൂർ കോടതിക്കു സമീപം ഉറിയടി മൽസരം നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. കാഴ്ചക്കാരായി വൻ ജനക്കൂട്ടവും ഉണ്ടായിരുന്നു. ശോഭായാത്രയുടെ ഭാഗമായി കഴിഞ്ഞ ദിവസം എകെജി സെന്ററിനു മുന്നിൽ കെട്ടിയ ഉറി പാർട്ടി പരാതിയെത്തുടർന്നു പൊലീസ് ഇടപെട്ടു നീക്കിയിരുന്നു. കൊല്ലത്തു വില്ലേജുകൾ കേന്ദ്രീകരിച്ചു മതേതര സംഗമ റാലികളാണു നടത്തിയത്. ആലപ്പുഴ ജില്ലയിൽ 42 സ്ഥലങ്ങളിൽ സാംസ്‌കാരികോൽസവം നടത്തി. മിക്ക സ്ഥലങ്ങളിലും പായസവിതരണവും ഘോഷയാത്രകളും പ്രതിജ്ഞചൊല്ലലും നടത്തി. സിപിഐ(എം) ലോക്കൽ, ബ്രാഞ്ച് ഭാരവാഹികളും ഡിവൈഎഫ്‌ഐ നേതാക്കളും പങ്കെടുത്തു.

പത്തനംതിട്ട ജില്ലയിൽ സിപിഎമ്മോ പോഷകസംഘടനകളോ നേരിട്ടു പരിപാടികൾ നടത്തിയില്ല. എന്നാൽ മണ്ണടിയിൽ വേലുത്തമ്പി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിന്റെ സംഘാടനത്തിൽ പാർട്ടി അനുഭാവികൾ ഉണ്ടായിരുന്നു.കോട്ടയം ജില്ലയിൽ സിപിഐ(എം) നേതാക്കളൊന്നും ബാലസംഘത്തിന്റെ പരിപാടികളിൽ പങ്കെടുത്തില്ല. ബാലസംഘം നേരിട്ടു വലിയ പരിപാടി നടത്തിയതുമില്ലെന്നു സിപിഐ(എം) അറിയിച്ചു.

കോഴിക്കോടു ജില്ലയിൽ മേഖലാ കേന്ദ്രങ്ങളിൽ രാവിലെമുതൽ കലോൽസവം നടത്തി. ഘോഷയാത്ര ഉണ്ടായില്ല. ജില്ലാതലത്തിലും പരിപാടികൾ ഉണ്ടായിരുന്നില്ല. ഓണാഘോഷ സമാപനമെന്ന പേരിൽ കണ്ണൂർ ജില്ലയിൽ 187 കേന്ദ്രങ്ങളിലാണു ഘോഷയാത്ര നടന്നത്. ബാലഗോകുലത്തിന്റെ ശോഭായാത്രയ്ക്കും സിപിഎമ്മിന്റെ ഘോഷയാത്രയ്ക്കും പൊലീസ് വ്യത്യസ്ത റൂട്ടുകൾ നിശ്ചയിച്ചു നൽകിയിരുന്നു. അതേസമയം സിപിഎമ്മിന്റെ ഘോഷയാത്രയിൽ പലയിടത്തും ശ്രീകൃഷ്ണവേഷമണിഞ്ഞ കുട്ടികൾ അണിനിരന്നിരുന്നു.

വയനാട്ടിൽ 24 കേന്ദ്രങ്ങളിലാണു ബാലസംഗമം സംഘടിപ്പിച്ചത്. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല. പൊന്നാനി മുക്കിലപ്പീടികയിൽ ഒരു ക്ലബ് സംഘടിപ്പിച്ച ശ്രീകൃഷ്ണ ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തതു സിപിഐ(എം) എംഎൽഎ പി. ശ്രീരാമകൃഷ്ണനാണ്. മതേതരസ്വഭാവമുള്ള പരിപാടിയായതിനാലാണു പങ്കെടുത്തതെന്ന് എംഎൽഎ പ്രതികരിച്ചു.

ഓണാഘോഷ പരിപാടികളുമായി സഹകരിക്കാൻ പ്രവർത്തകർക്കു സിപിഐ(എം). നിർദ്ദേശം നൽകിയിരുന്നു. ഹൈന്ദവാചാരങ്ങളും ആഘോഷങ്ങളും സംഘപരിവാർ ഹൈജാക് ചെയ്യുന്നതു പ്രതിരോധിക്കാനായിരുന്നു ഈ നീക്കം. ജന്മാഷ്ടമി പോലുള്ള ഹൈന്ദവാചാരങ്ങൾ നാടിന്റെ സംസ്‌കാരത്തിന്റെ ഭാഗമായി കണ്ട് എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്താനായിരുന്നു ലോക്കൽ കമ്മറ്റികൾക്കുള്ള നിർദ്ദേശം. ബാലഗോകുലം ശോഭായാത്രകളിൽ സിപിഐ(എം). പ്രവർത്തകരും ബന്ധുക്കളും പങ്കെടുക്കുന്നതു പാർട്ടി വേദികളിൽ വിവാദമായ സാഹചര്യത്തിലാണു സ്വന്തമായി ആഘോഷപരിപാടികളുമായി മുന്നോട്ടുപോകാൻ നേതൃത്വം തീരുമാനിച്ചത്.