തിരുവനന്തപുരം: പ്രവാസികൾക്ക് ക്വാറന്റീൻ ഇളവു ലഭിക്കണമെങ്കിൽ വിദേശത്തു നിന്നും മുഖ്യമന്ത്രി കേരളത്തിലേക്ക് എത്തണം.. ഇപ്പോഴിതാ ആലുവ ശിവരാത്രി അടക്കമുള്ള ആഘോഷങ്ങൾക്ക് ഇളവു ലഭിക്കണമെങ്കിൽ സിപിഎമ്മിന് സമ്മേളനം നടത്തണം എന്നതുമാണ് അവസ്ഥ. കേരളത്തിലെ കോവിഡ് മാനദണ്ഡങ്ങൾ തോന്നുംപടി ആകുന്നതിന്റെ ഉദാഹരണങ്ങളാണ് ഇവ. സാധാരണക്കാർ ബുദ്ധിമുട്ടിയാലും പാർട്ടിയുടെ കാര്യങ്ങൾ മുറപോലെ നടക്കണമെന്നാണ് ഇവരുടെ തത്വം. ആ തത്വം പ്രകാരമാണ് ഇപ്പോൾ സംസ്ഥാനത്ത് കൂടുതൾ ഇളവുകളും പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തേ നിശ്ചയിച്ച തീയതികളിൽ തന്നെ കൊച്ചിയിൽ സംസ്ഥാന സമ്മേളനം നടത്താൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതിന് മുന്നോടിയായാണ് പൊതുജനങ്ങളുടെ വായടപ്പിക്കാൻ വേണ്ടി ഇളവുകളും പ്രഖ്യാപിച്ചത്. മാർച്ച് 1 മുതൽ 4 വരെ ബി.രാഘവൻ നഗറിൽ പ്രതിനിധി സമ്മേളനം നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പൊതുസമ്മേളനം ഇ.ബാലാനന്ദൻ നഗറിൽ നടത്തും. സെമിനാറുകൾ നടക്കുന്ന വേദിക്ക് 'അഭിമന്യു നഗർ' എന്നാണു പേര്.

കോവിഡ് വ്യാപനത്തിൽ കുറവു വന്നതോടെ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവ് കണക്കിലെടുത്താണ് സമ്മേളനം മുൻ നിശ്ചയപ്രകാരം നടത്താൻ തീരുമാനിച്ചതെന്നു കോടിയേരി അറിയിച്ചു. സർക്കാർ മാനദണ്ഡ പ്രകാരമാവും പൊതു സമ്മേളനവും. മാരാമൺ കൺവൻഷൻ, ആലുവ ശിവരാത്രി തുടങ്ങിയവയ്ക്കു ലഭ്യമായ ഇളവുകൾ പാർട്ടിക്കും ലഭിക്കുമെന്നാണു കരുതുന്നത്.

സംസ്ഥാന സമ്മേളന ഫണ്ട് പിരിവിനു വേണ്ടി 13,14 തീയതികളിൽ ജനങ്ങളെ സമീപിക്കും. 21നു പതാക ദിനം ആചരിക്കും. അവശേഷിക്കുന്ന ആലപ്പുഴ ജില്ലാ സമ്മേളനം 15,16 തീയതികളിലായി നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചു. പാർട്ടി കോൺഗ്രസിന്റെ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ഭേദഗതികളും നിർദേശങ്ങളും മാർച്ച് 10നുള്ളിൽ കേന്ദ്ര കമ്മിറ്റിക്കു കൈമാറണമെന്ന് കോടിയേരി പറഞ്ഞു. സംസ്ഥാന കമ്മിറ്റി മുതൽ ബ്രാഞ്ച് വരെ ഘടകങ്ങൾക്ക് ഇതിനായി മാർഗനിർദേശങ്ങൾ 26ന് 4 മണിക്ക് പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ഓൺലൈനായി നൽകും. മാർച്ച് 9 ന് പുതിയ സംസ്ഥാന കമ്മിറ്റി ചേർന്ന് കേരള ഘടകത്തിന്റെ നിർദേശങ്ങൾ തയാറാക്കി അയയ്ക്കും. ഈ മാസം 17 മുതൽ 20 വരെ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചേരും. സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കുന്ന പ്രവർത്തന റിപ്പോർട്ടിന് ഈ യോഗങ്ങൾ അന്തിമ രൂപം നൽകും.

ആറ്റുകാൽ പൊങ്കാല, ആലുവ ശിവരാത്രി, മാരാമൺ കൺവൻഷൻ തുടങ്ങിയ എല്ലാ ഉത്സവങ്ങൾക്കും 25 ചതുരശ്ര അടിക്ക് ഒരാൾ എന്ന നിലയിൽ പരമാവധി 1500 പേരെ പങ്കെടുപ്പിക്കാമെന്നു സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഓരോ ഉത്സവത്തിനും പൊതു സ്ഥലത്തിന്റെ വിസ്തീർണം അനുസരിച്ച് അനുവദിക്കാവുന്ന ആളുകളുടെ എണ്ണം കലക്ടർമാർ നിശ്ചയിക്കണം. ആറ്റുകാൽ പൊങ്കാല വീടുകളിൽ മാത്രമേ പാടുള്ളൂവെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ അങ്കണവാടികൾ 14 മുതൽ വീണ്ടും തുറക്കുന്നു. കോവിഡ് മഹാമാരി ആരംഭിച്ച ശേഷം ആദ്യമായാണ് അങ്കണവാടികളിൽ കുട്ടികൾക്ക് പ്രവേശനം അനുവദിക്കുന്നത്. അങ്കണവാടി വഴിയുള്ള പോഷകാഹാര വിതരണവും ഉറപ്പാക്കും. കുട്ടികളെ കൊണ്ടു വിടുന്ന രക്ഷിതാക്കളും അങ്കണവാടി ജീവനക്കാരും മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ് നിർദേശിച്ചു.