കാട്ടാക്കട: രാഷ്ട്രീയ സംഘർഷങ്ങളുടെയും കൊലപാതകങ്ങളുടെ നാടെന്ന് പറഞ്ഞ് വിലയിരുത്തുന്നത് പലപ്പോഴും കണ്ണൂർ ജില്ലയാണ്. എന്നാൽ, കണ്ണൂരിന് അപ്പുറത്തേക്ക് സംഘർഷങ്ങൾ വളരുന്നു എന്നതിന്റെ തെൡവാണ് അടുത്തിടെ പുറത്തുവരുന്ന സംഭവങ്ങൾ. തലസ്ഥാനത്താണ് അടുത്തിടെ കൂടുതൽ സംഘർഷങ്ങൾ ഉണ്ടായത്. വണ്ടന്നൂരിൽ സിപിഐ(എം) പ്രവർത്തകരെ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തിന് പിന്നിലും രാഷ്ട്രീയമാണെന്ന് വ്യക്തമായി. ആർഎസ്എസ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിൽ. കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാല് പേരും ആർഎസ്എസ് പ്രവർത്തകരാണ്.

കൊലപാതക ഗൂഢാലോചന നടത്തിയവരാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു. കാപ്പ നിയമപ്രകാരം ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയ പ്രതിയുൾപ്പെടെ പൊലീസ് പിടിയിലായി. മൂന്ന് മാസമായി തുടരുന്ന ഗൂഢാലോചനയ്‌ക്കൊടുവിലാണു ശനിയാഴ്‌ച്ച രാവിലെ തമലം മേലെ ഊരാളി പുത്തൻ വീട്ടിൽ സുരേഷി(33)നെ അക്രമി സംഘം നടുറോഡിൽ വെട്ടിക്കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു. ആയുധങ്ങൾ ശേഖരിച്ചു പലതവണ പരിശീലനം നേടിയ ശേഷമാണു കൊല നടപ്പാക്കിയതെന്നു പിടിയിലായ പ്രതികൾ സമ്മതിച്ചതായാണു പൊലീസ് പറയുന്നത്.

ഗൂഢാലോചന, കൊല നടത്തുന്നതിന് ആവശ്യമായ സഹായം നൽകൽ തുടങ്ങിയ കുറ്റങ്ങളാണ് നാലുപേർക്കെതിരെ ചുമത്തിയിട്ടുള്ളത്. പൂജപ്പുര തമലം വാളാത്തിക്കരി താഴെ പുത്തൻ വീട് ടി.സി. 19-1630 ൽ അരുൺ കുമാർ(35), തമലം കാമരാജ് നഗർ ടി.സി.19-1119 പുതുശേരി കിഴക്കുംകര വീട്ടിൽ വിനോദ്കൃഷ്ണ(വിനോദ്-35), തമലം മഠത്തിങ്കൽ കിഴക്കേകര സരസ് നിവാസിൽ സുഭാഷ് കുമാർ(സുമ-32), തമലം ചുള്ളമുക്ക് ടി.സി.-19-958 മുട്ടകടത്ത്മൂല വീട്ടിൽ സുനിൽ കുമാർ(സുനു-42) എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിലെ കൊലയാളികളെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കു പുറമെ കൃത്യത്തിൽ പങ്കെടുത്ത ഗിരീഷിനെ സംഭവദിവസം തന്നെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കൊലയാളി സംഘത്തിലെ മൂന്ന് പേർകൂടി ഇനി പിടിയിലാകാനുണ്ട്. ഗൂഢാലോചനയിൽ അറസ്റ്റിലായ അരുൺകുമാറിന്റെതാണു കൊലയാളി സംഘം സഞ്ചരിച്ചിരുന്ന കാർ. കൊല നടത്തുന്നതിനു വേണ്ടി അരുൺ കാർ വിട്ടുനൽകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഈ കാറിൽ അക്രമികൾ മൂന്ന് ദിവസമായി സുരേഷിന്റെ വാടകവീടിനു പരിസരത്തു കറങ്ങി നടന്നിരുന്നു. കൊല നടന്ന ശനിയാഴ്ച അതിരാവിലെ തന്നെ ഈ കാർ ഈ പ്രദേശത്ത് എത്തിയിരുന്നതായി നാട്ടുകാരും പൊലീസിനെ അറിയിച്ചു.

പിടിയിലായ സുഭാഷ് കുമാർ കാപ്പ നിയമപ്രകാരം ജയിൽവാസം കഴിഞ്ഞു പുറത്തിറങ്ങിയത് അടുത്ത കാലത്താണ്. രാഷ്ട്രീയ വൈരത്തിനൊപ്പം, മണ്ണ് മാഫിയയുടെ ഒടുങ്ങാത്ത പകയാണു സുരേഷിന്റെ കൊലയ്ക്കു പിന്നിലെന്നാണു പൊലീസ് പറയുന്നത്. പിടിയിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.കൃത്യം നടത്തിയ സംഘത്തിലുണ്ടായിരുന്ന, പൊലീസ് പിടിയിലായ ഗിരീഷിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിനുള്ള അപേക്ഷ പൊലീസ് ഇന്നലെ കോടതിയിൽ സമർപ്പിച്ചു.

റൂറൽ പൊലീസ് മേധാവി ഷെഫീൻ അഹമ്മദ്, നെടുമങ്ങാട് ഡിവൈഎസ്‌പി: ഇ.എസ്.ബിജുമോൻ എന്നിവരുടെ നേതൃത്വത്തിൽ കാട്ടാക്കട സിഐ: ആർ.എസ്.അനുരൂപ്, കാട്ടാക്കട എസ്‌ഐ ബിജുകുമാർ, മാറനല്ലൂർ എസ്‌ഐ ശാന്തകുമാർ, എഎസ്‌ഐ മാരായ ഹരികുമാർ, അശോകൻ, സീനിയർ സിവിൽ പഭലീസ് ഓഫളസർമാരായ സുനിൽ കുമാർ, ജയപ്രസാദ്, സിവിൽ പൊലീസ് ഓഫിസർ അരുൺ, ഷാഡോ പൊലീസ് എസ്‌ഐ. സജു കെ.നായർ, എഎസ്‌ഐ മാരായ പോൾവിൻ, ജയൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സുനിലാൽ, ഷിബു, സുനിൽ, നെവിൽരാജ്, പ്രവീൺ, അജി, ദിലീപ്, ഹരി, റിയാസ് ബിജു എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിക്കുന്നത്.