- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടയത്ത് സിപിഎം പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വീട്ടിൽ കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദനം; ആക്രമണം പൊലീസ് സാന്നിധ്യത്തിലെന്ന് ആരോപണം; ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃക്കൊടിത്താനം: കോട്ടയം തൃക്കൊടിത്താനത്ത് സിപിഎം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ആക്രമണം. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി മനു കുമാർ, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച അർധരാത്രി സിപിഎം പഞ്ചായത്തംഗം ബൈജു വിജയന്റെ നേതൃത്വത്തിൽ 60 അംഗ സംഘമാണ് വീടുകയറി ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിപിഎം ശക്തികേന്ദ്രമായ തൃക്കൊടിത്താനത്തെ മണികണ്ഠൻ വയൽ എന്ന സ്ഥലത്ത് യൂത്ത് കോൺഗ്രസ് യൂനിറ്റ് ആരംഭിച്ചത് മുതൽ മനു കുമാറിന് ഭീഷണിയുണ്ടായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു. വ്യാഴാഴ്ച രാത്രി 11.20തോടെ വീട്ടിലെത്തിയ ബൈജു വിജയന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം മനു കുമാറുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. ഇതിനിടെ മനുവിനെ മർദിച്ചു. തുടർന്ന് തൃക്കൊടിത്താനം പൊലീസിനെ മനു വിളിച്ചു വരുത്തി.
കൂടാതെ, യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ അടക്കമുള്ളവരെ ഫോണിൽ വിളിച്ച് സംഭവം പറഞ്ഞു. ഷാഫി പറമ്പിൽ രാത്രി തന്നെ ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിച്ച് അക്രമം ആവർത്തിക്കരുതെന്ന് ആവശ്യപ്പെട്ടതായും മനു പറയുന്നു. എന്നിട്ടും ആക്രമണം ഉണ്ടായെന്നാണ് യൂത്ത് കോൺഗ്രസുകാർ ആരോപിക്കുന്നത്.
പൊലീസിന്റെ സാന്നിധ്യം ഉണ്ടായിരിക്കെ പുലർച്ചെ ഒന്നരയോടെ ബൈജു വിജയന്റെ നേതൃത്വത്തിൽ അറുപതോളം വരുന്ന സംഘം വീടുവളയുകയും ഉള്ളിൽ കയറി മനുവിനെയും ഒപ്പമുണ്ടായിരുന്ന ആന്റോയെയും കമ്പിവടി ഉപ യോഗിച്ച് ആക്രമിക്കുകയായിരുന്നു.
മതിലുതർക്കത്തെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെടുന്നു. ആക്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ