- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാർട്ടിക്കും സർക്കാരിനുമെതിരേ ഉയരുന്ന സംഭവങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ സഖാക്കളുടെ വൈകാരിക ഇടപെടൽ പലപ്പോഴും പാർട്ടിക്ക് ദോഷം ചെയ്യുന്നു; ക്ലബ്ബ് ഹൗസിലും ഇനി ഇടപെടലുകൾ; ശുപാർശ കത്തുകൾ ജില്ലാ കമ്മറ്റി ഇമെയിൽ വഴി അയച്ചാൽ മതി; സൈബർ ലോകത്ത് കരുതലുമായി സിപിഎം
തിരുവനന്തപുരം: പാർട്ടിനേതാക്കളുടെയും കമ്മിറ്റികളുടെയും ശുപാർശക്കത്തുകൾ ദുരുപയോഗം ചെയ്യുന്നുവെന്ന തിരിച്ചറിവിൽ സിപിഎം ഇടപെടൽ. ശുപാർശക്കത്തുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താനും കത്തുകൾ ഡിജിറ്റലായി നൽകാനും സിപിഎം. നിർദേശിച്ചു. നേതാക്കൾ മന്ത്രിമാർക്ക് അടക്കം വ്യക്തിപരമായി കത്ത് നൽകുന്ന രീതി വിലക്കി. സർക്കാർതലത്തിലേക്ക് ശുപാർശക്കത്ത് നൽകാനുള്ള അധികാരം പാർട്ടി ഘടകങ്ങൾക്ക് മാത്രമായിരിക്കും. ഇമെയിൽ വഴിയേ അവ അയയ്ക്കാവൂ. പല വിവാദങ്ങളിലും പാർട്ടി ശുപാർശ കത്തുകൾ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഇത്.
സാമൂഹികമാധ്യമരംഗത്ത് പുതിയ ചർച്ചാപ്ലാറ്റ്ഫോം ആയ ക്ലബ്ബ് ഹൗസിലും രാഷ്ട്രീയ ഇടപെടൽ ശക്തമാക്കണമെന്ന് പാർട്ടി അംഗങ്ങൾക്ക് സിപിഎം. നിർദ്ദേശം. ഇത്തരം ചർച്ചകളിൽ പാർട്ടിയുടെ നിലപാടും ആശയവും പ്രചരിപ്പിക്കുന്ന സഖാക്കളായി അംഗങ്ങൾ മാറണമെന്നും സിപിഎം. പറയുന്നു. അതായത് ക്ലബ് ഹൗസുകളിലും ഇനി സൈബർ സഖാക്കൾ നിറയും. ക്യാപ്‌സ്യൂളുകളിലൂടെ ഇവിടേയും ആശയ പ്രചരണം നടത്തും.
പാർട്ടിക്കും സർക്കാരിനുമെതിരേ ഉയരുന്ന സംഭവങ്ങൾ നവമാധ്യമങ്ങളിൽ ചർച്ചയാകുമ്പോൾ സഖാക്കൾ വൈകാരികമായി പ്രതികരിക്കുന്നത് ഒഴിവാക്കണം. വൈകാരിക ഇടപെടൽ പലപ്പോഴും പാർട്ടിക്ക് ദോഷംചെയ്യുന്ന സ്ഥിതിയാണുള്ളത്. പാർട്ടി നയങ്ങൾക്കെതിരേ സംസാരിക്കുന്നത് അച്ചടക്കലംഘനമായിത്തന്നെ കണക്കാക്കുകയും അവരുൾപ്പെടുന്ന ഘടകം ഇടപെടുകയും വേണം. അനാവശ്യമായ ഗ്രൂപ്പുകൾ ഉണ്ടാക്കുകയും അതിൽ അംഗങ്ങളായി ചേരുകയും ചെയ്യുന്ന രീതി നിരുത്സാഹപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നു.
ശുപാർശ കത്തുകൾ പലപ്പോഴും പാർട്ടിക്കും സർക്കാരിനും തലവേദനയാണ്. ഈ സാഹചര്യത്തിലാണ് നിലപാട് പ്രഖ്യാപനം. ശുപാർശക്കത്തുകൾ ഒരു കാരണവശാലും വ്യക്തികളുടെ കൈയിൽ കൊടുത്തയക്കരുത്. ഇത്തരം കത്തുകൾ ഫോട്ടോസ്റ്റാറ്റ് എടുത്ത് ദുരുപേയാഗം ചെയ്യുന്നുണ്ട്. ഏതെങ്കിലും കാര്യങ്ങൾ ജില്ലാകമ്മിറ്റികൾക്ക് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുണ്ടെങ്കിൽ അവ ഇ-മെയിൽവഴി നൽകണം. പാർട്ടി സംസ്ഥാന-ജില്ലാ കമ്മിറ്റികൾ നൽകുന്ന കത്തുകൾ ശരിയായരീതിയിൽ പരിശോധിച്ച് നടപടി സ്വീകരിക്കാൻ മന്ത്രിമാരുടെ ഓഫീസിലുള്ളവർ ശ്രമിക്കണമെന്നും സംസ്ഥാനകമ്മിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
നയപരമായ കാര്യങ്ങളിൽ സർക്കാരിന് നിർദേശങ്ങൾ നൽകാനുള്ള ഉത്തരവാദിത്ത്വം പാർട്ടി സംസ്ഥാന കമ്മിറ്റിക്കാണ്. വ്യക്തിപരമായ ശുപാർശകളും ഇടപെടലുകളും നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. എന്തെങ്കിലും നിർദമേശമുണ്ടെങ്കിൽ അത് പാർട്ടിഘടകത്തിന്റെ ശ്രദ്ധയിൽപ്പെടുത്തണം. അങ്ങനെ എല്ലാം പാർട്ടിയായി മാറും. വ്യക്തിപരമായ ഇടപെടലുകൾ പലപ്പോഴും വിവാദങ്ങൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണഅ ഇത്.
പൊതുവായ വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്താനല്ലാതെ വ്യക്തിപരമായ പ്രശ്‌നങ്ങളിൽ ജില്ലാകമ്മിറ്റികൾക്ക് താഴെയുള്ള ഒരുഘടകവും മന്ത്രി ഓഫീസുകളിലേക്ക് കത്തയക്കരുത്. സ്ഥലംമാറ്റത്തിനുള്ള ശുപാർശ ക്കത്തുകൾ പരിഗണിക്കേണ്ടതില്ല. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ സാമൂഹികമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ സിപിഎമ്മിന് കഴിഞ്ഞെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തൽ. 162 ട്രോളുകളാണ് സിപിഎം. തയ്യാറാക്കി പ്രചരിപ്പിച്ചത്. 282 ചെറുവീഡിയോകളും 88 പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ഘട്ടത്തിൽ മാത്രം തയ്യാറാക്കി.
കുടുംബഗ്രൂപ്പുകളിലേക്ക് വർഗീയശക്തികൾ നുഴഞ്ഞുകയറുന്നെന്ന മുന്നറിയിപ്പും സിപിഎം. നൽകുന്നു. ധ്രുവീകരണം സൃഷ്ടിക്കുന്നതിനാണ് ശ്രമം. ഇത്തരം കാര്യങ്ങൾ പരിശോധിക്കുകയും തിരുത്തുകയും ചെയ്യണമെന്നാണ് നിർദ്ദേശം.
മറുനാടന് മലയാളി ബ്യൂറോ