കോഴിക്കോട്: എത്രകൊണ്ടാലും അറിഞ്ഞാലും സിപിഐ(എം) പാഠം പഠിക്കാത്തത് എന്തേ? ഒരേ സമയം അസഹിഷ്ണുതയെ കുറിച്ച് പറയുമ്പോൾ തന്നെ തങ്ങൾക്കെതിരായി ആരെങ്കിലും നിലകൊണ്ടാൽ വച്ചേക്കില്ലെന്ന നിലപാടാണ് സിപിഐ(എം) ആവർത്തിക്കുന്നത്. ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കോഴിക്കോട് മാദ്ധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിലും കടുത്ത പ്രതിഷേധം ഉയർന്നിരിക്കയാണ്. കേരളത്തിലെ കൊലയാളി പാർട്ടിയെന്ന ചീത്തപ്പേരുള്ള സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിന്റെ മറ്റൊരു തെളിവായി മാറി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ക്യാമറാമാനെയും മർദ്ദിച്ച സംഭവം. അക്രമ സംഭവത്തിൽ മാദ്ധ്യമപ്രവർത്തകർ കടുത്ത എതിർപ്പ് ഉയർത്തി രംഗത്തെത്തിയപ്പോൾ അവസരം മുതലെടുക്കാൻ കോൺഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അടക്കമുള്ളവർ അക്രമത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സിപിഎമ്മിനെതിരെ കേരളത്തിൽ ഉയർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട കാമ്പയിനാണ് അക്രമ രാഷ്ട്രീയം. ഇത്രയൊക്കെ വിമർശനം ഉയർന്നിട്ടും ഈ തെരഞ്ഞെടുപ്പുകാലത്തുപോലും അതിന് യാതൊരുമാറ്റവുമില്ലെന്ന് തെളിയിക്കുന്നതായി ഈ സംഭവമെന്ന ആരോപണം ശക്തമായിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ട് യാതൊരു കാരണവുമില്ലാതെ ഏഷ്യാനെറ്റ് റിപ്പോർട്ടർക്കുനേരെയാണ് സിപിഐ(എം) സംഘം തിരഞ്ഞത്. സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പങ്കെടുത്ത പരിപാടിക്കിടെ മാദ്ധ്യമ പ്രവർത്തകർക്ക് മർദനമേറ്റത്.

മുതലക്കുളം മൈതാനത്ത് നടന്ന എ.കെ.ജി ഇ.എം.എസ് ദിനാചരണത്തിൽ പിണറായി വിജയന്റെ പ്രസംഗം കഴിഞ്ഞയുടനെ അദ്ദേഹം വേദി വിടുന്നതും മറ്റുമായ രംഗങ്ങൾ ചിത്രീകരിച്ച സംഘത്തെയാണ് ഒരു കൂട്ടം പ്രവർത്തകർ കൈകാര്യം ചെയ്തത്. ഏഷ്യാനെറ്റ് റിപ്പോർട്ടർ അനുമോദിനും കാമറാമാൻ അരവിന്ദിനുമാണ് മർദനമേറ്റത്. ഇവരെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ടു കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കസബ പൊലീസ് കേസെടുത്തു.

പിണറായി വിജയൻ വേദി വിട്ടിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം. സദസ്സിന്റെ ദൃശ്യങ്ങളെടുക്കവേ കാലിക്കസേരകൾ എടുക്കുകയാണോടാ എന്നു ചോദിച്ച് പ്രവർത്തകർ മർദിക്കുകയായിരുന്നെന്ന് അനുമോദ് പറഞ്ഞു. ആദ്യം കാമറയും മൈക്കും പിടിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും വിട്ടുകൊടുക്കാത്തതിനാൽ ശാരീരികമായി കൈയേറ്റം ചെയ്യുകയായിരുന്നു. കാമറ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായതായി അനുമോദ് പറഞ്ഞു. അനുമോദിന്റെ മുഖത്തും ശരീരത്തിലും അരവിന്ദിന്റെ തലക്കും മർദനമേറ്റു.

അതേസമയം ഏഷ്യാനെറ്റ് മാദ്ധ്യമസംഘത്തിന് മർദനമേറ്റ സംഭവത്തിൽ സിപിഎമ്മിന് പങ്കില്‌ളെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു. കൈയേറ്റം അപലപനീയമാണ്. സംഭവത്തിൽ ഏതെങ്കിലും പ്രവർത്തകൻ ഉൾപ്പെട്ടതായി കണ്ടത്തെിയാൽ കർശന നടപടി സ്വീകരിക്കും. മാദ്ധ്യമപ്രവർത്തകർക്കെതിരായ അക്രമത്തെ പാർട്ടി ഒരിക്കലും അംഗീകരിക്കില്ല. മാദ്ധ്യമ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

എന്നാൽ മുതലക്കുളത്ത് സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പങ്കെടുത്ത പൊതുസമ്മേളനം റിപ്പോർട്ട് ചെയ്യാനത്തെിയ ഏഷ്യാനെറ്റ് റിപ്പോർട്ടർ അനുമോദ്, കാമറാമാൻ അരവിന്ദ് എന്നിവരെ ക്രൂരമായി മർദിച്ച സിപിഐ(എം) പ്രവർത്തകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പത്രപ്രവർത്തക യൂനിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സ്വതന്ത്ര മാദ്ധ്യമ പ്രവർത്തനം അസാധ്യമാക്കുന്ന തരത്തിലുള്ള നടപടി അംഗീകരിക്കാനാവില്‌ളെന്ന് ജില്ലാ പ്രസിഡന്റ് കമാൽ വരദൂർ, സെക്രട്ടറി എൻ. രാജേഷ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.