തിരുവനന്തപുരം: കേരളത്തിലെ മാധ്യമപ്രവർത്തകർ പൊതുവെ ഇടതുപക്ഷക്കാരാണെന്ന് പറയാറുണ്ട്. തങ്ങൾക്കും തങ്ങളുടെ ആശയങ്ങൾക്കും മാധ്യമങ്ങളിൽ വേണ്ടത്ര സ്‌പെയ്‌സ് കിട്ടുന്നില്ലെന്ന് വലതുപക്ഷരാഷ്ട്രീയക്കാർ പലപ്പോഴും പരാതി പറയുകയും ചെയ്തിരുന്നു. ദേശീയതലത്തിൽ അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് പോലെ ദേശീയത ഉയർത്തിക്കാട്ടുന്ന മാധ്യമസ്ഥാപനമാണ് വലതുപക്ഷക്കാർ കേരളത്തിലും മോഹിച്ചത്.

കേരളത്തിൽ കളമുറപ്പിക്കാനുള്ള ശ്രമങ്ങൾ ബിജെപിയും പാർട്ടി അദ്ധ്യക്ഷൻ അമിത് ഷായും ഊർജ്ജിതമാക്കിയതോടെ, പല വിഷയങ്ങളും ഏറ്റെടുത്ത് സിപിഎമ്മിനെതിരെ പ്രചാരണം നടത്തി വരികയാണ്. കണ്ണൂരിലെ സിപിഎം അക്രമങ്ങളെ ഹൈലൈറ്റ് ചെയ്യുന്ന ദേശീയ ക്യാമ്പെയിൻ, കശാപ്പ് നിരോധനവുമായി ബന്ധപ്പെട്ട ബീഫ് ഫെസ്റ്റിവൽ നടത്തിയ സിപിഎമ്മിനെതിരെയുള്ള പ്രചാരണം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ ബിജെപി ആഞ്ഞടിച്ചു. ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധിയോടെ കാര്യങ്ങൾ മാറിമറിഞ്ഞു. 

യുവതീപ്രവേശനവിധി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വ്യാപകമായ ആക്രമണമാണുണ്ടായത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ മാത്രമല്ല, സോഷ്യൽ മീഡിയയിലും സിപിഎമ്മിനെതിരെ ആക്രമണം ചെറുതായിരുന്നില്ല. പാർട്ടി മുഖപത്രം ദേശാഭിമാനിയും, കൈരളി ചാനലുമൊക്കെ കൈവശമുണ്ടെങ്കിലും, ദേശീയ തലത്തിൽ മാധ്യമസാന്നിധ്യം അറിയിക്കാൻ ഇതൊന്നും പോരെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. സംഘപരിവാർ ദേശീയതലത്തിൽ നടത്തിയ പ്രചാരണത്തെ ഫലപ്രദമായി പ്രതിരോധിക്കാനായില്ലെന്ന വിലയിരുത്തലാണ് പാർട്ടിക്കുള്ളത്. മാധ്യമ-ഡിജിറ്റൽ മേഖലയിൽ കൂടുതൽ സാധ്യത ദേശീയ തലത്തിൽ തേടുകയാണ് ലക്ഷ്യം. ഈ പശ്ചാത്തലത്തിൽ ഒരുപുതിയ മാധ്യമ സൊസൈറ്റി രൂപീകരിച്ചിരിക്കുകയാണ്.

പാർട്ടി കേരള ഘടകമാണ് മാധ്യമ സൊസൈറ്റി രൂപീകരിക്കാനുള്ള നീക്കത്തിന് ചുക്കാൻ പിടിക്കുന്നത്. 'മലയാളം മീഡിയ പ്രമോഷൻ സൊസൈറ്റി' എന്ന പേരിൽ ഇതിനായി ഒരു സൊസൈറ്റി രൂപവത്കരിച്ചു കഴിഞ്ഞു. ഓൺലൈൻ, ഡിജിറ്റൽ, ടെലിവിഷൻ ഉള്ളടക്ക നിർമ്മാണത്തിന് സൊസൈറ്റി നിക്ഷേപം നടത്തും. ഇത് പാർട്ടിക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ഇടതു മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിവര ശേഖര നിർമ്മാണവും സൊസൈറ്റി ലക്ഷ്യം വെക്കുന്നു.

കേരളത്തിൽ ദേശാഭിമാനിയും, കൈരളിയും, ഓൺലൈൻ സ്ഥാപനങ്ങളുമുണ്ടെങ്കിലും, മുഖ്യധാരയിലെ ദേശീയ ചാനലുകളുടെയോ, ഓൺലൈൻ സ്ഥാപനങ്ങളുടെയോ പിന്തുണ ഇല്ല. റിപ്പബ്ലിക്കും, ടൈംസ് നൗവും അടക്കമുള്ള സ്ഥാപനങ്ങൾ സംഘപരിവാർ ആശയങ്ങളെയാണ് കൊണ്ടാടുന്നത്. ഈ സാഹചര്യത്തിൽ ദേശീയതലത്തിൽ ഇടതുരാഷ്ട്രീയത്തിന് ശക്തി പകരും വിധമുള്ള പ്രചാരണത്തിന് നേതൃത്വം നൽകുകയാണ് സൊസൈറ്റിയുടെ പ്രാഥമിക ധർമ്മം.

സൊസൈറ്റിയിലേക്ക് അംഗങ്ങളെ ചേർക്കാനുള്ള നടപടി തുടങ്ങിക്കഴിഞ്ഞു. സൊസൈറ്റിയുടെ പ്രവർത്തനം ഊർജിതമാക്കാൻ ശക്തമായ ഒരു നിര നേതാക്കളെ തന്നെ സിപിഐഎം നിയോഗിച്ചിട്ടുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ പി രാജീവാണ് സൊസൈറ്റിയുടെ പ്രസിഡണ്ട്. ജെയിംസ് മാത്യുവാണ് സെക്രട്ടറി. കോലിയക്കോട് കൃഷ്ണൻ നായരാണ് ട്രഷറർ.സജി ചെറിയാൻ,വികെസി മമ്മദ് കോയ,സി ദിവാകരൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

ദേശീയതലത്തിൽ പോലും ഇടത് ആഭിമുഖ്യമുള്ള മാധ്യമപ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ലക്ഷ്യം വെച്ച് മാധ്യമ പഠന സ്ഥാപനം സൊസൈറ്റി ലക്ഷ്യംവെക്കുന്നു. ഇപ്പോൾ കേരളത്തിൽ മാത്രമേ ഇടതു ആഭിമുഖ്യമുള്ള മാധ്യമപ്രവർത്തകർ പ്രധാനമായി ഉള്ളൂ. എന്നാൽ ഇത് തിരിച്ചറിഞ്ഞ് മാധ്യമ മാനേജ്‌മെന്റുകൾ റിക്രൂട്ട്‌മെന്റ് നടപടികൾ തന്നെ പൊളിച്ചെഴുതിത്ത്ത്ത്ത്ത്ത്തുടങ്ങി. ദേശസ്‌നേഹം ആണ് പ്രധാനഘടകം എന്ന രീതിയിലുള്ള എച്ച് ആർ പോളിസി തന്നെ ഒരു ചാനലിൽ രൂപം കൊണ്ടത് വലിയ വാർത്തയായിരുന്നു.

സൊസൈറ്റിയുടെ പ്രധാന പ്രവർത്തന ഉദ്ദേശ്യങ്ങൾ ഇവയാണ് -

1.മാധ്യമ പഠന മേഖലയിൽ പ്രൊഫഷണൽ വിദ്യാഭ്യാസ,ഗവേഷണ കോളേജുകളോ യൂണിവേഴ്‌സിറ്റിയോ സ്ഥാപിക്കാനും നടത്തുവാനും വേണ്ട നടപടികൾ കൈക്കൊള്ളുക.

2.മാധ്യമ രംഗത്തെ പഠന-ഗവേഷണങ്ങൾക്കായി അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് സഹായം അനുവദിക്കുക

3.സൊസൈറ്റിയുടെ ഉദ്ദേശ്യലക്ഷ്യ പ്രാപ്തിക്കായി പ്രസിദ്ധീകരണങ്ങൾ,പുസ്തക പ്രസാധനം മുതലായവ നടത്തുക

4.മാധ്യമങ്ങളുടെ പൊതുസംവാദത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുക

5.മാധ്യമ മേഖലയിൽ പലവിധ ഉദ്യമങ്ങൾ നടപ്പിലാക്കുക

6.വിവിധ മാധ്യമ ഘടകങ്ങളുമായി സഹകരണം വർധിപ്പിക്കുക

7.സൊസൈറ്റിയുടെ ലക്ഷ്യങ്ങളെ പിൻതാങ്ങുന്ന മാധ്യമ സ്ഥാപനങ്ങളുമായി സഹകരിക്കുക

8.സീരിയലുകൾ,ഹ്രസ്വ ചിത്രങ്ങൾ,ഡോക്യുമെന്ററികൾ,സിനിമകൾ തുടങ്ങിയവയുടെ നിർമ്മാണവും ടെലികാസ്റ്റും സാധ്യമാക്കുക

9.സൊസൈറ്റിയുടെ ലക്ഷ്യങ്ങൾക്കായി മാധ്യമ സ്ഥാപനങ്ങൾ തുടങ്ങുകയോ ഏറ്റെടുക്കുകയോ മേൽനോട്ടം വഹിക്കുകയോ ചെയ്യുക

10.സമാനമായ ഉദ്ദേശ്യമുള്ള സ്ഥാപനങ്ങളോ.ട്രസ്റ്റ്,സൊസൈറ്റി മുതലായവയോ ആയി സഹകരിക്കുകയോ സൊസൈറ്റിയുമായി സഹകരിപ്പിക്കുകയോ ചെയ്തുകൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുക.

ഏഴുതരം മെമ്പർഷിപ്പാണ് സൊസൈറ്റിയിലുള്ളത്. എ ക്ലാസ് മെമ്പർഷിപ്പിന് 10 ലക്ഷം രൂപ. ഏറ്റവും താഴത്തെ ജി ക്ലാസ് മെമ്പർഷിപ്പിന് 25,000 രൂപയാണ് ഫീസ്. സൊസൈറ്റി വിപൂലീകരണ പ്രവർത്തനങ്ങൾ കേരളത്തിൽ ജില്ലകൾ തോറും ആരംഭിച്ചു കഴിഞ്ഞു. ശബരിമല വിഷയത്തിൽ പാഠം ഉൾക്കൊണ്ട സാഹചര്യത്തിൽ പാർട്ടി പ്രവർത്തകർ ആവേശത്തോടെ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ അണിചേരുമെന്നും സിപിഎം പ്രതീക്ഷിക്കുന്നു. കേരളം പതിറ്റാണ്ടുകളുടെ പ്രയത്‌നത്തിലൂടെ നേടിയ നവോത്ഥാന മൂല്യങ്ങൾക്ക് നേരേ ദേശീയതലത്തിൽ തന്നെ മാധ്യമങ്ങളുടെ സംഘടിത ആക്രമണത്തെ ചെറുക്കാൻ സൊസൈറ്റി ചാലകശക്തിയാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു.