- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറി വിവാദം: സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി; ടി. ഐ. മധുസൂധനൻ എംഎൽഎയെ തരംതാഴ്ത്തി; പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറിക്കെതിരെയും നടപടി; പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ
കണ്ണൂർ: പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ സിപിഎമ്മിൽ കൂട്ട അച്ചടക്ക നടപടി. ടി.ഐ.മധുസൂദനൻ എംഎൽഎയെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലക്ക് തരംതാഴ്ത്തി. രണ്ട് ഏരിയാ കമ്മിറ്റി അംഗങ്ങളേയും തരംതാഴ്ത്തി. മൂന്ന് അംഗങ്ങൾക്ക് പരസ്യശാസനയാണ് നടപടിയെന്നാണ് വിവരം. നേതാക്കൾക്കെതിരെ പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ സ്ഥാനത്തു നിന്നും മാറ്റി എന്നതാണ് ശ്രദ്ധേയം. പകരം സംസ്ഥാന സമിതി അംഗം ടി.വി. രാജേഷിന് ഏരിയാ കമ്മിറ്റിയുടെ ചുമതല നൽകി.
കെകെ ഗംഗാധരൻ, ടി വിശ്വനാഥൻ എന്നിവരെയാണ് കീഴ്ക്കമ്മറ്റിയിലേക്ക് തരംതാഴ്ത്തിയത്. അതേ സമയം പരാതി നൽകിയതിന് നടപടി വന്നതോടെ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായി വി.കുഞ്ഞികൃഷ്ണൻ അറിയിച്ചു. എം വി ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.
നേരത്തെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലും ജില്ലാ കമ്മറ്റിയിലും എംഎൽഎയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സ്ഥാനാർത്ഥി എന്ന നിലിയിലും പാർട്ടിയുടെ മുതിർന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ ജാഗ്രത പുലർത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനൻ എംഎൽഎക്കെതിരെ നടപടി എടുത്തത്.
നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കാൻ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂധനൻ ഉൾപ്പെടെ പയ്യന്നൂരിൽ നിന്നുള്ള ആറ് പേർക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഈ നോട്ടീസിന് മറുപടി വാങ്ങിയതിന് ശേഷമാണ് നടപടിയുണ്ടാകുന്നത്.
പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണത്തിനായി സിപിഎം നടത്തിയ ചിട്ടിയിൽ 80 ലക്ഷത്തോളം രൂപയുടെ തിരിമറി നടന്നുവെന്നും ഒരു നറുക്കിന് വേണ്ടി പിരിച്ച തുക പൂർണ്ണമായും ചിട്ടി കണക്കിൽ ഉൾപ്പെടുത്തിയില്ലെന്നുമാണ് ആരോപണം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പയ്യന്നൂർ ഏരിയ കമ്മിറ്റി പിരിച്ച രണ്ട് രസീത് ബുക്കുകളുടെ കൗണ്ടർ ഫോയിലുകൾ തിരിച്ചെത്താതെ വന്നതോടെയാണ് തിരഞ്ഞെടുപ്പ് ഫണ്ടിലെ തിരിമിറയും പുറത്തായത്.
തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും പാർട്ടി ഓഫീസ് നിർമ്മാണഫണ്ട് ശേഖരണത്തിനായി നടത്തിയ കുറിയിലും നടന്ന തട്ടിപ്പിനും പുറമേ രക്തസാക്ഷി ഫണ്ട് വകമാറ്റിയെടുക്കാനുള്ള ശ്രമം നടന്നതായ ആരോപണങ്ങൾ പയ്യന്നൂരിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാൻ പിരിച്ച ഒരുകോടിയോളം രൂപയുടെ കാര്യത്തിലാണ് ആരോപണം. വീടുനിർമ്മാണത്തിനും കുടുംബാംഗങ്ങൾക്കു നൽകിയ ഫണ്ടിന്റെയും ബാക്കി രണ്ടുനേതാക്കളുടെ പേരിൽ സ്ഥിര നിക്ഷേപമായി മാറ്റിയെന്നാണ് പരാതി.
നിക്ഷേപത്തിന്റെ പലിശയിൽ വലിയ ഭാഗം രണ്ടുനേതാക്കളിൽ ഒരാളുടെ സ്വന്തം അക്കൗണ്ടിലേക്കു മാറ്റി. ഇതേസമയം, രക്തസാക്ഷി ധനരാജിന്റെ കുടുംബത്തിന് മുതലും പലിശയും കൂട്ടുപലിശയും ചേർന്ന് 14 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നു. അത് അടച്ചില്ലെന്നു മാത്രമല്ല, പിരിച്ച തുകയുടെ വലിയഭാഗം പിൻവലിക്കുകയുംചെയ്തു. കേസ് നടത്തിപ്പിനാണ് തുക പിൻവലിച്ചതെന്ന വാദം ഇപ്പോൾ നേതാക്കൾ ഉയർത്തുന്നുണ്ട്. ഏതായാലും വ്യക്തമായ ഉത്തരം പറയാനില്ലാത്ത സ്ഥിതിയിലാണ് ബന്ധപ്പെട്ടവർ.
സിപിഎമ്മിന്റെ സംസ്ഥാനത്തെ ഏറ്റവുംവലുതും സൗകര്യമുള്ളതുമായ ഏരിയാകമ്മിറ്റി ഓഫീസാണ് പയ്യന്നൂരിലേത്. ഇതിന്റെ നിർമ്മാണത്തിനായി കുറി സംവിധാനത്തിലാണ് പണം പിരിച്ചത്. ആയിരം പേരിൽനിന്ന് 15,000 രൂപവീതം. അതിൽ ഒരു കുറിയിലാണ് കൃത്രിമം നടത്തിയത്.
പാർട്ടി തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിനായി വ്യാജ രസീത് ബുക്ക് അടിച്ചുനൽകിയതും പിടിക്കപ്പെട്ടു. നിലവിൽ ഏരിയാസെക്രട്ടറി ആയിരുന്ന വി. കുഞ്ഞികൃഷ്ണനും നേരത്തേ നടപടിക്കു വിധേയനായ മുൻ ഏരിയാസെക്രട്ടറി കെ.പി. മധുവും തമ്മിലുള്ള ശീതസമരമാണ് പ്രശ്നങ്ങൾക്കു തുടക്കമിട്ടതെന്ന് പാർട്ടിക്കുള്ളിൽ സംസാരമുണ്ടായിരുന്നു.
തെരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതിയുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സിപിഎം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
മറുനാടന് മലയാളി ബ്യൂറോ