കാസർഗോഡ്: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളും വിവാദങ്ങളും തുടരുമ്പോൾ കാസർഗോട്ടെ സിപിഎം. നേതാവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുന്നു. ഡിവൈഎഫ്ഐ മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും സിപിഎം. ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ അദ്ദേഹത്തിന് മണികണ്ഠൻ എന്ന പേരിടാൻ കാരണമായതും നിലവിൽ നടന്നു വരുന്ന വിവാദങ്ങൾക്കുമെതിരെ ശക്തമായ വിമർശനങ്ങളും തൊടുത്തു വിടുന്നു. 25 വർഷം മല ചവിട്ടിയ ഗുരുസ്വാമിയായ തന്റെ അച്ഛനോടൊപ്പം താൻ മല ചവിട്ടിയിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഭക്തിയുടെ പ്രതീകമായാണ് തനിക്ക് മണികണ്ഠനെന്ന പേരുണ്ടായതെന്നും സിപിഎം. നേതാവ് ഫേസ്‌ബുക്കിൽ കുറിച്ചിട്ടുണ്ട്.

മണികണ്ഠന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
നെയ്തേങ്ങയിൽ വലയം പ്രാപിച്ച കരിന്തിരിയുടെ നനുത്ത സുഗന്ധം ഇപ്പോഴും മനസിൽ തിരയടിക്കുന്നുണ്ട്. നിലവിളക്കിന്റെ അരണ്ട വെളിച്ചത്തിൽ പെയ്യുന്ന കുളിര് ഇപ്പോഴും എന്റെ ഹൃദയത്തിൽ തൊടുന്നുണ്ട്. അയ്യപ്പസന്നിധിയിൽ സർവസ്വവും അർപ്പിച്ച് 25 വർഷക്കാലം തുടർച്ചയായി ശബരിമലകയറിയ നാടറിയുന്ന നാരായണ ഗുരുസ്വാമിയായിരുന്നു എന്റെ അച്ഛൻ. 18 കൊല്ലം പടി കയറിയപ്പോൾ ശബരിമലയിൽ തെങ്ങിൻ തയ്യും വെച്ചു. വീട്ടിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിലാണ് ഞാൻ വളർന്നത്. എന്റെ പേര് മണികണ്ഠനായതിന് പിന്നിലും അച്ഛന്റെ തികഞ്ഞ അയ്യപ്പഭക്തി തന്നെ. ഞാനും ചെറുപ്പകാലത്ത് പടി ചവിട്ടിയിട്ടുണ്ട് അച്ഛന്റെ വിരലിൽ തൂങ്ങി. ആ ആചാരങ്ങളും ഞാൻ പാലിച്ചിട്ടുണ്ട്. ആ ധന്യാത്മകമായ ഓർമകളിലേക്കാണ് ഇപ്പോൾ ഒരു കൂട്ടം മതഭ്രാന്തന്മാർ നിരന്തരം വിഷം തുപ്പുന്നത്.

നിങ്ങൾ ഏത് തരം ഭക്തിയാണ് എന്റെ അച്ഛനെപ്പോലുള്ള സ്വാമിമാരുടെ മേൽ തുപ്പുന്നത്. ഏത് തരം കാളകൂടമാണ് തീമഴയായി നമ്മുടെ നാട്ടിൽ പെയ്യിക്കുന്നത്. ഹേ സംഘിപരിവാറുകാരെ, എന്റയും എന്റെ അച്ഛന്റയും നെയ്തേങ്ങ മണമുള്ള മതേതര വിശുദ്ധി ഏത് മലയാളിയുടെ തലയിലാണ് നിങ്ങൾ എറിഞ്ഞുടക്കുന്നത്. അച്ഛൻ ഗുരുസ്വാമിയായിരിക്കുമ്പോൾ തന്നെയാണ് ഞാൻ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതും. അയ്യപ്പഭക്തിയുടെ എല്ലാം തികഞ്ഞ സന്നിധാനത്തിൽ അത് ഞാൻ തന്നെ (തത്ത്വമസി) എന്ന് നിരന്തരം ഓർമിച്ച് ആ ഗുരുസ്വാമി ഞാനെന്ന കമ്യൂണിസ്റ്റിനെ ചേർത്തു പിടിച്ചു. അതാണ് മതേതര കേരളം, അതാണ് ഇന്നലത്തെയും ഇന്നത്തെയും കേരളം. അതുതന്നെയായിരിക്കണം നാളത്തെ കേരളം എന്ന് നിരന്തരം ഓർമിപ്പിക്കേണ്ട നിമിഷങ്ങളാണിത്.

ഞാനറിയുന്നു; ഞങ്ങളറിയുന്നു എന്റെ അച്ഛനെപ്പോലെയുള്ളവർ കൈ പിടിച്ചു നടത്തിയ തീർത്തും സെക്കുലറായ മതബോധമാണ് ഈ നാടിനെ നിലനിർത്തുന്നത്. അതിന് ഭംഗം വരുത്തുന്ന ഒന്നിനും ഈ മണ്ണിൽ സ്ഥാനമില്ല. അതിനെനിക്ക് വഴിവിളക്കാകുന്നത് ഗുരുസ്വാമിയായിരുന്ന എന്റെ അച്ഛനാണ്. അതിനോട് ചേർന്നു പോകുന്ന എന്റെ പാർട്ടിയാണ്. ചെറുക്കാം നമുക്ക് യാർത്ഥ വിശ്വാസത്തെ കൊല്ലുന്ന ഈ സംഘി ഭീകരതയെ ... പള്ളിക്കര ഹോളി സ്പിരിറ്റ് ചർച്ചിൽ കടപ്പുറത്തെ മാർട്ടിന്റെ കൂടെ പള്ളിപ്പെരുന്നാളിന് പോയി നേർച്ച പ്രസാദം കഴിക്കുന്നതും പ്രസിദ്ധമായ ബേക്കൽ ഹൈദ്രോസ് ജുമാ അത്ത് പള്ളിയിൽ എന്റെ മുസ്ലിം സുഹൃത്തുക്കളുടെ കൂടെ പോയി നേർച്ചഭക്ഷണം കഴിക്കുന്നതുമെല്ലാം കമ്മ്യൂണിസ്റ്റ്കാർക്ക് ഇതൊന്നും നിഷിദ്ധമല്ല എന്ന രാഷ്ട്രീയാനുഭവങ്ങളിലൂടെയുള്ള എന്റെ ബോധ്യത്തിന്റെ ഭാഗമായിട്ടാണ്.

എല്ലാ വിശ്വാസങ്ങളേയും ഞങ്ങൾ മാനിക്കുന്നു. മത വിശ്വാസത്തിനും ദൈവവിശ്വാസത്തിന്നും ആർക്കും ഒരു പാർട്ടിയുടേയും പിൻബലം ആവശ്യമില്ല. അത് വിശ്വാസികൾ സ്വയം തീരുമാനിക്കേണ്ട കാര്യമാണ്. വർഗ്ഗീയ വിഷം തുപ്പി വിശ്വാസികളെ കൊലക്ക് കൊടുക്കുന്ന വിഷകല മാരും ഇരുമുടിക്കെട്ട് സ്വയം വലിച്ച് താഴെയിട്ട് അയ്യപ്പനെ അവഹേളിക്കുന്ന സുരേന്ദ്രജിമാരും യഥാർത്ഥ വിശ്വാസികളുടെ ശത്രുക്കളാണ്. ചരിത്രം അവർക്ക് ഒരിക്കലും മാപ്പ് നൽകുകയുമില്ല.