തിരുവനന്തപുരം: വനിതാ ഡോക്ടറെയും ഭർത്താവിനെയും നടുറോഡിൽ തടഞ്ഞുനിർത്തി സി.പി.എം-സിഐടിയു നേതാക്കളും ഗുണ്ടകളും ചേർന്ന് ആക്രമിച്ചതായി പരാതി. ശ്രീകാര്യം ചാവടിമുക്ക് ജംഗ്ഷനിൽ ആയിരുന്നു സംഭവം. ദമ്പതികളെ ആക്രമിക്കുന്നത് ചേദ്യം ചെയ്ത നാട്ടുകാരെയും ഗുണ്ടകൾ ആക്രമിച്ചു. ചാവടിമുക്കിൽ വാടകയ്ക്ക് താമസിച്ചിരുന്ന ആറ്റിങ്ങൽ സ്വദേശിയായ ഡോക്ടറും ഭർത്താവുമാണ് പ്രദേശിക സി.പി.എം നേതാക്കളുടെ ആക്രമണത്തിന് ഇരയായത്.

ഈ ദമ്പതികൾ ചാവടിമുക്കിൽ വാടകയ്ക്ക് താമസിച്ചിരുന്നപ്പോൾ വീട്ടുടമയുമായുണ്ടായ പ്രശ്‌നമാണ് ആക്രമണത്തിന് കാരണം. വീടൊഴിയുകയാണെന്നും ഡെപ്പോസിറ്റായി നൽകിയ 30000 രൂപ മടക്കി നൽകണമെന്നും ഡോക്ടറും കുടുംബവും വീട്ടുടമയോട് ആവശ്യപ്പെട്ടതിനെ തുടർന്ന് മെയ് 22-ന് ഇതേ അക്രമി സംഘം വീട്ടിലെത്തിയിരുന്നു. അന്ന് ഭർത്താവിന്റെ അസാന്നിധ്യത്തിൽ രോഗികൾക്ക് മുന്നിൽ വച്ച് വനിതാഡോക്ടറെ അസഭ്യം പറയുകയും വീട്ടുമുറ്റത്തിരുന്ന ബൈക്കിന് കേടുപാടുകൾ വരുത്തുകയും ചെയ്തു.

ഇതേത്തുടർന്ന് ഡോക്ടർ പൊലീസിനെ വിളിച്ചു വരുത്തിയശേഷമാണ് ഈ സംഘം മടങ്ങിയത്. അന്ന് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് വീട്ടുടമ ഡെപ്പോസിറ്റ് മടക്കി നൽകുകയും ചെയ്തു. എന്നാൽ വീടുകയറി സ്ത്രീയെ ആക്രമിക്കാൻ ശ്രമിച്ചതിന് ഈ സംഘത്തിനെതിരെ കാര്യമായ വകുപ്പ് ചുമത്തി കേസെടുക്കാൻ ശ്രീകാര്യം എസ്‌ഐ തയാറായില്ലെന്ന് ഇവർ ആരോപിക്കുന്നു.

ഈ സംഭവത്തെതുടർന്ന് ഡോക്ടറും കുടുംബവും കുളത്തൂരിലേക്ക് താമസം മാറുകയും ചെയ്തു. ഇതിനിടെ ജൂൺ 23-ന് ഈ കുടുംബം ചാവടിമുക്കിലെത്തി കുളത്തൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് പ്രദേശിക സി.പി.എം നേതാവിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്. സി.പി.എം ബ്രാഞ്ച് സെക്രട്ടറി അനിൽ, സിഐടിയുക്കാരനായ ഷിബു, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്ന് ഇവർ പറയുന്നു.

ഇതിനിടെ നാട്ടുകാർ പ്രശ്‌നത്തിൽ ഇടപെടുകയും സംഭവം കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു. ഇവരുടെ ബൈക്കും അക്രമിസംഘം തല്ലിത്തകർത്തു. അതേസമയം സ്ഥലത്തെത്തിയ ശ്രീകാര്യം പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ ഡോക്ടറെയും ഭർത്താവിനെയും സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോയതല്ലാതെ അക്രമികളെ പിടികൂടാൻ തയാറായില്ല.

ദമ്പതികൾ നൽകിയ പരാതിയിൽ ഡോക്ടറുടെ മൊഴിയെടുക്കാനും എസ്‌ഐ തയാറായില്ലെന്ന് ആരോപണമുണ്ട്. ഭർത്താവിന്റെ മൊഴിമാത്രം രേഖപ്പെടുത്തി അക്രമികൾക്കെതിരെ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത്. പ്രദേശിക നേതാക്കളുടെ ഇഷ്ടക്കാരനായ എസ്‌ഐ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നും ഇവർ ആരോപിക്കുന്നു. എസ്‌ഐയുടെ നിലപാടിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്ന് ഈ കുടുംബം പറയുന്നു.