അടൂർ: സിപിഎം നേതൃത്വത്തിലുള്ള പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധനസമാഹരണത്തിന്റെ പേരിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം ക്രമക്കേട് നടത്തിയെന്ന പരാതിയിന്മേൽ സംസ്ഥാന നേതൃത്വം അന്വേഷണം പ്രഖ്യാപിച്ചു. മുൻ ഏരിയാ സെക്രട്ടറി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന പിബി ഹർഷകുമാറിനെതിരേയാണ് അന്വേഷണം.

ഇദ്ദേഹത്തിന്റെ എതിർപക്ഷം നൽകിയ പരാതിയിലാണ് സംസ്ഥാന കമ്മറ്റി അന്വേഷണ കമ്മിഷൻ രൂപീകരിച്ചത്. കേന്ദ്രകമ്മറ്റിയംഗങ്ങളായ എംവി ഗോവിന്ദൻ, കെ രാധാകൃഷ്ൺ എന്നിവരുൾപ്പെടുന്നതാണ് അന്വേഷണ കമ്മിഷൻ. കെടിഡിസി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ വ്യാജനിയമന ഉത്തരവ് നൽകി കോടികളുടെ തട്ടിപ്പു നടത്തിയ കേസിലെ പ്രതിയായ ജയസൂര്യ പ്രകാശുമായുള്ള ബന്ധവും അന്വേഷിക്കുമെന്നാണ് അറിയുന്നത്. ഇതിനിടെ ജയസൂര്യ പ്രകാശിന്റെ കൂട്ടുപ്രതിയും ഡിവൈഎഫ്ഐ നേതാവുമായ പ്രശാന്ത് പ്ലാത്തോട്ടം ജാമ്യത്തിൽ പുറത്തിറങ്ങി. തട്ടിപ്പിൽ ഇയാൾക്ക് വലിയ പങ്കില്ലെന്ന് കണ്ടതിനെ തുടർന്നാണിത്.

അതേസമയം ജയസൂര്യ ഒരു കാരണവശാലും പുറത്ത് ഇറങ്ങാതിരിക്കാൻ സിപിഎം നേതൃത്വം കരുക്കൾ നീക്കുകയാണ്. 90 ദിവസത്തിനകം കുറ്റപത്രം നൽകി അവരെ അകത്തു തന്നെ ഇടാനാണ് നീക്കം. ജയസൂര്യ പുറത്തു വന്നാൽ കൂടുതൽ സിപിഎം നേതാക്കളുടെ മുഖംമൂടി അഴിഞ്ഞു വീഴുമെന്നതു കൊണ്ടാണിത്.

പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ധനസമാഹരത്തിന് വേണ്ടി വോളിബോൾ ടൂർണമെന്റ് നടത്താൻ ചതുപ്പു നിലം മണ്ണടിച്ചു നികത്തി. ടൂർണമെന്റിന്റെ പണപ്പിരിവിൽ അഴിമതി നടത്തി എന്നീ ആരോപണങ്ങളാണ് ഹർഷകുമാറിനെതിരേയുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ വലംകൈയാണ് ഹർഷകുമാർ. ഇപ്പോഴത്തെ ഏരിയ സെക്രട്ടറി എസ് മനോജും ഹർഷകുമാറുമായി അത്ര സ്വരച്ചേർച്ചയിലല്ല. മനോജിനെ അനുകൂലിക്കുന്നവരാണ് പരാതിക്ക് പിന്നിലെന്നാണ് അറിയുന്നത്.

സംസ്ഥാന കമ്മറ്റിക്കായിരുന്നു പരാതി. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമായതോടെ കൂടുതൽ നടപടിക്കായി സംസ്ഥാന നേതൃത്വത്തിന് കൈമാറുകയായിരുന്നു. പാർട്ടി ഏരിയ കമ്മറ്റി ഓഫീസിനോടു ചേർന്നുള്ള ചതുപ്പു നിലമാണ് നികത്തിയെടുത്തത്. ജില്ലാ സെക്രട്ടറി ഉദയഭാനു ചെയർമാനും ഹർഷകുമാർ കൺവീനറുമായിട്ടാണ് വോളിബോൾ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചത്. ടൂർണമെന്റിന് മുഴുവൻ സ്പോൺസർമാരെയും സംഘാടക സമിതി കണ്ടെത്തി. എന്നാൽ, ഇതു കൂടാതെ കൂപ്പൺ അടിച്ചിറക്കി സർക്കാർ ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് അവർ മുഖേനെയാണ് പിരിവ് നടത്തി. ഇതിൽ നിന്നുള്ള വരുമാനത്തിന്റെ കൃത്യമായ കണക്കില്ല. 35 ലക്ഷം ഈ രീതിയിൽ പിരിച്ചിരുന്നുവെന്നാണ് സംഘാടക സമിതി പറഞ്ഞിരുന്നത്.

ഇതുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കാതിരുന്നതാണ് വിനയായത്. ഇങ്ങനെ ലഭിച്ച പണം കൊണ്ട് മണ്ണടിയിൽ രണ്ടേക്കർ സ്ഥലം പാലിയേറ്റീവ് കെയർ സൊസൈറ്റി വാങ്ങുമെന്ന് പറഞ്ഞിരുന്നു. അശരണരെ താമസിപ്പിക്കുന്നതിന് കെട്ടിടം നിർമ്മിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ, അതിനുള്ള നടപടികളും ആരംഭിച്ചില്ല. വരവ്-ചെലവ് കണക്കിനെപ്പറ്റി വിവാദം ഉയർന്നപ്പോൾ ഏരിയ കമ്മറ്റി ധൃതി പിടിച്ച് വിളിച്ചു കൂട്ടി. അവിടെ അവതരിപ്പിച്ച കണക്കിൽ 19 ലക്ഷം രൂപ മിച്ചമുണ്ടെന്നാണ് പറയുന്നത്. വോളിബോൾ ടൂർണമെന്റിന്റെ കണക്ക് അവതരിപ്പിക്കാൻ കഴിഞ്ഞ ദിവസമാണ് പാലിയേറ്റീവ് സൊസൈറ്റിയുടെ കമ്മറ്റി വിളിച്ചു കൂട്ടിയത്.

ഈ ടൂർണമെന്റിന് ഇടയിലാണ് മികച്ച സാമൂഹിക പ്രവർത്തക എന്ന ലേബലിൽ തട്ടിപ്പുകാരി ജയസൂര്യ പ്രകാശിനെ ആദരിച്ചത്. ഇതിന് പിന്നാലെയാണ് ഇവർ തട്ടിപ്പു കേസിൽ അറസ്റ്റിലായത്. ഓഗസ്റ്റിലുണ്ടായ മഹാപ്രളയം കാരണമാണ് തട്ടിപ്പു വിവാദത്തിൽ നിന്നും നേതാക്കൾ കഷ്ടിച്ച് രക്ഷപ്പെട്ടത്. ജയസൂര്യ ഹർഷന്റെ അടുത്തയാളാണ്. അതേസമയം, ഇവർക്കൊപ്പം അറസ്റ്റിലായ പ്രശാന്ത് പ്ലാന്തോട്ടം നിലവിലെ ഏരിയ സെക്രട്ടറിയുടെ കക്ഷിയാണെന്നും പറയപ്പെടുന്നു.