മലപ്പുറം: താനൂർ തീരദേശ മേഖലയിൽ മുസ്ലിംലീഗ്-സിപിഐഎം സംഘർഷത്തിന് അയവു വന്നില്ല. തിരൂർ താനൂർ മണ്ഡലങ്ങളുടെ അതിർത്തി പ്രദേശമായ ഉണ്ണ്യാലിൽ കഴിഞ്ഞ ഏതാനും ദിവസമായി ലീഗ് - സിപിഐ(എം) സംഘർഷം നിലനിൽക്കുന്നു. ഇതിനു പിന്നാലെ ഇന്നലെ രാത്രിയിൽ താനൂർ ആൽബസാറിൽ ലീഗ്-സിപിഐ(എം) പ്രവർത്തകർ തമ്മിലുണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്.

സിപിഐഎം പ്രവർത്തകൻ ആൽബസാർ സ്വദേശി കോപ്പിന്റെ പുരക്കൽ ഉദൈഫ് (19), ലീഗ് പ്രവർത്തകൻ കോയമ്മാടത്ത് കബീർ(27) എന്നിവർക്കാണ് കുത്തേറ്റത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ആൽബസാറിൽ വച്ച് ലീഗ്-സിപിഐ(എം) പ്രവർത്തകർ ചേരിതിരിഞ്ഞ് ആക്രമണമുണ്ടായത്. സംഘർഷത്തിനിടെ ഇരു വിഭാഗത്തിൽ്പ്പെട്ടവർക്കും കുത്തേൽക്കുകയായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പ് സമയം മുതൽ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു. സമീപ പ്രദേശത്ത് നിന്നും സ്ഥാനാർത്ഥിയായിരിക്കെ വി അബ്ദുറഹിമാന് ലീഗുകാരിൽ നിന്നും മാർദനം ഏൽക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് സമയത്തുണ്ടായ ലീഗ്-സിപിഐ(എം) സംഘർഷത്തിൽ ഇരു വിഭാഗത്തിനും നിരവധി വീടുകളും കടകളും നശിക്കുകയുണ്ടായി. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയും പ്രദേശത്ത് സംഘർഷം നിലനിന്നു. മുസ്ലിംലീഗിൽ നിന്ന് ആദ്യമായിട്ടായിരുന്നു ഇത്തവണ ഇടതുപക്ഷം താനൂർ മണ്ഡലം പിടിച്ചെടുത്തത്. കഴിഞ്ഞ മൂന്ന് മാസമായി ലീഗ്-സിപിഐ(എം) സംഘർഷത്തിന്റെ പേരിൽ വാഹനങ്ങൾ തകർക്കുകയും നിരവധി വീടുകൾ ത്കർക്കുകയും ചെയ്തിരുന്നു. ഉണ്ണിയാലിൽ സംഘർഷം നിലനിൽക്കെ സമീപ പ്രദേശമായ താനൂർ ആൽബസാറിലും ലീഗ്-സിപിഐ(എം) സംഘർഷം ഉടലെടുത്തത് തലവേദനയായിരിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ച മുതൽ താനൂരിലെ പ്രദേശത്ത് സംഘർഷാവസ്ഥക്ക് തുടക്കം കുറിച്ചിരുന്നു. രാത്രി എട്ട് മണിയോടെ സിപിഐ(എം) പ്രവർത്തകൻ ചേക്കിടാന്റെ പുരക്കൽ അബ്ദുറഹിമാന്റെ മകൻ ഫൈജാസിന്റെ ഓട്ടോറിക്ഷ ലീഗുകാർ തകർത്തു. തകർത്ത ഓട്ടോറിക്ഷയുടെ നഷ്ടപരിഹാര തുക സംബന്ധിച്ച് സംസാരിക്കാനെന്നു പറഞ്ഞ് ബന്ധുവായ ഉദൈഫിനെ ഓട്ടോ തകർത്ത സംഘം അവരുടെ വീടുപരിസരത്തേക്ക് വിളിച്ചു കൊണ്ടു പോയി. എന്നാൽ ഇവിടെയുണ്ടായ വാക്കേറ്റം സംഘർഷത്തിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. ഓട്ടോ തകർത്തതും ഉദൈഫിനെ കുത്തിയതും ഒരേ സംഘമാണ്. ഉദൈഫിനെ അക്രമിച്ച സംഘത്തിൽപ്പെട്ടയാളാണ് കുത്തേറ്റ ലീഗ് പ്രവർത്തകൻ കബീർ. കബീറും സഹോദരങ്ങളും ചേർന്നാണ് ഉദൈഫിനെ ആക്രമിച്ചത്. എന്നാൽ സിപിഐ(എം) പ്രവർത്തകൻ ഉദൈഫും സംഘവുമാണ് ലീഗ് പ്രവർത്തകൻ കബീറിനെ കുത്തിയതെന്ന് കബീറിന്റെ ബന്ധുക്കൾ പറഞ്ഞു.

സംഘർഷത്തിൽ ഉദൈഫ്, കബീർ എന്നിവർക്ക് മാരകമായി പരിക്കേൽക്കുകയായിരുന്നു. കബീറിനെ സംഘത്തിലുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചു. രക്തം വാർന്ന് അവശനിലയിൽ കണ്ട ഉദൈഫിനെ രണ്ട് സുഹൃത്തുക്കൾ ചേർന്ന് ബൈക്കിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കബീറിന് ഊരയുടെ പിൻഭാഗത്താണ് മുറിവ്. ഉദൈഫിന് കഴുത്തിലും മുഖത്തും ശരീരത്തിലുമുൾപ്പടെ നാല് മുറിവുകളുണ്ട്. ആഴത്തിലുള്ള കുത്തേറ്റതിനാൽ ഇരുവരുടെയും നില ഗുരുതരമാണ്. തിരൂർ ജില്ലാ ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.

അതേസമയം ഉണ്ണിയാൽ ആലിൻചുവട് ഡിവൈഎസ്‌പി അടക്കം അഞ്ച് പൊലീസുകാർ അക്രമിച്ചു പരിക്കേൽപ്പിച്ച കേസിലും ലീഗുകാരുടെ ഇരുപതിലധികം വീടുകൾ തകർന്ന സംഭവത്തിലും പ്രദേശത്ത് പൊലീസ് റൂട്ട് മാർച്ച് നടത്തി. കൂടാതെ പ്രദേശത്ത് ഇരുപാർട്ടികൾക്കും വൻ ആയുധശേഖരമുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് റെയ്ഡ് നടത്തി. ഡിവൈഎസ്‌പി ബാലൻ, സിഐമാരായ അലവി, ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള നൂറോളം പൊലീസുകാരാണ് റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ ഒന്നമ്പത് മണിക്കാരംഭിച്ച റെയ്ഡ് മൂന്നു മണിക്കൂർ നീണ്ടുനിന്നു. മലപ്പുറം ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെ നടത്തിയ ആയുധ പരിശോധനയിൽ 17 ഇരുമ്പ് പൈപ്പുകൾ, കൊടുവാൾ, നെഞ്ചാക്ക് തുടങ്ങിയവ ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തി. റെയ്ഡിനിടെ ലീഗ്, സിപിഐ(എം) പ്രതികളുടെ വീടുകളിൽ പൊലീസ് പ്രത്യേക പരിശോധന നടത്തി. പ്രതികൾ ജില്ലക്കു പുറത്താണെന്നാണ് പൊലീസിനു ലഭിച്ച വിവരം. താനൂരിലെ സംഘർഷവും കണക്കിലെടുത്ത് മലപ്പുറം ജില്ലയുടെ തീദേശമേഖലയിൽ പ്രത്യേക പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.