പത്തനംതിട്ട: സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ച് അധികാരത്തിൽ തുടർന്ന പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു. ഇരവിപേരൂർ പഞ്ചായത്ത് പ്രസിഡന്റ് ഗീത അനിൽകുമാറാണ് ഇന്ന് രാവിലെ രാജിവച്ചത്. സ്ഥാനമൊഴിയാനുള്ള സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിർദ്ദേശം നിഷ്‌കരുണം തള്ളിയും പാർട്ടിക്ക് പ്രിയങ്കരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ രാജീവിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുമാണ് ഗീത ജനശ്രദ്ധ നേടിയത്. കഴിഞ്ഞ തവണ പ്രസിഡന്റായിരുന്ന രാജീവ് ഇക്കുറി താൻ പ്രസിഡന്റായപ്പോൾ വൈസ് പ്രസിഡന്റായി ചുമതലയേറ്റുവെന്നും അന്നു മുതൽ പിൻസീറ്റ് ഡ്രൈവിങ്ങും പീഡനവും ആരംഭിച്ചുവെന്നുമായിരുന്നു ഗീത കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ വിളിച്ചു പറഞ്ഞത്.

തന്നോട് മാറി നിൽക്കാൻ ലോക്കൽ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ആദ്യം പ്രസിഡന്റിന്റെ പിൻസീറ്റ് ഡ്രൈവിങ് അവസാനിപ്പിക്ക്. പിന്നെ താൻ അയാൾക്കെതിരേ നൽകിയ പരാതിയിൽ നടപടിയെടുക്ക്. രാജിയെ കുറിച്ച് അപ്പോൾ ആലോചിക്കാം എന്നായിരുന്നു ഗീതയുടെ പ്രതികരണം. സിപിഎം സംസ്ഥാന സമിതിയംഗം കെ അനന്തഗോപന്റെ ഏരിയാ കമ്മറ്റിയിലാണ് ഇത്തരമൊരു പരസ്യ വെല്ലുവിളിയുണ്ടായത്. അനന്തഗോപന്റെ സഹോദരപുത്രനാണ് വൈസ് പ്രസിഡന്റ രാജീവ്. വെറും ബ്രാഞ്ചംഗമായ ഗീതയുടെ വെല്ലുവിളി പാർട്ടിക്കും എൽഡിഎഫിനും ക്ഷീണമായി. ഇന്നലെ ചേർന്ന എൽഡിഎഫ് പാർലമെന്ററി പാർട്ടി ഗീതയോട് രാജി വയ്ക്കാൻ ആവശ്യപ്പെട്ടു.

രാജി വയ്ക്കാത്ത പക്ഷം അവിശ്വാസം കൊണ്ടുവരാനും തീരുമാനിച്ചു. പിന്നെയാണ് കടിച്ച പാമ്പുകളെ വിഷം ഇറക്കാൻ നിയോഗിച്ചത്. ഗീത ഇത്രയും നാൾ വിമർശനങ്ങളുമായി കളം നിറഞ്ഞത് ഏരിയാ സെക്രട്ടറി അനിൽകുമാർ, സിപിഎം പഞ്ചായത്തംഗം ശശി എന്നിവരുടെ ബലത്തിലായിരുന്നു. പ്രസിഡന്റിനെതിരേ അവിശ്വാസ നോട്ടീസ് കൊടുക്കാൻ പാർട്ടി നേതൃത്വം ഇതേ ശശിയെ ചുമതലപ്പെടുത്തിയതോടെയാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. പാർട്ടി നിർദ്ദേശം അനുസരിക്കണോ ഗീതയെ സംരക്ഷിക്കണോ എന്നുള്ളതായിരുന്നു ധർമസങ്കടം. അവസാനം പാർട്ടി മതി എന്ന് ശശി ഉറപ്പിച്ചതോടെ ഗീതയ്ക്ക് അപകടം മണത്തു. ഇന്നു രാവിലെ രാജിയും സമർപ്പിച്ചു. രാജിവച്ചെങ്കിലും തന്റെ ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്നാണ് പ്രസിഡന്റിന്റെ നിലപാട്.

അധികാരമേറ്റ നാൾ മുതൽ വൈസ് പ്രസിഡന്റിന്റെ പിൻസീറ്റ് ഡ്രൈവിങ് ആണ് നടക്കുന്നതെന്ന് ഗീത പറയുന്നു. പ്രസിഡന്റ് എന്ന നിലയിൽ തനിക്കുള്ള അധികാരങ്ങളും അവകാശങ്ങളും വൈസ് പ്രസിഡന്റ് എൻ രാജീവ് കവർന്നെടുക്കുകയാണ് ചെയ്തിരുന്നതെന്നും അവർ പറഞ്ഞു. തന്നെ റബർ സ്റ്റാമ്പാക്കി മാറ്റി ഭരണം നടത്തി. ഉദ്യോഗസ്ഥരുടെയോ ജീവനക്കാരുടെയോ മേൽ തനിക്കൊരു നിയന്ത്രണവും സാധ്യമായില്ല. താൻ എന്തു പറഞ്ഞാലും വൈസ് പ്രസിഡന്റിനോട് ചോദിക്കട്ടെ എന്നാണ് പറഞ്ഞിരുന്നത്. രാജീവിന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ അഴിമതിയും അക്രമവും നടന്നുവെന്ന് ഗീത പറഞ്ഞു. അവാർഡ് കിട്ടാൻ വേണ്ടി എന്തൊക്കെയോ കാട്ടിക്കൂട്ടുക മാത്രമാണ് രാജീവ് ചെയ്തത്.

വൈഫൈയും ഐഎസ്ഓയും ഒന്നുമല്ല നാട്ടുകാരുടെ അടിസ്ഥാന ആവശ്യം. അവർക്ക് കുടിവെള്ളവും റോഡും വീടുമാണ് വേണ്ടത്. ഇതിന് പിന്നാലെ പോകാൻ രാജീവിന് സമയമില്ലായിരുന്നു. പേര് കിട്ടുന്ന കാര്യങ്ങൾ മാത്രം ചെയ്തു. അവാർഡും വാങ്ങി. തന്നെ കാണിക്കാതെ തന്റെ കള്ളയൊപ്പിട്ട് പല ബില്ലുകളും മാറിയിട്ടുണ്ട്. അതൊക്കെ പിന്നീടാണ് അറിഞ്ഞത്. ഇരവിപേരൂർ റൈസ് എന്ന പദ്ധതി ആവിഷ്‌കരിച്ച് കുടുംബശ്രീ അംഗങ്ങളെ കടക്കെണിയിലാക്കി. ആറു ലക്ഷത്തിന്റെ അഴിമതിയാണ് ഇക്കാര്യത്തിൽ നടന്നത്. വള്ളംകുളത്ത് ആധുനിക അറവുശാല സ്ഥാപിച്ച കരാറുകാരന് ചില്ലിപ്പെസ കൊടുത്തിട്ടില്ല. അയാൾക്ക് ഒരു കോടിയുടെ നഷ്ടമുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. താൻ എന്തെങ്കിലും നിർദ്ദേശം മുന്നോട്ടു വച്ചാൽ, ഞാനൊന്ന് പഠിക്കട്ടെ എന്നാകും വൈസ് പ്രസിഡന്റിന്റെ മറുപടി.

പ്രളയദുരിതാശ്വാസം വിതരണം ചെയ്യുന്നതിൽ വൻ അഴിമതി വൈസ് പ്രസിഡന്റ് നടത്തി. പ്രളയ ബാധിത മേഖലകളിലൊന്നും സാധനങ്ങൾ ലഭിച്ചില്ല. തന്റെ വാർഡിൽ 540 കുടുംബങ്ങൾ പ്രളയത്തിൽ അകപ്പെട്ടു. മൂന്നുറു കുടുംബങ്ങൾക്ക് മാത്രമാണ് ദുരിതാശ്വാസ കിറ്റ് ലഭിച്ചത്. താൻ ആവശ്യപ്പെട്ടിട്ടും നൽകിയില്ല. പ്രളയത്തിൽ മുങ്ങി നിന്നു കൊണ്ട് തന്റെ വാർഡിൽ രക്ഷാപ്രവർത്തകർ തിരിഞ്ഞു നോക്കുന്നില്ല എന്നൊരു വീഡിയോ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. പിന്നീട് വൈസ് പ്രസിഡന്റിന് എതിരേ ദുരിതാശ്വാസ വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ചും പോസ്റ്റ് ഇട്ടിരുന്നു. ഇൽത് ബിജെപിക്കാർ ഷെയർ ചെയ്തു. അതിന്റെ പേരിലാണ് ഏരിയാ കമ്മറ്റി ചേർന്ന് തന്നോട് രാജി ആവശ്യപ്പെട്ടതെന്നും പ്രസിഡന്റ് പറഞ്ഞു.