- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തന്നെ തേടി എത്തിയ അക്രമിസംഘത്തിന്റെ കൊലക്കത്തിക്ക് അച്ഛൻ ഇരയായതോടെ ലഹരിമാഫിയയുമായി അടുത്തു; കഠിനംകുളത്ത് എംഡിഎംഎയുമായി പിടിയിലായിട്ടും കൂസലില്ല; ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവായ മുൻ എസ്എഫ്ഐ ഏര്യ സെക്രട്ടറി ശിവപ്രസാദിനെ രക്ഷിക്കാൻ നീക്കം
തിരുവനന്തപുരം: എസ് എഫ് ഐ മുൻ വെള്ളറട ഏര്യാസെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ശിവപ്രസാദിൽ നിന്നും കൂട്ടുകാരൻ അജ്മലിൽ നിന്നും കഠിനംകുളം പൊലീസ് എം ഡി എം പിടിച്ചെടുത്ത കേസ് ഇല്ലാതാക്കാൻ അണിയറയിൽ നീക്കം ശക്തം. കേസിൽ നിന്നും ശിവപ്രസാദിനെ ഊരിയെടുക്കാനും ശ്രമമുണ്ട്. സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ആനാവൂർ നാഗപ്പന്റെ അടുത്ത ബന്ധുവാണ് ശിവപ്രസാദ്. ഈ വഴിക്കും പൊലീസിന് മേൽ കടുത്ത സമ്മർദ്ദമുള്ളതായി സൂചനയുണ്ട്.
കൂടാതെ ശിവപ്രസാദിന്റെ പാർട്ടി ബന്ധം പൊലീസ് ആണ് പരസ്യപ്പെടുത്തിയതെന്നാണ് വിമർശനം. സി പി എം കേന്ദ്രങ്ങളിൽ നിന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു കഴിഞ്ഞു. അഞ്ചു വർഷം മുൻപ് കഞ്ചാവ് ഉപയോഗിക്കുന്നത് സംബന്ധിച്ച് സംശയത്തിന്റെ പേരിൽ ശിവപ്രസാദിനെയും കൂട്ടുകാരെയും നെയ്യാറ്റിൻകര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ അന്നത്തെ എസ് എഫ് ഐ ജില്ലാ നേതൃത്വത്തിലെ ചിലർ സ്റ്റേഷനിൽ എത്തി കയ്യൂക്ക് കാണിച്ച് ഇവരെ മോചിപ്പിച്ചിരുന്നു.
ഇത് സംബന്ധിച്ച് തുടർ നടപടിക്ക് പിന്നീട് പൊലീസും പോയില്ല എന്നതാണ് യാഥാർത്ഥ്യം. എസ് എഫ് ഐ, ഡി വൈ എഫ് ഐ ചുമതലകൾ വഹിക്കുമ്പോഴും ശിവപ്രസാദ് ലഹരിമാഫിയ ബന്ധം ഉപേക്ഷിച്ചിരുന്നില്ല. എസ് എഫ് ഐ രംഗത്ത് തുടരുമ്പോഴും ആനാവൂരിൽ സാമൂഹ്യ വിരുദ്ധരുമായി ചേർന്ന് പല അതിക്രമങ്ങളും ശിവപ്രസാദ് നടത്തിയിട്ടുണ്ട് അന്നൊക്കെ തന്നെ സി പി എം പ്രാദേശിക നേതൃത്വവും ബന്ധുവായ ആനാവൂർ നാഗപ്പനുമാണ് രക്ഷകരായി എത്തിയിട്ടുള്ളത്.
ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയിലും ശിവപ്രസാദം നോട്ടപ്പുള്ളിയായിരുന്നു. ശിവപ്രസാദും കൂട്ടുകാരനും കഠിനംകുളം പൊലീസിന്റെ വലയിലായത് എതിർവിഭാഗം വിവിരം ചോർത്തി നല്കിയതുകൊണ്ടാണെന്നാണ് വിവരം. വെള്ളറട -കുന്നത്തുകാൽ കേന്ദ്രീകരിച്ച് ശിവപ്രസാദ് രൂപം നല്കിയിരുന്ന ലഹരി മാഫിയ ടീം തമിഴ് നാട് കേന്ദ്രീകരിച്ചും പ്രവർത്തിച്ചിരുന്നു. 9 വർഷം മുൻപ് പിതാവ് കൊല്ലപ്പെടുന്നതോടെയാണ് ശിവപ്രസാദ് ലഹരിമാഫിയയുമായി കൂടുതൽ അടുക്കുന്നത്. അന്ന് രാഷ്ട്രീയ എതിരാളികൾ ശിവപ്രസാദിനെ ലക്ഷ്യംവെച്ച് എത്തിയതായിരുന്നു.
കഴിഞ്ഞ ഡിസംബറിലാണ് ശിവപ്രസാദിന്റെ പിതാവ് നാരായണൻ നായരുടെ കൊലപാതക കേസിന്റെ വിചാരണ ആരംഭിച്ചത്. 2013 നവംബർ 4 ന് രാത്രിയാണ് ആനാവൂരിലെ സിപിഐ എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും മുനിസിപ്പൽ കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവുമായ നാരായണൻ നായർ കൊല ചെയ്യപ്പെടുന്നത്. മകൻ ശിവപ്രസാദിനെ ആക്രമിക്കാൻ എത്തിയ സംഘം ആണ് അച്ഛനായ നാരായണൻ നായരെ കൊലപ്പെടുത്തിയത്.
ഭാര്യയുടെയും മക്കളുടെയും മുന്നിൽ വച്ചാണ് നാരായണൻ നായരെ ആർഎസ്എസ് അക്രമി സംഘം ക്രൂരമായി കൊലപ്പെടുത്തുന്നത്. നാരായണൻ നായരെ കൊലപ്പെടുത്തിയ സംഘം മൃതദേഹം വലിച്ചിഴച്ച് റോഡിൽ കൊണ്ടിട്ടു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക. പ്രശസ്ത ക്രിമിനൽ അഭിഭാഷകൻ അഡ്വ. മുരുക്കുംപ്പുഴ വിജയകുമാർ ആണ് കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ. ദൃക്സാക്ഷികൾ അടക്കം 45 സാക്ഷികളും, 30 രേഖകളും, 30 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
കേസിൽ നിന്ന് വിടുതൽ തേടി 11 ആം പ്രതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കെ എസ് ആർ ടി സി സംഘ് സംസ്ഥാന സെക്രട്ടറി വെള്ളംകൊള്ളി രജേഷ് , ആർഎസ്എസ് പ്രചാരകൻ അനിൽ , സരസ്വതി വിദ്യാലയത്തിന്റെ നടത്തിപ്പുക്കാരനായ ഗിരീഷ് ,ആർഎസ്എസ്- ബിജെപി പ്രവർത്തകരായ പ്രസാദ് ,പ്രേമൻ, വി സി വിനുകുമാർ, അരുൺകുമാർ, ബൈജു എന്നീവരടക്കം 11 ആർഎസ്എസ്- ബിജെപി പ്രവർത്തകരാണ് കേസിലെ പ്രതികൾ. സർക്കിൾ ഇൻസ്പെക്ടറന്മാരായിരുന്ന മോഹൻ ദാസ് , ജോൺസൺ ,അനിൽകുമാർ , അജിത്ത് കുമാർ എന്നിവരാണ് കേസ് അന്വേഷിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ