- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എൽഡിഎഫ് പ്രതിനിധികൾ ഏഷ്യാനെറ്റ് ചാനലിൽ, ചർച്ചയ്ക്ക് പോകേണ്ട, വിനു മാപ്പ് പറഞ്ഞതിനുശേഷം പോയാൽ മതി; സോഷ്യൽ മീഡിയയിൽ സൈബർ സഖാക്കളുടെ വൻപ്രചാരണം; വിനു വി ജോൺ നയിക്കുന്ന ചർച്ചകൾ സിപിഎം ബഹിഷ്കരിക്കും
തിരുവനന്തപുരം: എൽഡിഎഫ് പ്രതിനിധികൾ ഏഷ്യാനെറ്റ് ചാനലിൽ, ചർച്ചയ്ക്ക് പോകേണ്ട വിനു മാപ്പ് പറഞ്ഞതിനുശേഷം പോയാൽ മതി. ഞാൻ ഏഷ്യാനെറ്റിന്റെ എല്ലാ ചാനലും ബ്ലോക്ക് ചെയ്തു..എന്നെ പോലെ എത്ര സഖാക്കൾ ഉണ്ട്? സിപിഎം സൈബർ കോമ്രേഡ്‌സ് പോലുള്ള ഗ്രൂപ്പുകളിലെ ആഹ്വാനമാണിത്. വിനു വി ജോണിന്റെ എളമരം കരീമിന് എതിരായ പരാമർശമാണ് പ്രകോപനത്തിന് കാരണം. എളമരം കരീമിനെ ലാക്കാക്കി നടത്തിയ പരാമർശത്തിന്റെ പേരിൽ, വിനു വി ജോണിനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ഏഷ്യാനെറ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
എംപിക്കെതിരായ പരാമർശത്തിൽ പ്രതിഷേധിച്ച് വിനു വി ജോൺ നയിക്കുന്ന ചർച്ചകൾ ബഹിഷ്‌കരിക്കാനാണ് സിപിഎം തീരുമാനം. ഏഷ്യാനെറ്റ് ചാനൽ അപ്പാടെ ബഹിഷ്‌കരിക്കില്ല.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിൽ ചാനൽ ബഹിഷ്‌കരിക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.
എളമരം കരീമിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ അനുവദിക്കില്ലെന്നും വിനു.വി.ജോണിനെതിരെ നടപടിയെടുക്കാൻ ഏഷ്യനെറ്റ് ന്യൂസ് മാനേജ്‌മെന്റ് തയ്യാറാവണമെന്നും സിഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനിൽ കുമാർ ആവശ്യപ്പെട്ടിരുന്നു. എളമരം കരീമിനെ അക്രമിച്ച് സമൂഹത്തിൽ കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ്. സിപിഎമ്മിനെ തെറിവിളിച്ച് തനിക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച് മാർക്കറ്റ് ചെയ്യാനാണ് വിനു.വി.ജോൺ ശ്രമിക്കുന്നത്. ഇതിലൂടെ മാധ്യമവിപണിയിൽ റേറ്റിങ് കൂട്ടുകയെന്ന സങ്കുചിതമായ അജണ്ടയാണ് പിന്നിലുള്ളതെന്നും സുനിൽ കുമാർ ആരോപിച്ചിരുന്നു.
വിനുവിന്റെ പരാമർശത്തിന് മറുപടിയുമായി സിപിഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെതിതി. എളമരം കരീമിനെ ഏഷ്യാനെറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്താമെന്നും പറഞ്ഞതു പോലെ ചെയ്തു കാണിക്കെന്നും കോടിയേരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കിൽ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,' എന്ന വിനു വി. ജോണിന്റെ ചർച്ചക്കിടെയുള്ള പരാമർശത്തിനെതിരെയാണ് കോടിയേരിയുടെ പ്രസ്താവന.
'എളമരം കരീമിന്റെ വാഹനം അടിച്ചുപൊട്ടിക്കണം. ആരാണ് പറയുന്നത് ഒരു ചാനൽ അവതാരകൻ, വാഹനത്തിലെ കരീമിന്റെ കുടുംബാംഗങ്ങളെ ഇറക്കിവിടണം, വണ്ടിയുടെ കാറ്റഴിച്ചു വിടണം, മുഖത്തടിച്ച് മുക്കിൽ നിന്ന് ചോരവരുത്തണം. ഇത് പറയാൻ പാടുള്ളതാണോ നിങ്ങൾ തന്നെ ആലോചിക്കുക.
ഇതാണോ മാധ്യമപ്രവർത്തനം, പരസ്യമായി ചാനൽ ചർച്ചയിലൂടെ കലാപത്തിന് ആഹ്വാനം ചെയ്തിരിക്കുകയല്ലേ അദ്ദേഹം ചെയ്തിരിക്കുന്നത്. ഈ വാക്കു കേട്ട് ആരെങ്കിലും കരീമിനെ ആക്രമിച്ചിരുന്നെങ്കിലോ? പറയുന്ന ഭാഷയിൽ മയം വേണ്ടേ? ഇത് തന്നെ മറ്റേതെല്ലാം രീതിയിൽ അയാൾക്ക് അവതരിപ്പിക്കാമായിരുന്നു, അവതരിപ്പിച്ച രീതി മറ്റൊന്നാണ്. എളമരം കരീമിന്റെ മുഖത്തടിച്ച് ചോര വീഴ്‌ത്താൻ വരട്ടെ അപ്പോ നോക്കാം. ഇതൊന്നും നടക്കുന്ന കാര്യമല്ലെന്ന് അദ്ദേഹം ഓർത്താൽ നന്ന്.
സ്വയം ആഗ്രഹം പ്രകടിപ്പിച്ച് പരിഹാസ്യനാകരുത്. സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യമാണോ ദൃശ്യമാധ്യമത്തിൽ പറയേണ്ടത്, മാധ്യമ സമൂഹം ആലോചിക്കേണ്ടതാണ്. ഒരു പാർലമെന്റ് മെമ്പറെ മുഖത്തടിച്ച് ചോരവീഴ്‌ത്തണം, സിപിഐ.എം നേതാവിനെക്കുറിച്ച് ഇത്തരത്തിൽ പറഞ്ഞാൽ ഇപ്പോളുണ്ടായ പ്രതികരണമല്ല ഉണ്ടാവുക, ഞാൻ കൂടുതൽ പറയുന്നില്ല. സിപിഐ.എം സംസ്ഥാന സെക്രട്ടറിയായിപ്പോയി.
നാളെ കരീമിനെ ഏഷ്യാനെറ്റിന് മുന്നിൽ കൊണ്ടുപോയി നിർത്താം, പറഞ്ഞതു പോലെ ചെയ്തു കാണിക്ക് അപ്പോൾ കാണാം. ഏഷ്യാനെറ്റിലെ എല്ലാവരുമൊന്നും ഇതിനോട് യോജിക്കുന്നവരല്ല. യോജിക്കുന്ന ചുരുങ്ങിയ ആളുകൾ ഇവിടെയുണ്ടല്ലോ? എന്നോടൊന്ന് ചെയ്തു നോക്ക് അപ്പോൾ കാണാം. അങ്ങനെയൊന്നും അത് കൈകാര്യം ചെയ്യാൻ പാടില്ല. രാജ്യത്ത് പലതും സംഭവിച്ചിട്ടുണ്ടാകാം, അതൊന്നും ഇങ്ങനെയല്ല കൈകാര്യം ചെയ്യേണ്ടത്. എളമരം കരീമിനെ ചെള്ളക്ക് അടിക്കണമെന്ന് രാജീവ് ചന്ദ്രശേഖരൻ പറയുമെന്ന് ഞാൻ കരുതുന്നില്ല. അങ്ങനെ നിലപാട് എടുക്കുന്ന വ്യക്തിയല്ല അദ്ദേഹം,' കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
വിനുവിന്റെ വിവാദ പരാമർശം ഇങ്ങനെ:
എളമരം കരീം പോകുന്ന വണ്ടിയൊന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് അതിലുള്ള ആളുകളെ, എളമരം കരീം കുടുംബസമേതമാണെങ്കിൽ അവരെയൊക്കെയൊന്ന് ഇറക്കി വിടണമായിരുന്നു. എളമരം കരീം പോയൊരു വണ്ടിയുടെ കാറ്റഴിച്ച് വിടണമായിരുന്നു. എളമരം കരീമിനെ യാസറിനെ പോലെ മുഖത്തടിച്ച് മൂക്കിൽ നിന്നും ചോര വരുത്തണമായിരുന്നു.
അതേസമയം, സൈബർ സഖാക്കളുടെ ആക്രമണത്തെ തുടർന്ന് തന്റെ ട്വിറ്റർ പേജിന്റെ കവർ ഇമേജ് തന്നെ, സംയുക്ത ട്രേഡ് യൂണിയന്റെ ബാനറായ 'വിനു വി ജോണിനെ പുറത്താക്കുക' എന്നാക്കി വിനു തിരിച്ചടിച്ചു. കെ റെയിലുമായി ബന്ധപ്പെട്ട് ജനങ്ങൾ കല്ലിടുമോ എന്നതാണ് ഇന്നത്തെ ന്യൂസ് അവർ ഡിബേറ്റ്. വിനുവിനെ അനുകൂലിച്ചും എതിർത്തും ട്വീറ്റുകൾ വരുന്നുണ്ട്. ചിലതൊക്കെ അസഭ്യവർഷമാണ്.
മറുനാടന് മലയാളി ബ്യൂറോ