തളിപ്പറമ്പ്: ഇടുക്കി എൻജിനീയറിങ് കോളേജിൽ യൂത്ത് കോൺഗ്രസ് നേതാവ് കുത്തിക്കൊന്ന എസ്എഫ്ഐ പ്രവർത്തകൻ ധീരജിന് വീടിനോട് ചേർന്ന് സ്മാരകം നിർമ്മിക്കും. ഇതിനായി വീടിനടുത്തുള്ള എട്ട് സെന്റ് സ്ഥലം സിപിഎം വിലയ്ക്ക് വാങ്ങി. മൃതദേഹം സംസ്‌കരിച്ച ഈ സ്ഥലത്ത് ധീരജിന് സ്മാരകം നിർമ്മിക്കാനാണ് തീരുമാനം.

ധീരജിന് സ്മാരകം പണിയാൻ വീടിനോടു ചേർന്ന് 8 സെന്റ് സ്ഥലം സിപിഎം വിലയ്ക്കു വാങ്ങിയത് ഒറ്റ രാത്രി കൊണ്ടാണ്. ഈ സ്ഥലത്താണ് ധീരജിന് അന്ത്യവിശ്രമം ഒരുക്കിയത്. ഇവിടെ വിദ്യാർത്ഥികൾക്കു താമസിച്ചു പഠിക്കാനും ഗവേഷണം നടത്താനും പറ്റുന്ന തരത്തിൽ സ്മാരകം നിർമ്മിക്കാനാണു സിപിഎം തീരുമാനം.

പട്ടപ്പാറയിലെ ധീരജിന്റെ വീടായ 'അദ്വൈതി'ന്റെ മതിലിനോടു ചേർന്നാണ് സിപിഎം വാങ്ങിയ സ്ഥലം. ധീരജിന്റെ മാതാപിതാക്കളുടെ കിടപ്പു മുറിയിൽ നിന്നു നോക്കിയാൽ ഇവിടം കാണാം. ധീരജ് കൊല്ലപ്പെട്ട ദിവസം രാത്രി തന്നെ സ്ഥലം വാങ്ങുന്നതു സംബന്ധിച്ച് പാർട്ടി തീരുമാനത്തിലെത്തുകയും ഉടമയുമായി ധാരണയിൽ എത്തുകയും ചെയ്തിരുന്നു. പട്ടുവം സ്വദേശി വിജയന്റെ പേരിലുള്ള സ്ഥലമാണു വാങ്ങിയത്.

മന്ത്രി എംവി.ഗോവിന്ദൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു, ഏരിയ സെക്രട്ടറി കെ.സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം ഉടമയുമായി നടത്തിയ ചർച്ചയിലാണ് സ്ഥലം വാങ്ങാൻ ധാരണയായത്. ഇവിടെ തന്നെ സംസ്‌കാരത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുകയും ചെയ്തു