ഇടുക്കി: പൊലീസിന്റെ ഔദ്യോഗിക വിവരങ്ങൾ എസ്ഡിപിഐക്ക് ചോർത്തി നൽകിയെന്ന ആരോപണം നേരിട്ട പൊലീസുകാരനെ സർവ്വീസിൽ നിന്ന് പിരിച്ചു വിടും. വിവിരം ചോർത്തിയെന്ന ആരോപണം ശരിവെക്കുന്ന കണ്ടെത്തലുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇത്. ക്രിമിനൽ ഗൂഢാലോചന ഇക്കാര്യത്തിൽ നടന്നു എന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ഇയാൾക്കെതിരെ കേസും എടുക്കും.

സംഭവത്തിൽ ആരോപണ വിധേയനായ ഇടുക്കി കരിമണ്ണൂർ സ്റ്റേഷനിലെ സിപിഒ അനസ് പി.കെയ്ക്ക് സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറുപടി കിട്ടിയാൽ ഉടൻ തിരുമാനം എടുക്കും. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി ജി ലാലാണ് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഔദ്യോഗിക വിവരണ ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ശേഖരിച്ചുവെച്ച ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ എസ്ഡിപിഐക്ക് കൈമാറിയെന്നതാണ് അനസിനെതിരെയുള്ള ആരോപണം.

വാട്സാപ്പ് വഴിയാണ് വിവരങ്ങൾ എസ്ഡിപിഐ നേതാവിന് കൈമാറിയിട്ടുള്ളത്. ആരോപണങ്ങൾ ശരിവെക്കുന്ന കാര്യങ്ങളാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇയാളെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നാണ് ശുപാർശ. അതിന്റെ ഭാഗമായിട്ടാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലാ പൊലീസ് മേധാവി തന്നെയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.

വർഗീയത വളർത്തുന്ന രീതിയിൽ ഫേസ്‌ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് തൊടുപുഴയിൽ കെഎസ്ആർടിസി ഡ്രൈവറെ എസ്ഡിപിഐ പ്രവർത്തകർ അക്രമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വണ്ണപ്പുറം സ്വദേശി ഷാനവാസ് എന്നയാളുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് പൊലീസിന്റെ ഔദ്യോഗിക വിവരം ചോർത്തിയത് കണ്ടെത്തുന്നത്.

പ്രാഥമിക അന്വേഷണത്തിൽ സിപിഒ ആയ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാളെ ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി. പിന്നീട് സസ്പെൻഡ് ചെയ്തു. ഈ സംഭവം പൊലീസിന് നാണക്കേടാവുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ശക്തമായ നടപടി എടുക്കുന്നത്.

പൊലീസുകാരും കോൺഗ്രസ്, സിപിഎം നേതാക്കളും വരെ തൊടുപുഴയിലെ പി.കെ അനസിന്റെ നേതൃത്വത്തിലുള്ള പൊലീസിലെ സ്ലീപ്പർ സെല്ലിന്റെ ചാരവൃത്തിക്ക് ഇരകളായിട്ടുണ്ടെന്നാണ് വിവരം. അനസിന്റെ ചാരപ്പണി പുറത്തുവന്നതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാർഗറ്റ് ചെയ്യപ്പെട്ട വ്യക്തികളുടെ പട്ടിക വിപുലമാണെന്ന് കണ്ടത്.

പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ നേതാക്കൾക്ക് പൊലീസിന്റെ ഡാറ്റാബേസിൽ നിന്നുള്ള വിവരങ്ങൾ മൊബൈൽ ഫോൺ വഴി ചോർത്തി നൽകിയതിനാണ് അനസ് പി.കെ സസ്പെൻഷനിലായത്. പൊലീസിലെ ഹിന്ദു വിശ്വാസികളുടെയും ക്ഷേത്രാചാരങ്ങളിൽ പങ്കെടുക്കുന്നവരുടെയും വിശദമായ പട്ടിക അനസ് എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് കൈമാറിയിട്ടുണ്ട്. ഇവർ ഇപ്പോൾ ജോലി ചെയ്യുന്ന പൊലീസ് സ്റ്റേഷനുകളുടെ വിവരങ്ങൾ അടക്കമാണ് കൈമാറിയിരിക്കുന്നത്.

മാത്രമല്ല സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും സംസ്ഥാന നേതാക്കളുടെയും അവരുടെ അടുത്ത അനുയായികളുടെയും വിവരങ്ങളും ഇത്തരത്തിൽ ചോർത്തി നൽകിയിട്ടുണ്ട്. പോപ്പുലർ ഫ്രണ്ടിനെയും എസ്ഡിപിഐയെയും എതിർക്കുന്നവരാണ് ഇവരിൽ അധികവും. ഇതനുസരിച്ച് സംസ്ഥാനത്ത് ഉടനീളം ടാർഗെറ്റ് ചെയ്യേണ്ട വ്യക്തികളുടെ വിശദമായ പട്ടിക എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് സ്ലീപ്പർ സെല്ലുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.

പൊലീസുമായി സംഘർഷമുണ്ടായാൽ ഇവരെ തിരഞ്ഞുപിടിച്ച് ആക്രമിക്കാൻ ലക്ഷ്യമിട്ടാണ് കടുത്ത ഹിന്ദുവിശ്വാസികളും സംഘപരിവാർ ബന്ധമുള്ളവരുമായ പൊലീസുകാരുടെ വിവരങ്ങൾ ശേഖരിച്ചതെന്നാണ് സൂചന. കോൺഗ്രസ്, സിപിഎം നേതാക്കളുടെ വിശദമായ വിവരങ്ങളും വീട്ടിലേക്കുള്ള വഴിയും വീട്ടുകാരുടെ വിവരങ്ങളും മക്കളുടെ പേരും സഹിതമാണ് ചോർത്തിയത്. ഭാവിയിൽ ഈ പാർട്ടികളുമായി സംഘർഷമുണ്ടാകുമ്പോൾ നേരിടാനുള്ള കരുതൽ പട്ടികയായിരുന്നു ഇത്.

പൊലീസിന്റെ രഹസ്യ മെസേജുകൾ അടക്കം ചേർന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അനസ് പോപ്പുലർ ഫ്രണ്ടിന്റെ പൊലീസിലെ സ്ലീപ്പർ സെല്ലായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് സേനയിലുള്ളവർ തന്നെ ആരോപിക്കുന്നത്. അനസ് സുഹൃത്തിന് കൈമാറിയ ആർഎസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തിവിവരങ്ങൾ ഇയാൾ പോപ്പുലർ ഫ്രണ്ടുകാരായ പലർക്കും കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇതു കൂടാതെ വൈദികരുടെയും ക്രിസ്ത്യൻ സമുദായ നേതാക്കളുടെയും ജില്ലയിലെ പ്രധാന തസ്തികളിൽ ഇരിക്കുന്ന പൊലീസുകാരുടെയും വിവരങ്ങൾ അനസ് ചോർത്തിയെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അനസിനെ കൂടാതെ മറ്റാരെങ്കിലും പൊലീസ് സേനയിൽ ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ തീരുമാനമായിട്ടുണ്ട്.

വ്യക്തി സുരക്ഷയെ കാര്യമായി ബാധിക്കുന്ന രഹസ്യവിവരങ്ങൾ പോപ്പുലർ ഫ്രണ്ടിന് കൈമാറി തീവ്രവാദപ്രവർത്തനങ്ങൾക്ക് സുഗമമായ വഴിയൊരുക്കിയിരിക്കുകയാണ്. ഏപ്രിലിൽ ജമ്മു കശ്മരീൽ സൈമ അക്തർ എന്ന ഒരു പൊലീസ് ഉദ്യോഗസ്ഥ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തി നൽകിയിരുന്നു. അവരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയാണ് സർക്കാർ ചെയ്തത്. അനസിനെപ്പോലെ പ്രവർത്തിക്കുന്ന മറ്റ് പൊലീസ് ഉദ്യോഗസ്ഥരും സേനയിലുണ്ടെന്ന ആരോപണം ശക്തമാണ്.