മുംബൈ: കേന്ദ്രസർക്കാറിന്റെ ശുചിത്വഭാരത സന്ദേശം റെയിൽവേയിൽ സൂപ്പർ ഹിറ്റ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം റെയിൽവേ യാത്രക്കാർക്കിടയിൽ ക്ലിക്കാകുന്നു. തീവണ്ടിയും റെയിൽവേ സ്റ്റേഷൻ പരിസരവും മാലിന്യമിട്ടും തുപ്പിയും വൃത്തിഹീനമാക്കിയതിനുള്ള കേസുകളുടെ എണ്ണം കുത്തനെ കുറഞ്ഞെന്നാണ് കണക്കുകളാണ് പുറത്തുവരുന്നത്. ഉത്തരേന്ത്യയിലാണ് പദ്ധതി വൻ വിജയമാകുന്നത്.

മധ്യറെയിൽവേയുടെ സബർബൻ വിഭാഗത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഓരോ മാസവും 320 കേസാണ് ശരാശരി രജിസ്റ്റർചെയ്തിരുന്നത്. ഈ വർഷം ഇത് 160 ആയി കുറഞ്ഞു. 2014'15 സാമ്പത്തികവർഷത്തിൽ 3834 കേസുകളാണ് ആകെ രജിസ്റ്റർചെയ്തത്. ആറരലക്ഷം രൂപ പിഴയായും ഈടാക്കി. എന്നാൽ, ഈ വർഷം ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള നാലുമാസത്തിനിടെ എടുത്തത് 637 കേസുകൾ മാത്രമാണ്. പിഴയീടാക്കിയതാകട്ടെ 1.37 ലക്ഷവും.

സ്റ്റേഷൻ പരിസരവും തീവണ്ടിയും വൃത്തിയായി സൂക്ഷിക്കേണ്ടതിനെക്കുറിച്ച് യാത്രക്കാരെ ബോധവത്കരിക്കുകയാണ് ശുചിത്വഭാരത യജ്ഞത്തിന്റെ ഭാഗമായി റെയിൽവേ ആദ്യം ചെയ്തത്. ഇതിനുശേഷവും തുപ്പിയും മാലിന്യമിട്ടും നിയമം ലംഘിച്ചവരിൽനിന്നാണ് പിഴയീടാക്കിയത്. ഇതോടെ ശുചിത്വവുമെത്തി.

റെയിൽവേ സ്റ്റേഷനിലോ പരിസരത്തോ തീവണ്ടിയിലോ തുപ്പിയാൽ 2012ലെ ഇന്ത്യൻ റെയിൽവേ ചട്ടപ്രകാരം 500 രൂപയാണ് പിഴ. സ്റ്റേഷൻ പരിസരത്ത് മലമൂത്രവിസർജനം നടത്തുക, വാഹനങ്ങൾ അറ്റകുറ്റപ്പണി നടത്തുകയോ കഴുകുകയോ ചെയ്യുക, തുണിയലക്കുക, മൃഗങ്ങൾക്കും പക്ഷികൾക്കും തീറ്റ കൊടുക്കുക എന്നിവ ചെയ്താലും ഇതേ പിഴ തന്നെ. സ്റ്റേഷന്മാസ്റ്റർ, സ്റ്റേഷൻ മാനേജർ എന്നിവർക്കാണ് പിഴയീടാക്കാനുള്ള അധികാരം.

ബോധവൽക്കണത്തിന്റെ ഭാഗമായി പിഴയുടെ വിവരങ്ങൾ കൃത്യമായി യാത്രക്കാരിലെത്തി. തുടക്കത്തിൽ നിരീക്ഷണം ശക്തമായതും തുണയായി.