- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ സ്ത്രീകൾക്ക് രക്ഷയില്ല; ഒരു ദിവസം അഞ്ച് സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു; ദിവസവും നടക്കുന്നത് 11 പീഡനങ്ങൾ, പൊലീസ് ക്രൈ റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നത്; പിണറായിയുടെ ആഭ്യന്തര വകുപ്പ് പൂർണ പരാജയമോ?
തിരുവനന്തപുരം : സ്ത്രീ സുരക്ഷ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭരണത്തിൽ സ്ത്രീകൾക്ക് രക്ഷയില്ലെന്ന് കണക്കുകൾ. ഓരോ ദിവസവും 5 പേർ വീതം ബലാൽസംഗം ചെയ്യപ്പെടുന്നുവെന്നാണ് പൊലീസ് ക്രൈം സ്റ്റാറ്റിറ്റിക്സ് . ഓരോ ദിവസവും 11 പേർ വീതം പീഡിപ്പിക്കപ്പെടുന്നു. പൊലീസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ മലയാളിയെ നാണിപ്പിക്കുമ്പോൾ സ്ത്രീകളെ സംരക്ഷിക്കുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ആഭ്യന്തര വകുപ്പ് പൂർണ്ണ പരാജയമാണെന്ന് പറയേണ്ടി വരും .പൊലീസ് ക്രൈം സ്റ്റാറ്റിറ്റിക്സ് പ്രകാരം 2016 മുതൽ 2021 വരെ സ്ത്രീകൾക്കെതിരെ 86390 ആക്രമണങ്ങൾ ഉണ്ടായി.
പൊലീസ് കുറ്റപത്രം നൽകിയ കേസുകളുടെ എണ്ണം മാത്രമാണ് സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ പക്കലുള്ളത്. യഥാർത്ഥ കണക്ക് ഇതിൽക്കൂടുമെന്നാണ് സാമൂഹിക നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.
2016 മുതൽ 2021 വരെ സ്ത്രീകൾക്കെതിരെയുള്ള ആക്രമണങ്ങൾ
1 ബലാത്സംഗം - 11885
2. പീഡനം - 25652
3. തട്ടിക്കൊണ്ട് പോകൽ - 1096
4. പൂവാല ആക്രമണം - 2585
5. സ്ത്രീധനമരണം - 78
6. ഭർത്താവിന്റെയോ/ ബന്ധുക്കളുടെയോ ആക്രമണം - 19050
7. മറ്റ് ആക്രമണങ്ങൾ - 26044.
കുഞ്ഞുങ്ങൾ, പെൺകുട്ടികൾ, വൃദ്ധകൾ തുടങ്ങി ഏതു പ്രായത്തിൽപ്പെട്ടവർക്കെതിരേയും കേരളത്തിൽ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെൺകുട്ടികൾക്കുണ്ടായ ദുരന്തങ്ങളിൽ നാം ഏറെ ചർച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകർത്തു കൊണ്ട് കൂടുതൽ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തിൽ, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തിൽ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങൾ പലതാണ്.
കേരളത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നിരവധി കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.സ്ത്രീ സുരക്ഷ ഉറപ്പാക്കുന്ന പദ്ധതികൾ സർക്കാർ ഓരോ കേസ് റിപ്പോർട്ട് ചെയ്യുമ്പോൾ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഒന്നും പ്രാവർത്തികമാകുന്നില്ലെന്നതാണ് സത്യം.ഇരയോടപ്പമല്ല വേട്ടക്കാരനോടൊപ്പമാണ് സർക്കാർ നിൽക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ അടുത്തിടെ ആലുവയിൽ ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിയുടെ കേസ്.
ഭർതൃവീട്ടിലെ പീഡനം സഹിക്ക വയ്യാതെ പൊലീസിനെ സമീപിച്ചപ്പോൾ നിരാശയായിരുന്നു ഫലം.നിയമം പരിപാലിക്കേണ്ട പൊലീസും കൂടെ നിൽക്കാത്തതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. യുവതിയുടെ ആത്മഹത്യക്ക് പിന്നാലെ ജനരോഷം ഉയർന്നപ്പോഴാണ് സർക്കാർ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തത്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാക്ഷരതയിലും പ്രബുദ്ധതയിലുമൊക്കെ വളരെ മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണെന്ന് നമ്മൾ അഭിമാനിക്കുന്ന കേരളത്തിൽപോലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനിർമ്മാണങ്ങളൊക്കെയുണ്ടെങ്കിലും അത് നടപ്പാക്കുന്ന പൊലീസ് സേനക്കും അധികാരികൾക്കും പലപ്പോഴും നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാൻ കഴിയുന്നില്ല എന്ന യാഥാർത്ഥ്യം നാം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി ഉദാഹരണങ്ങൾ ചൂണ്ടികാട്ടാൻ കഴിയും. അടുത്തകാലത്ത് മോഫിയ പർവീൺ എന്ന പെൺകുട്ടിയുടെ ആത്മഹത്യ. നിയമവിദ്യാർത്ഥിയായ പെൺകുട്ടി നീതിക്കായി അവസാനവട്ടപോരാട്ടം വരെ നടത്തി.
കേന്ദ്ര വനിതാകമ്മീഷനടക്കം പരാതി നൽകി. പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയപ്പോൾ പൊലീസ് ഉദ്യോഗസ്ഥൻ നീതി നിഷേധിക്കുക മാത്രമല്ല പുരുഷാധിപത്യത്തിന്റെ ശബ്ദത്തിലാണ് പ്രതികരിച്ചത്. അതു കൊണ്ടുകൂടിയാണ് ആ പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാകുറിപ്പിൽപോലും പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും നേരിടേണ്ടി വന്ന നീതിനിഷേധവും മോശം പെരുമാറ്റവും വ്യക്തമാക്കിയിട്ടും അദ്ദേഹത്തിനെതിരെ ഒരു നടപടിയുമെടുക്കാൻ അധികാരി വർഗം തയ്യാറായില്ല. പിന്നീട് ജനപ്രതിനിധികളടക്കം പൊലീസ് സ്റ്റേഷനുമുന്നിൽ വലിയ സമരം നടത്തിയിട്ടാണ് ആ പൊലീസുകാരനെതിരെ നടപടിയെടുക്കാൻപോലും തയ്യാറായത്.
കഴിഞ്ഞ പിണറായി സർക്കാരിന്റെ കാലത്താണ് വാളയാറിൽ പതിമൂന്നും ഒമ്പതും വയസായ രണ്ട് പെൺകുട്ടികളെ ക്രൂരമായി ബലാൽക്കാരം ചെയ്തുകൊന്ന് കെട്ടിതൂക്കിയത്. അവസാനം അതിനെ കേവലം ആത്മഹത്യയാക്കി ചിത്രീകരിക്കാൻ നമ്മുടെ സംവിധാനം കൂട്ടുനിന്ന കാഴ്ച നമ്മൾ കണ്ടതാണ്. വടക്കെ ഇന്ത്യയിൽ ദലിതരെയും മറ്റും ക്രൂരമായി ആക്രമിച്ച് ഇവരുടെ കുടുംബത്തെപ്പോലും പെട്രോൾ ഒഴിച്ച് കത്തിച്ച് രേഖകൾ പോലും ഇല്ലാതാക്കുന്ന സംഭവങ്ങൾ ഇന്ന് കേരളത്തിലും നടന്നുകൊണ്ടിരിക്കുന്നതിന്റെ നിരവധി സൂചനകൾ കണ്ടുകൊണ്ടിരിക്കുകയാണ്.
ഇപ്പോഴും നമ്മുടെ നാട്ടിൽ വിദ്യാസമ്പന്നരായവർ പോലും സ്ത്രീധനത്തിന്റെ പേരിൽ സ്വന്തം ഭാര്യയെ അതിക്രൂരമായി പീഡിപ്പിക്കുന്നു.നിരവധി വിസ്മയമാർ സ്ത്രീധനപീഡനത്തിന്റെ പേരിൽ ജീവനൊടുക്കുന്നു. ഇതിനൊന്നും ഒരു അറുതിവരുത്താൻ ഭരണകൂടത്തിന് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ശ്രീകൃഷ്ണപുരത്ത് സിപിഎം നേതാവിന്റെ പീഡനം സഹിക്കവയ്യാതെ ആസിഡ് കഴിച്ച്് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച ആശ വർക്കർ. എ.ഐ.എസ്.എഫ് വനിതാ നേതാവിനെതിരെ സ്വന്തം ഘടകകക്ഷി പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ എസ്.എഫ്.ഐനേതാവ് നടത്തിയ പരാമർശങ്ങളും പീഡനങ്ങളും അങ്ങനെ നിരവധിയായ കാര്യങ്ങൾ ദിവസവും കണ്ടുകൊണ്ടിരിക്കുന്നു.
ഒരു അഭിമുഖത്തിൽ മുൻ ഡി.ജി.പി ശ്രീലേഖ തന്നെ വെളിപ്പെടുത്തിയ കാര്യങ്ങൾ കേരളത്തെ ഞെട്ടിക്കുന്നതാണ്. നവോത്ഥാനത്തെക്കുറിച്ചെല്ലാം നാം പാടിനടക്കുമ്പോഴും സാക്ഷരസുന്ദര കേരളം സ്ത്രീ സമത്വത്തിന്റെ കാര്യത്തിൽ എവിടെയെത്തി നിൽക്കുന്ന എന്ന കാര്യം നാം ചിന്തിക്കേണ്ടതുണ്ട്. കഴിഞ്ഞ ഇരുണ്ട കാലഘട്ടത്തിലെ പോലെ ഇന്നും സ്ത്രീയെ കേവലം ഉപഭോഗവസ്തുവായി മാത്രം കാണുന്ന ചിന്തകൾ ഇപ്പോഴും പലരുടെയും മനസിലുണ്ട് എന്നതും ഇതിനെ അതിജീവിക്കാൻ പലപ്പോഴും കഴിയുന്നില്ല എന്നതും ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധിയാണ്.