- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭാര്യയും ഇപ്പോഴത്തെ ഭാര്യയും അതിജീവിതയും ദിലീപും തമ്മിൽ റിയൽ എസ്റ്റേറ്റ് ഇടപാടുണ്ടെന്ന ആരോപണത്തിലേക്കും അന്വേഷണം; വസ്തു ഇടപാടുകൾക്ക് പ്രത്യക്ഷ തെളിവുകൾ കിട്ടിയില്ലെന്ന് സൂചന; മഞ്ജു വാര്യരുടെ മൊഴി പൂർണ്ണമായും ഇരയ്ക്ക് അനുകൂലം; കാവ്യയുടെ മൊഴി എടുത്ത ശേഷം വീണ്ടും ദിലീപിനെ ചോദ്യം ചെയ്യും; ക്രൈംബ്രാഞ്ചിന്റെ ആക്ഷൻ പ്ലാൻ ഇങ്ങനെ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ എല്ലാ ദുരൂഹതയും മാറ്റാൻ അന്വേഷണ സംഘം. നടിയെ പീഡിപ്പിച്ച കേസിനു മുൻപ് അതിജീവിത, നടൻ ദിലീപ്, നടി മഞ്ജു വാര്യയർ എന്നിവർക്കിടയിൽ ഏതെങ്കിലും സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിച്ചു. തുടരന്വേഷണത്തിൽ ഇത്തരത്തിലുള്ള ചില സൂചനകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. എന്നാൽ അന്വേഷണത്തിൽ കാര്യമായ തെളിവൊന്നും കിട്ടിയിട്ടില്ല.
വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാവ്യയുടെ ചോദ്യംചെയ്യൽ പൂർത്തിയാകുന്നതോടെ തുടരന്വേഷണത്തിന്റെ നിർണായക ഘട്ടം പൂർത്തിയാകും. റിയൽ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് പറയുന്നത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് സൂചന. ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്കു മാറ്റിയേക്കും. ഇന്നു ചോദ്യംചെയ്യലിനു ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് കാവ്യ, അന്വേഷണ സംഘത്തിന് സന്ദേശം അയച്ചിരുന്നു. എസ് എം എസ് വഴിയാണ് സന്ദേശം അയച്ചത്.
ആലുവ പൊലീസ് ക്ലബ്ബിലാണ് കാവ്യയെ ചോദ്യംചെയ്യാൻ അന്വേഷണസംഘം നിശ്ചയിച്ചിരുന്നത്. ചോദ്യംചെയ്യൽ ബുധനാഴ്ച ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലേക്കു മാറ്റാൻ കഴിയുമോയെന്നും കാവ്യയുടെ സന്ദേശത്തിൽ ചോദിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണസംഘം തീരുമാനം എടുത്തിട്ടില്ല. എന്നാൽ കേസിൽ കാവ്യയെ സാക്ഷിയായാണ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ കാവ്യയുടെ ആവശ്യം അംഗീകരിക്കേണ്ടി വന്നേക്കും.
ഇതിനിടെ, കേസിലെ പുതിയ തെളിവുകളായ ശബ്ദരേഖകളിലെ ശബ്ദങ്ങൾ തിരിച്ചറിയാൻ ദിലീപിന്റെ മുൻ ഭാര്യയായ നടി മഞ്ജു വാരിയരുടെ മൊഴിയും അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തി. ശബ്ദരേഖയിലെ ശബ്ദങ്ങൾ പലതും മഞ്ജു വാരിയർ തിരിച്ചറിഞ്ഞതായാണ് അറിയാൻ കഴിഞ്ഞത്. മഞ്ജുവിനെ അവർ താമസിക്കുന്ന ഹോ്ട്ടലിൽ എത്തിയാണ് മൊഴി എടുത്തത്. ഇതേ മാതൃകയിൽ തന്നെയും വീട്ടിൽ വന്ന് ചോദ്യം ചെയ്യണമെന്നതാണ് കാവ്യയുടെ ആവശ്യം.
തിങ്കളാഴ്ച രാവിലെ ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നൽകിയിരുന്നത്. എന്നാൽ, ചെന്നൈയിലുള്ള താൻ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാൽ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു. ഇതേത്തുടർന്നാണ് ചോദ്യംചെയ്യൽ മാറ്റിയത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിനു ശേഷം ആലുവയിലെ പത്മസരോവരം വീട്ടിലാകും കാവ്യയെ ചോദ്യം ചെയ്യുന്നത് എന്നാണ് ലഭിക്കുന്ന സൂചന.
കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന അന്വേഷണസംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിർണായക ശബ്ദരേഖ പുറത്തുവന്നതോടെയാണ് ചോദ്യംചെയ്യാൻ തീരുമാനിച്ചത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരമാണ് സംഭവങ്ങൾക്ക് കാരണമെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. കേസിൽ നിർണായക വിവരങ്ങൾ നൽകിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി കാവ്യയെ ചോദ്യംചെയ്യുമെന്നും സൂചനയുണ്ട്. ഇതിൽനിന്ന് ലഭിക്കുന്ന വിവരങ്ങൾ വച്ചാകും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. എന്നാൽ പത്മസരോവരം വീട്ടിൽ ബാലചന്ദ്ര കുമാറിനെ കാവ്യയ്‌ക്കൊപ്പം ചോദ്യം ചെയ്യാൻ കൊണ്ടു വരുമോ എന്നത് നിർണ്ണായകമാണ്.
കേസിൽ ദിലീപിന്റെ അഭിഭാഷകരെ ചോദ്യംചെയ്യാനും സാധ്യതയുണ്ട്. ഫിലിപ്പ് ടി. വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നോട്ടീസ് നൽകുമെന്നാണ് സൂചന. തെളിവു നീക്കാൻ ആവശ്യപ്പെട്ടത് ഫിലിപ്പ് വർഗീസാണെന്ന് കേസിലെ ഏഴാം പ്രതി സായ് ശങ്കർ വെളിപ്പെടുത്തിയിരുന്നു. ഇവർ പിടിച്ചെടുത്ത സായ് ശങ്കറിന്റെ ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ കസ്റ്റഡിയിലെടുക്കും.
ആവശ്യമെങ്കിൽ അഭിഭാഷകരുടെ ഓഫീസിൽ പരിശോധന നടത്താനും സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിട്ടുണ്ടെന്നാണ് സൂചന.
മറുനാടന് മലയാളി ബ്യൂറോ