കോഴിക്കോട്: ഐസിസിൽ ചേർന്ന കോഴിക്കോട് സ്വദേശി റിയാബിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു. ആദ്യമായാണ് ഐസിസ് ബന്ധത്തിന്റെ പേരിൽ കേരളത്തിൽ നിന്നൊരു കേസ് രജിസ്റ്റർ ചെയ്യുന്നത്. മലപ്പുറം എസ്‌പി ദീഭേഷ് കുമാർ ബെഹ്‌റയുടെ നേതൃത്വത്തിൽ ഡിസ്ട്രിക്ക് െൈക്രംബ്രാഞ്ച് ഡി.വൈ.എസ്‌പിയും സംഘവുമാണ് ഇപ്പോൾ കേസ് അന്വേഷിക്കുക. അതീവ രഹസ്യമായിട്ടായിരിക്കും അന്വേഷ പ്രക്രിയകളുടെ ഓരോഘട്ടവും മുന്നോട്ടു പോവുക.

അതീവ ജാഗ്രതയോടെയാണ് ഇന്നലെ കരിപ്പൂരിൽ രജിസ്റ്റർ ചെയ്യപ്പെട്ട കേസിനെ ഉന്നത പൊലീസ് വൃത്തങ്ങൾ കണക്കാക്കുന്നത്. അന്വേഷ നിർദേശങ്ങൾ അടങ്ങിയ കേസ് ഫയൽ ഇന്ന് മലപ്പുറം എസ്‌പി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. തികച്ചും രഹസ്യ സ്വഭാവമുള്ളതായിരിക്കും അന്വേഷണം. ഇത്തരം കേസുകളിൽ രഹസ്യം ചോർന്നു പോകാതെ വിവരങ്ങൾ കോടതിയുടെ മുന്നിൽ സമർപ്പിക്കണമെന്നാണ് അന്വേഷണ സംഘത്തിന് മുകളിൽ നിന്നുള്ള ഉത്തരവ്. അന്വേഷണത്തിന്റെ ഭാഗമായി വിദേശത്ത് നിന്നും കാണാതായ മലയാളികളുടെ പൂർണമായ വിവരങ്ങളും സോഷ്യൽ മീഡിയ വഴിയുള്ള ഭീകരവാദ സംഘടനകളുമായുള്ള വിവര ശേഖരണങ്ങളുമായിരിക്കും അന്വേഷണത്തിന്റെ പരിതിയിൽ പ്രധാനമായും ഉണ്ടാവുക.

റിയാബുമായി ബന്ധമുള്ളവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. റിയാബ് ഉപയോഗിച്ചിരുന്ന സോഷ്യൽ മീഡിയാ ഗ്രൂപ്പുകളും നിരീക്ഷിച്ച് മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും അന്വേഷിക്കുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. കോഴിക്കോട് കല്ലായി പന്നിയങ്കിരക്കടുത്ത, പയ്യാനക്കൽ ചക്കുംകടവ് പാരഡൈസ് കോളനിയിലെ മാളിയേക്കൽ അബ്ദുറഹിമാന്റെ മകനാണ് റിയാബ്. റിയാബിന് റിജു എന്നും റിയാസുൽ റഹ്മാൻ എന്നും പേരുകളുള്ളതായി അന്വേഷണ സംഘം പറഞ്ഞു. പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകളിൽ റിയാസുൽ റഹ് മാൻ എന്നായിരുന്നു പേര് രേഖപ്പെടുത്തിയിട്ടുള്ളത്.

ക്രൈം നമ്പർ 703/2015 നമ്പർ പ്രകാരമാണ് കരിപ്പൂർ സ്റ്റേഷനിൽ ഇന്നലെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. മലപ്പുറം എസ്‌പിയുടെ നിർദേശപ്രകാരം കരിപ്പൂർ എസ്.ഐ ബി.ബിനുവാണ് കേസ് രജിസ്റ്റർ ചെയ്തത്. റിയാബ് റാസൽ ഖൈമയിൽ നിന്നും സിറിയയിലേക്ക് കടന്നതായ വിവരം രഹസ്യാന്വേഷണ വിഭാഗങ്ങൾക്ക് ലഭിച്ചതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ വഴി ഭീകര പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കൽ, തീവ്രവാദ ഭീകരവാദ സംഘടനയുമായി ബന്ധം, ഇവരുമായി ബന്ധം പുലർത്തുന്ന പോസ്റ്റുകൾ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് എഫ്.ഐ.ആർ ഇട്ടിരിക്കുന്നത്. സെക്ഷൻ 125 ഐപിസി-20, 38 തുടങ്ങിയ വകുപ്പുകളാണ് റിയാബിനു മേൽ ചുമത്തിയിട്ടുള്ളത്.

മകൻ റിയാബിനെ കാണാതായ ദുഃഖവും റിയാബിന്റെ സഹോദരൻ റഹ് മാൻ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലര മാസക്കാലമായി അബൂദാബി ജിലിൽ കഴിഞ്ഞതും കല്ലായിലെ മാളിയേക്കൽ കുടുംബത്തിനെ തളർത്തിയിരിക്കുകയാണ്. കൂടാതെ മകൻ ഐസിസിൽ ചേർന്നതായ വാർത്തകൾ പുറത്തു വരുന്നതും തങ്ങളെ കൂടുതൽ പ്രയാസപ്പെടുത്തുന്നതായി പിതാവ് അബ്ദുൽ റഹ്മാൻ പറഞ്ഞു. റാസൽ ഖൈമയിലെ ന്യൂഇന്ത്യൻ സ്‌കൂളിൽ +2 വരെ പഠിച്ച മകന് ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ടിരുന്നത് പറഞ്ഞിരുന്നില്ല. പഠനം കഴിഞ്ഞ് ജോലി അന്വേഷിക്കുകയാണെന്നാണ് ഉമ്മയോടു വിളിച്ചപ്പോൾ പറഞ്ഞിരുന്നത്.

എന്നാൽ നാട്ടിലേക്ക് വരാൻ വീ്ട്ടുകാർ നിർബന്ധിച്ചെങ്കിലും ഇതു കൂട്ടാക്കാൻ റിയാബ് തയ്യാറായിരുന്നില്ലെന്ന് പിതാവ് പറഞ്ഞു. ജോലി അന്വേഷിക്കുകയാണെന്ന് പറഞ്ഞായിരുന്നു റിയാബ് നാട്ടിൽ വരുന്നതിൽ നിന്നും ഒഴിഞ്ഞു മാറിയിരുന്നത്. പിന്നീട് അവനെ കാണാതായ വിവരമാണ് അറിയുന്നതെന്നും പിതാവ് കൂട്ടിച്ചേർത്തു. അതസമയം, അബ്ദുറഹിമാന്റെ വീടിനെ കുറിച്ചോ മക്കളെ കുറിച്ചോ പരിസരത്തുള്ളവർക്കും വീട്ടുകാർക്കും കൂടുതലൊന്നും അറിവില്ലായിരുന്നു. വിദേശത്ത് ബിസിനസ് നടത്തിയിരുന്ന കുടുംബം ഗൾഫിലും ഇവിടെയുമായാണ് ജീവിതം കഴിച്ചിരുന്നത്. ചുരുക്കം കാലയളവ് മാത്രമാണ് റിയാബ് നാട്ടിലുണ്ടായിരുന്നത്. ഇതിനാൽ ഇവരെ കുറിച്ച് കൂടുതലൊന്നും നാട്ടുകാർക്കും അറിയില്ല.

അതേസമയം, യു.എ.ഇയിൽ വച്ച് ഇറാൻ സ്വദേശിയായ ബിസിനസുകാരനെ റിയാബ് പരിചയപ്പെട്ടിരുന്നെന്നും ഇയാളുമായി റയാബിന് സൗഹൃദം ഉണ്ടായിരുന്നതായും പിതാവ് അബ്ദുറഹിമാൻ ഇന്റലിജൻസ് ഡി.വൈ.എസ്‌പിക്ക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇന്റലിജൻസ് അബ്ദുറഹിമാനെ മണിക്കൂറുകൾ ചോദ്യം ചെയ്‌തെങ്കിലും റിയാബുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഏറെ നാളായി യുഎഇയിലെ വീട്ടിലും നാട്ടിലുള്ള മാളിയേക്കൽ വീട്ടിലും ബന്ധപ്പെട്ടിരുന്നില്ലെന്നും പിതാവ് മൊഴിനൽകിയിട്ടുണ്ട്.

റിയാബിന്റെ വീടും ഇവരുമായി ബന്ധപ്പെടുന്ന മതതീവ്രവാദ സംഘടനകളും നീരീക്ഷിക്കപ്പെടും. കോഴിക്കോട് ഭാഗത്ത് നിന്നും വിദേശത്ത് പോയി കാണാതാകുന്നവരുടെ എണ്ണം കൂടുന്നതായും ഇന്റലിജൻസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. റിയാബിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി വിവിധയിടങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മലയാളികളുള്ള സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ നിരീക്ഷിക്കുകയും ഇതിന്റെ വിവരങ്ങങ്ങൾ ശേഖരിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. കൂടാതെ, പ്രധാനമായും റിയാബിനു മേൽ ആരോപിക്കപ്പെട്ട തരത്തിൽ സോഷ്യൽ മീഡിയ വഴി ഐസിസിലേക്കു ആളുകളെ ക്ഷണിച്ചിട്ടുണ്ടോ എന്നു അന്വേഷിക്കും.

ഇതുമായി ബന്ധപ്പെട്ട് ഏതെല്ലാം മലയാളികളുമായി ആശയ വിനിമയം നടത്തിയിട്ടുണ്ടെന്നും അവരെ കണ്ടെത്ത്ി ചോദ്യം ചെയ്യാനുമാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ഐസിസ് കേസായതിനാൽ കേരള ആഭ്യന്തര വകുപ്പ് കർശനന നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. ആദ്യമായണ് ഒദ്യോഗികമായി ഐസിസി ബന്ധത്തെ പറ്റി ഒരന്വേഷണം സംസ്ഥാനത്ത് നടത്തുന്നത്. കൂടുതൽ മലയാളികൾക്ക് ഐസിസുമായി ബന്ധമുണ്ടോയെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ സാധിക്കും.