- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുകൊണ്ടുവരാൻ പരിശോധിക്കണം; സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്; നൽകരുതെന്ന് ഇ ഡിയുടെയും സ്വപ്നയുടെയും അഭിഭാഷകർ; ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയിൽ
കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ടാണ് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. എന്തിനാണു രഹസ്യമൊഴിയുടെ പകർപ്പെന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കണമെന്നു കോടതി ആവശ്യപ്പെട്ടു.
എന്നാൽ, രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടു. ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയും പി.സി.ജോർജും ഗൂഢാലോചന നടത്തിയെന്ന കേസിന്റെ അന്വേഷണത്തിനു മൊഴിയുടെ പകർപ്പ് ആവശ്യമുണ്ടെന്നു ക്രൈംബ്രാഞ്ച് കോടതിയിൽ അറിയിച്ചു. സ്വപ്നയുടെ സത്യവാങ്മൂലം എങ്ങനെ പുറത്തായെന്ന് അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
കന്റോമെന്റ് പൊലീസ് രജിസ്റ്റർ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി അനിവാര്യമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചന സംബന്ധിച്ച തെളിവുകൾ പുറത്തുകൊണ്ടുവരാൻ രഹസ്യമൊഴി പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. സ്വപ്നയുടെ അഭിഭാഷകർ തന്നെയാണ് സത്യവാങ്മൂലം പുറത്തുവിട്ടതെന്ന് സംശയിക്കേണ്ടിവരുമെന്നും ക്രൈംബ്രാഞ്ച് കോടതിയിൽ പറഞ്ഞു.
ജീവന് ഭീഷണിയുണ്ടെന്ന് സ്വപ്ന സുരേഷ് കോടതിയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലുടെ അടക്കം നിരന്തരമായ ഭീഷണിയുണ്ടാകുന്നു. സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട സ്വപ്ന, സംസ്ഥാന സർക്കാരിന്റെ സുരക്ഷ വേണ്ടന്നും ആവർത്തിച്ചു. ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ തനിക്കെതിരെയും കേസെടുത്തെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. രഹസ്യമൊഴി കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് പരിശോധിക്കുകയാണെന്നും ഇ ഡി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഈ മാസം 22ലേക്ക് മാറ്റി.
അതേസമയം, സ്വർണകടത്ത് കേസിൽ ഷാജ് കിരണിന്റെയും സ്വപ്ന സുരേഷിന്റെയും വെളിപ്പെടുത്തലിൽ ബിലിവേഴ്‌സ് ഈസ്റ്റേൺ ചർച്ച് നിയമ നടപടിയിലേക്ക് കടക്കുകയാണ്. ഇരുവർക്കുമെതിരെ സഭ തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കേടതിയിൽ ഹർജി നൽകി. മാനനഷ്ടം, ക്രിമനിനൽ ഗൂഢാലോചന തുടങ്ങിയവ ആരോപിച്ചാണ് ഹർജി.
മുഖ്യമന്ത്രി പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും ഫണ്ടുകൾ ബിലിവേഴ്‌സിന്റെ സാഹയത്തോടെ അമേരിക്കയിലേക്ക് കടത്തുന്നുണ്ടെന്നായിരുന്നു ഷാജ് കിരൺ സ്വപനയോട് പറഞ്ഞത്. സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയിലും ഈ പരാമർശമുണ്ട്. ഈ പ്രസ്താവനകൾ സഭയേയും അനുബന്ധ സ്ഥാപനങ്ങളേയും അപകീർത്തിപ്പെടുത്തിയെന്നാണ് സഭയുടെ ഹർജിയിലുള്ളത്. കോടതി ഹർജി ഫയലിൽ സ്വീകരിച്ചു.
മറുനാടന് മലയാളി ബ്യൂറോ