തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിനെ വരുതിയിൽ നിർത്താൻ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം തുടങ്ങി. ബാർകോഴയിലെ വെളിപ്പെടുത്തലുകൾക്ക് പിന്നിൽ ഗൂഢാലോചന നടത്തിയത് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി സുകേശനും ബാറുടമാ നേതാവ് ബിജു രമേശും ചേർന്നാണെന്നും ഇതിൽ അന്വേഷണം വേണമെന്നുമുള്ള വിജിലൻഡ് ഡയറക്ടറുടെ ശുപാർശാ ഫയലിന്മേൽ രമേശ് ചെന്നിത്തല ഒപ്പുവച്ചു. ഇതോടെ അന്വേഷണ ഉത്തരവ് പുറത്തിറങ്ങി. കൈംബ്രാഞ്ച് എഡിജിപിക്കാണ് ന്വേഷണ ചുമതല.

അതേസമയം ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, സുകേശനെതിരായ അന്വേഷണത്തിൽ ഗൂഢാലോചനയുണ്ടെന്നും ബിജു രമേശ് പറഞ്ഞു.വിജിലൻസിന്റെ പക്കൽ താനുമായി സുകേശൻ നടത്തിയെന്ന് പറയപ്പെടുന്ന ഫോൺ സംഭാഷണങ്ങളുടെ സിഡി പുറത്തുവിടണമെന്നും ബിജു രമേശ് ആവശ്യപ്പെട്ടു. തനിക്കും സുകേശനും എതിരായ അന്വേഷണത്തിന് പിന്നിൽ ആഭ്യന്തരമന്ത്രിയുടെ ഓഫീസും വിജിലൻസും തമ്മിലുള്ള ഗൂഢാലോചനയാണന്ന് ബിജു രമേശ് മാതൃഭൂമി പ്രതികരിച്ചു.

കോഴ വാങ്ങിയ പുതിയ മന്ത്രിമാരുടെ പേരുകൾ പുറത്തുവിട്ടപ്പോഴാണ് തന്നെ ക്രിമിനൽ കേസിൽ കുടുക്കാനുള്ള പുതിയ ശ്രമം. ചോദ്യം ചെയ്യലിനിടയിൽ പുതിയ മന്ത്രിമാരുടെ പേരുകൾ പറയാൻ തുടങ്ങിയപ്പോൾ അത് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നതല്ലെന്നും നിങ്ങൾ പരാതിയായി നൽകുകയോ അല്ലങ്കിൽ മാദ്ധ്യമങ്ങൾക്ക് നൽകുകയോ ചെയ്യുക എന്നാണ് സുകേശൻ പറഞ്ഞത്. ഈ സംഭാഷണമാണ് ഗൂഢാലോചനയായി കണക്കാക്കുന്നത്. ബിജു രമേശ് പറഞ്ഞു. ശബ്ദരേഖയുടെ സി.ഡി.പുറത്ത് വിടാൻ ബിജു രമേശ് വിജിലൻസിനെ വെല്ലുവിളിക്കുകയും ചെയ്തു.

അതേസമയം എസ്‌പി സുകേശനെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം നടത്താൻ തീരുമാനിച്ചത് സർക്കാരിന്റെ വരുതിയിലാക്കാനുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമാണെന്ന് സിപിഐ(എം) പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പ്രതികരിച്ചു. മൂന്ന് ഡിജിപിമാരെ മറികടന്ന് എഡിജിപി ശങ്കർ റെഡ്ഡിയെ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിയമിച്ചത് കോൺഗ്രസിന്റെ നയങ്ങൾ നടപ്പിലാക്കാൻ വേണ്ടിയാണെന്നും പിണറായി ആരോപിച്ചു.

ഇന്നലെയാണ് വിജിലൻസ് ഡയറക്റ്റർ ആഭ്യന്തര സെക്രട്ടറിക്കാണ് എസ്‌പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്ന ശുപാർശ കൈമാറിയത്. ബാർ കോഴക്കേസുമായി ബന്ധപ്പെട്ട് ബിജു രമേശുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്നും, കോടതിയിൽ ബിജു രമേശ് നൽകിയ ശബ്ദരേഖയിൽ ഇതിനെക്കുറിച്ചുള്ള വിവരങ്ങളുണ്ടെന്നുമാണ് ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ വിജിലൻസ് ഡയറക്റ്റർ വ്യക്തമാക്കിയിരുന്നത്.

2014 ഡിസംബർ 14ന് എറണാകുളത്തെ ബാർ ഉടമാ അസോസിയേഷൻ ഓഫീസിൽ നടന്ന കോർ കമ്മിറ്റി യോഗത്തിൽ രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളടങ്ങുന്നതാണ് സി.ഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌പി. സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണമിതിലുണ്ട്. ഇതിന്റെയടിസ്ഥാനത്തിൽ ഇരുവരും തമ്മിലുള്ള ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടതാണെന്ന് ഡയറക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

എസ്‌പി. മൊഴിയെടുത്തപ്പോൾ വളരെ സൗഹാർദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഇതിൽ പറയുന്നു. മൊഴി കൊടുത്ത അസോസിയേഷൻ ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേർത്തിട്ടുള്ളതെന്ന് എസ്‌പി. പറഞ്ഞെന്നും ഇതിൽ ബിജു രമേശ് പറയുന്നു. ബിജു രമേശിന് എന്തെങ്കിലും പൊളിറ്റിക്കൽ കമ്മിറ്റ്‌മെന്റ് ഉണ്ടായിട്ടുണ്ടോയെന്നും അസോസിയേഷനുമായി എന്തെങ്കിലും ധാരണയിൽ എത്തിയിട്ടുണ്ടോയെന്നും എസ്‌പി. ചോദിച്ചതായി ബിജു രമേശ് യോഗത്തിൽ പറഞ്ഞത് ശബ്ദരേഖയിലുണ്ട്.

കേസിന്റെ അന്വേഷണം ഏതുരീതിയിൽ വേണമെങ്കിലും അവസാനിപ്പിക്കാനാവുമെന്നും എന്നാൽ, താൻ ചാർജ്ജ് കൊടുക്കുമെന്നും എസ്‌പി. പറഞ്ഞതായി ബിജു രമേശ് യോഗത്തിൽ വെളിപ്പെടുത്തിയെന്നും 22 പേജ് വരുന്ന റിപ്പോർട്ടിൽ വിജിലൻസ് ഡയറക്ടർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണ ഉദ്യോഗസ്ഥനെന്ന നിലയിൽ മാദ്ധ്യമങ്ങളോട് തനിക്ക് ഒന്നും പറയാൻ കഴിയില്ലെന്നും ബിജു എന്തുവേണമെങ്കിലും പറഞ്ഞോ എന്നും സുകേശൻ പറഞ്ഞതായും പറയുന്നു.

ബാർകോഴയുമായി ബന്ധപ്പെട്ട് തുടരന്വേഷണം നടത്തിയതും സുകേശനായിരുന്നു. കെ.എം മാണിക്ക് ബാറുടമകൾ മൂന്നു തവണയായി പണം നൽകി എന്നതിന് തെളിവില്ല എന്നാണ് സുകേശന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്. കെ.എം മാണിയെ കുറ്റവിമുക്തനാക്കാനാണ് സുകേശൻ ഇത്തരത്തിൽ അന്വേഷണ റിപ്പോർട്ട് നൽകിയതെന്നും ആരോപണമുണ്ടായിരുന്നു. ആദ്യം വിശ്വാസത്തിലെടുത്ത മൊഴികൾ പിന്നീട് കളവെന്ന് ബോധ്യപ്പെട്ടതായും ബിജു രമേശിന്റെ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമാക്കിയുമാണ് വിജിലൻസ് തുടരന്വേഷണം അവസാനിപ്പിച്ചത്. മദ്യനയം സംസ്ഥാനത്ത് നടപ്പിലാക്കിയത് മൂലമുണ്ടായ നഷ്ടമാണ് ബിജുരമേശിന്റെ ആരോപണത്തിന് പിന്നിലെന്നും, മാണി കോഴ ചോദിച്ചതിനും, വാങ്ങിയതിനും തെളിവില്ലാത്തതിനാൽ കേസ് അവസാനിപ്പിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

അതേസമയം സോളാർ കേസിൽ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ രവിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് നിയമോപദേശവും ഇതോടെ ചർച്ചയായിട്ടുണ്ട്. ബാർകോഴയുടെ കാര്യത്തിൽ മറ്റൊരു നിലപാടും സോളാർ കേസിൽ മറ്റൊരു നിലപാടും എങ്ങനെയാണെന്ന ചോദ്യവും ശക്തമായി ഉയർന്നിട്ടുണ്ട്. സരിതയുമായുള്ള ശബ്ദരേഖയുടെ അടിസ്ഥാനത്തിൽ ബെന്നി ബെഹനാനും തമ്പാനൂർ രവിക്കും എതിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായി ഉയർന്നിട്ടുണ്ട്.