- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോൻസൺ മാവുങ്കൽ ബലാത്സംഗ ചെയ്ത ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവം; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു; നടപടി എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ച്; അനിത ലോക കേരള സഭയിൽ എത്തിയതിൽ ദുരൂഹത തുടരുന്നു; ആയുധമാക്കാൻ പ്രതിപക്ഷം
കൊച്ചി: ബലാത്സംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ പ്രവാസി വനിത അനിത പുല്ലയിലിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈം ബ്രാഞ്ച് ഓഫീസിൽവച്ചാണ് ചോദ്യം ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന്റെ സുഹൃത്താണ് അനിത പുല്ലയിൽ.
മോൻസണെതിരെ ബലാത്സംഗ പരാതി നൽകിയ പെൺകുട്ടിയുടെ പേരും ചിത്രങ്ങളും പുറത്തുവിട്ടെന്നാണ് അനിതയ്ക്കെതിരെയുള്ള ആരോപണം. പെൺകുട്ടി തന്നെയാണ് അനിതക്കെതിരെ പരാതി നൽകിയത്. തൃശ്ശൂർ സ്വദേശിയായ അനിത പുല്ലയിൽ ഇറ്റലിയിലെ റോമിലാണ് താമസം. അവിടെ പ്രവാസി മലയാളി അസോസിയേഷൻ പ്രവർത്തകയാണ്.
അതേസമയം, അനിത പുല്ലയിൽ ലോക കേരള സഭയിൽ എത്തിയതിൽ ദുരൂഹത തുടരുന്നു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലും ചേർന്നുള്ള സഭാ ടി.വി. ഓഫീസിലുമെല്ലാം ഉണ്ടായിരുന്ന അനിത സമ്മേളന പ്രതിനിധി അല്ലെന്നാണ് സംഘാടകരായ നോർക്ക നൽകുന്ന വിശദീകരണം.
സഭാംഗമോ നടത്തിപ്പ് ടീമംഗമോ അല്ലാത്തയാൾ മന്ദിരത്തിൽ പ്രവേശിച്ചത് ദുരൂഹമാണ്. നോർക്കയുടെ പാസുള്ളവരെ മാത്രമാണ് നിയമസഭാ ഗേറ്റിലും മന്ദിരത്തിലേക്കും സമ്മേളന ഹാളിലേക്കുമെല്ലാം പ്രവേശിപ്പിക്കുന്നത്. ഇതൊന്നുമല്ലാത്ത അനിത പുല്ലയിൽ എങ്ങിനെ ഇവിടെല്ലാം എത്തി എന്നതിന് വിശദീകരണമില്ല.
അതേസമയം അനിത പുല്ലയിൽ നിയമസഭാ സമുച്ചയത്തിലെത്തിയത് ആയുധമാക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. വിവാദ കേസിൽ അകപ്പെട്ടയാളെ സർക്കാർ ക്ഷണിച്ചുവെന്ന പ്രചാരണമായിരിക്കും പ്രതിപക്ഷം നടത്തുക. എന്നാൽ സഭയുടെ അതിഥി പട്ടികയിൽ അനിതയില്ലെന്ന വിശദീകരണം നൽകി ഒഴിവാക്കാനായിരിക്കും സർക്കാർ നീക്കം.
വ്യാജ പുരാവസ്തു-സാമ്പത്തിക തട്ടിപ്പുകേസ് പ്രതി മോൻസൻ മാവുങ്കലുമായുള്ള പരിചയത്തിന്റെ പേരിലാണ് അനിത പുല്ലയിലിനെ കേരളം അറിയുന്നത്. പിന്നീട് വിവാദമായി ഈ കേസുമായി ബന്ധപ്പെട്ട് അനിതയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയും ചെയ്തു. ഇതിനിടയിലാണ് ലോക കേരള സഭ നടന്ന നിയമസഭ സമുച്ചയത്തിൽ അനിത പുല്ലയിൽ എത്തിയത്. സമ്മേളനം നടന്ന രണ്ട് ദിവസവും അനിത നിയമസഭ സമുച്ചയത്തിൽ ഉണ്ടായിരുന്നു. ഇത് രാഷ്ട്രീയ പ്രചാരണ വിഷയമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ക്രിമിനൽ കേസിൽ പ്രതിയാക്കപ്പെട്ടയാൾ ലോക കേരള സഭ വേദിയിൽ എങ്ങനെ എത്തി എന്ന ചോദ്യമായിരിക്കും പ്രതിപക്ഷം ഉയർത്തുക. ക്രിമിനൽ കേസുകളിൽ പങ്കാളികളാകുന്നവരെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രചാരണവും അഴിച്ചുവിട്ടേക്കും. എന്നാൽ അനിതയെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന പ്രതിരോധം തീർക്കാനാണ് സർക്കാർ ശ്രമം. സഭ സമ്മേളനത്തിന്റെ അതിഥി പട്ടികയിൽ അനിതയുടെ പേരില്ലാത്തതും സർക്കാർ ഉയർത്തിക്കാട്ടും. ക്ഷണിക്കാത്തയാൾ രണ്ട് ദിവസം നിയമസഭ സമുച്ചയത്തിൽ എങ്ങനെ നിന്നു എന്ന മറു ചോദ്യമായിരിക്കും പ്രതിപക്ഷം ഉയർത്തുക. എന്നാൽ വിവാദങ്ങളോട് പ്രതികരിക്കാൻ അനിത പുല്ലയിൽ ഇതുവരെ തയ്യാറായിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ