കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മാഡത്തെ കണ്ടത്താനുള്ള ക്രൈംബ്രാഞ്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിൽ ഇന്നലെ നാലര മണിക്കൂറാണ് ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ചതിന് പിന്നിലെ യഥാർഥ കാരണം സാമ്പത്തിക കാര്യം എന്നതിന് ഉപരിയായി എന്തെങ്കിലും ഉണ്ടോ എന്നത് അടക്കമുള്ള കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ഇതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിക്കുമോ എന്ന സാധ്യതയാണ് അന്വേഷണ ഉദ്യോഗസ്ഥർ തേടിയതും.

ഇന്നലത്തെ ചോദ്യം ചെയ്യലിൽ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു കാരണം നടൻ ദിലീപിന്റെ ചില സാമ്പത്തിക താൽപര്യങ്ങളാണെന്ന ആരോപണം ശരിയല്ലെന്നു കാവ്യ മാധവൻ മൊഴി നൽകി. ആലുവയിലെ ദിലീപിന്റെ 'പത്മസരോവരം' വീട്ടിലാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. കുറ്റകൃത്യം നടന്ന 2017 ഫെബ്രുവരിയിൽ തന്നെ ഇത്തരം ആരോപണങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ തെളിവു ലഭിച്ചിരുന്നില്ല. ഇതേക്കുറിച്ച് കാവ്യ അടക്കം മുമ്പ് നൽകിയ മൊഴിയും സമാനമയിരുന്നു.

പീഡനക്കേസിലെ അതിജീവിതയായ നടിയും കാവ്യ മാധവനും തമ്മിലുള്ള വ്യക്തി വിദ്വേഷമാണു കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നു കുറ്റപ്പെടുത്തുന്ന, ദിലീപിന്റെ സഹോദരി ഭർത്താവ് ടി.എൻ.സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നതോടെ റിയൽ എസ്റ്റേറ്റ്, സാമ്പത്തിക താൽപര്യങ്ങൾ സംബന്ധിച്ചു കേട്ടിരുന്ന പഴയ ആരോപണങ്ങൾ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷിച്ചിരുന്നു. കേസിന്റെ തുടരന്വേഷണത്തിൽ ഇതുസംബന്ധിച്ചു ലഭിച്ച പുതിയ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണു ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യയെ വിശദമായി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.

പീഡിപ്പിക്കപ്പെട്ട നടിയുമായി വ്യക്തി വിരോധമുണ്ടായിരുന്നില്ലെന്നു കാവ്യ പറഞ്ഞു. എന്നാൽ കാവ്യയുടെ ചില മൊഴികളിലെ പൊരുത്തക്കേടുകൾ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയെന്നാണു സൂചന. ചില കാര്യങ്ങളും അവ സംഭവിച്ച സമയവും കൃത്യമായി ഓർത്തെടുക്കാൻ കഴിയുന്നില്ലെന്ന നിലപാടാണു കാവ്യ പലപ്പോഴും സ്വീകരിച്ചത്. ക്രൈംബ്രാഞ്ചിന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ കാവ്യയ്ക്ക് ഉത്തരം മുട്ടി അവശയാകുകയും ചെയ്തു.

ഇന്നലെ ഉച്ചയ്ക്കു 12.45 നു തുടങ്ങിയ ചോദ്യംചെയ്യൽ ചെറിയ ഇടവേള സഹിതം 4 മണി വരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്‌പി: എംപി.മോഹനചന്ദ്രൻ, പീഡനക്കേസിൽ തുടരന്വേഷണം നടത്തുന്ന ഡിവൈഎസ്‌പി: ബൈജു എം. പൗലോസ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണു കാവ്യയെ ചോദ്യം ചെയ്തത്.

ചോദ്യം ചെയ്യലിനായി ആലുവ പൊലീസ് ക്ലബ്ബിൽ ഹാജരാവണമെന്നു കാണിച്ചു ക്രൈംബ്രാഞ്ച് 2 തവണ കാവ്യയ്ക്കു നോട്ടിസ് നൽകിയെങ്കിലും കേസിലെ സാക്ഷിയെന്ന നിലയ്ക്കു, തന്നെ വീട്ടിൽ വച്ചു ചോദ്യം ചെയ്യണമെന്ന നിലപാടാണു കാവ്യ സ്വീകരിച്ചത്. അതേസമയം, കാവ്യ ചോദ്യംചെയ്യലുമായി സഹകരിച്ചോ ഇല്ലയോ എന്നകാര്യം ഉദ്യോഗസ്ഥർ ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കാവ്യയുടെ മൊഴി പരിശോധിച്ച ശേഷം അന്വേഷണസംഘം തുടർനടപടികളിലേക്ക് കടക്കാനാണ് ഒരുങ്ങുന്നത്. ഒരിക്കൽ കൂടി പത്മസരോവരത്തിലേക്ക് എത്തേണ്ടി വരുമെന്ന സൂചനയാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

നേരത്തെ രണ്ടുതവണ ചോദ്യംചെയ്യലിന് ഹാജരാകാൻ കാവ്യാ മാധവന് അന്വേഷണസംഘം നോട്ടീസ് നൽകിയിരുന്നു. എന്നാൽ ആലുവയിലെ വീട്ടിൽവെച്ച് ചോദ്യംചെയ്യാമെന്നായിരുന്നു കാവ്യയുടെ നിലപാട്. പ്രൊജക്ടർ അടക്കമുള്ള സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിലെ തടസവും മറ്റും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇത് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാൽ കാവ്യാ മാധവൻ നിലപാടിൽ ഉറച്ചുനിന്നതോടെയാണ് ആലുവയിലെ വീട്ടിൽവെച്ച് തന്നെ ചോദ്യംചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനമെടുത്തത്.