കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് വിദ്യാർത്ഥിനി ഷംന തസ്നീം കുത്തിവെപ്പിനെത്തുടർന്ന് മരിച്ച സംഭവത്തിൽ ഡോ.ജിൽസ് ജോർജ്, ഡോ.കൃഷ്ണമോഹൻ എന്നിവരുൾപ്പെടെ 15 പേർ കുറ്റക്കാരാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഗുരുതരമായ ചികിത്സാപ്പിഴവാണ് ഇവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ഗുരുതരാവസ്ഥയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിനിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ക്രൈംബ്രാഞ്ചും മെഡിക്കൽ ബോർഡിന്റെ അപ്പെക്സ് ബോർഡും ചൂണ്ടിക്കാട്ടി.എന്നാൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് കിട്ടി രണ്ടുമാസം കഴിഞ്ഞിട്ടും സർക്കാർ ഇതിന്മേൽ നടപടിയെടുത്തിട്ടില്ല

എം.ബി.ബി.എസ് വിദ്യാർത്ഥിനിയും കണ്ണൂർ ശിവപുരം ആയിഷ മൻസിലിൽ കെ.എ. അബൂട്ടിയുടെ മകളുമായ ഷംന 2016 ജൂലൈ 18നാണ് പനിക്കുള്ള കുത്തിവെപ്പിനെത്തുടർന്ന് കുഴഞ്ഞുവീണ് മരിച്ചത്. മരണത്തിന് ഉത്തരവാദി കൊച്ചി ഗവ. മെഡിക്കൽ കോളജാണെന്നായിരുന്നു എറണാകുളം ഡി.എം.ഒ അധ്യക്ഷനായ സമിതിയുടെ പ്രാഥമിക അന്വേഷണറിപ്പോർട്ടിൽ കണ്ടെത്തിയത്. മെഡിക്കൽ ബോർഡിലെ ഫോറൻസിക് വിഭാഗം നൽകിയ വിശദീകരണക്കുറിപ്പിൽ ചികിത്സ റിപ്പോർട്ടിലെ അപൂർണതയും പൊരുത്തക്കേടും ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ തികഞ്ഞ അനാസ്ഥയാണ് അധികൃതർ കാണിച്ചത്.

മകളുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഷംനയുടെ പിതാവ് ആദ്യം സമീപിച്ചത് കളമശ്ശേരി പൊലീസ് സ്റ്റേഷനിലാണ്. തൃക്കാക്കര അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാണ് ഈ കേസ് ഏറ്റെടുത്തത്. പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം മെഡിക്കൽ ബോർഡ് ചേരുകയായിരുന്നു. മെഡിക്കൽ ഓഫീസറുടെ അഭിപ്രായമനുസരിച്ച് ഈ കേസന്വേഷണം അവസാനിപ്പിക്കാൻ പോകുകയാണെന്ന് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ ഷംനയുടെ ഉപ്പയെ വിളിച്ചറിയിച്ചു. ചികിത്സാപ്പിഴവില്ലെന്നാണ് മെഡിക്കൽ ഓഫീസർ അറിയിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആദ്യത്തെ മെഡിക്കൽ ബോർഡ് ചേർന്നത് എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ കുട്ടപ്പന്റെ നേതൃത്വത്തിലായിരുന്നു. ജില്ലാ ആശുപത്രിയിലെ മൂന്നോ നാലോ ഉദ്യോഗസ്ഥർ മാത്രമാണ് ബോർഡിൽ ഉണ്ടായിരുന്നത്.

എന്നാൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിദഗ്ദ്ധയായ ഡോ.ലിസ ജോൺ മെഡിക്കൽ ബോർഡിന്റെ നടപടികൾക്കെതിരെ വിയോജനക്കുറിപ്പ് എഴുതിവെച്ചു. അതാണ് ഈ കേസിൽ വഴിത്തിരിവായത്. അതിനെത്തുടർന്ന് തിരുവനന്തപുരത്ത് ചെന്ന് ഡി.ജി.പിയോട് ഫലപ്രദമായ രീതിയിൽ അന്വേഷണം നടത്തണമെന്ന ആവശ്യം ഷംനയുടെ ഉപ്പ ഉന്നയിക്കുകയായിരുന്നു. തുടർന്ന് അന്വേഷണ സംഘത്തെ മാറ്റി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അതുകൂടാതെ ഷംനയുടെ ഉപ്പ സെക്രട്ടേറിയേറ്റിൽ പോയി ആരോഗ്യവകുപ്പ് സെക്രട്ടറിയെ കണ്ടു. മെഡിക്കൽ ബോർഡിന്റെ ഇടപെടലിൽ അപാകതകൾ ഉണ്ടെന്നും കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ഉപ്പ അറിയിച്ചിരുന്നു. അതനുസരിച്ച് മെഡിക്കൽ ബോർഡിന്റെ അപ്പെക്സ് ബോർഡ് ചേർന്ന് രണ്ട് ഡോക്ടർമാർ കുറ്റക്കാരാണെന്ന് കണ്ടുപിടിക്കുകയായിരുന്നു.

ഇതിനിടെ ഷംനയുടെ പിതാവ് നീതിതേടി മനുഷ്യാവകാശ കമ്മീഷനിലും പരാതി നൽകി. വിദ്യാർത്ഥിനിയുടെ മരണം മെഡിക്കൽ ഓഫിസർമാരുടെ തികഞ്ഞ അനാസ്ഥയാണെന്ന് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മിഷൻ ഒക്ടോബർ 16ന് വിലയിരുത്തിയിരുന്നു. ഇതേതുടർന്ന് തൊട്ടടുത്ത ദിവസം മെഡിക്കൽ കോളജിലെ ജനറൽ മെഡിക്കൽ വിഭാഗം മേധാവി ഡോ. ജിൽസ് ജോർജ്, ജനറൽ മെഡിസിൻ വിഭാഗം റെസിഡന്റ് ഡോക്ടർ ബിനോ ജോസ് എന്നിവരെ സസ്പെന്റ് ചെയതു. എന്നാൽ, വകുപ്പുതല, പൊലീസ് അന്വേഷണങ്ങൾ പൂർത്തിയാകുന്നതിനുമുമ്പ് സസ്പെൻഷൻ സർക്കാർ പിൻവലിക്കുകയായിരുന്നു.

ഏറെ പ്രതീക്ഷയോടെ ഡോക്ടറാവണമെന്ന മോഹത്തോ എം.ബി.ബി.എസിന് ചേർന്ന മകളുടെ മരണത്തിനുത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഷംനയുടെ പിതാവ് അബൂട്ടി മുട്ടാത്ത വാതിലുകളില്ല. എന്നാൽ ബന്ധപ്പെട്ട അധികാരികളോ രാഷ്ട്രീയപാർട്ടികളോ യാതൊരുവിധ നടപടികളും സ്വീകരിച്ചില്ലെന്നു മാത്രമല്ല ഷംനയുടെ ചികിൽസാ ചിലവെന്നു പറഞ്ഞു ഭീമമായ തുക പിതാവിൽ നിന്നു തട്ടിയെടുക്കുകയും ചെയ്തു.