തിരുവനന്തപുരം: രാത്രി സമയത്ത് പള്ളിവികാരി വീട്ടിലെത്തിയതു ചോദ്യം ചെയ്ത ഗൃഹനാഥനെ മർദ്ദിക്കുകയും തെറി വിളിക്കുകയും ചെയ്തതായി പരാതി. തിരുവനന്തപുരം കഴക്കൂട്ടത്തിന് സമീപം മേനംകുളത്താണ് സംഭവം. ലത്തീൻ കത്തോലിക്ക ചിറയിൻകീഴ് അരയൻ തുരുത്തി പള്ളി വികാരിയും പള്ളിത്തറ സ്‌കൂൾ അദ്ധ്യാപകനുമായ ജോൺ ബോസ്‌കോയ്ക്കെതിരെയാണ് മേനംകുളം സ്വദേശി ബേബി ഡിക്സൺ കഴക്കൂട്ടം സ്റ്റേഷനിൽ പരാതി നൽകിയത്.

മേനംകുളത്തെ ഭാര്യവീട്ടിൽ ഡികസ്ൺ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന വികാരിയച്ചനുമായി വാക്കേറ്റമുണ്ടാകുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. ഡിക്സന്റെ ഭാര്യയുടെ സഹോദരിയും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയോടെ ഇവിടെയെത്തിയ ഭാര്യയേയും മകളേയും വിളിക്കാനണ് ഡിക്സൺ വീട്ടിലെത്തിയത്. എന്നാൽ ഡിക്സൺ എത്തിപ്പോൾ വീടും ഗേറ്റും അകത്തുനിന്ന് പൂട്ടിയനിലയിലായിരുന്നു.

ഡിക്സൺ മതിൽചാടിക്കടന്ന് വിളിച്ചെങ്കിലും ആരും വാതിൽ തുറന്നില്ല. തുടന്ന് പിൻവശത്ത് കൂടി ചെന്ന് നോക്കിയപ്പോൾ കൈലിയും അരക്കൈ ഷർട്ടുമിട്ട വികാരിയെകാണുകയായിരുന്നു. വീണ്ടും മുൻവശത്തെത്തി വാതിലിൽ തട്ടിയപ്പോൾ ഭാര്യയുടെ സഹോദരി വാതിൽ തുറന്നു. തന്റെ ഭാര്യയും മകളും എവിടെയെന്ന് ഡികസൻ ചോദിച്ചപ്പോൾ അവർ വീട്ടിലേക്ക് പോയെന്നായിരുന്നു മറുപടി.

ഇതിനിടെ ഡിക്സൺ വികാരിയച്ചനെ കണ്ടതോടെ ക്ഷുഭിതനാവുകയായിരുന്നു. എന്തിനാണ് ഇപ്പോൾ ഈ സമയത്ത് ഇവിടെ വന്നതെന്നും ഇവിടെ എന്താണ് കാര്യമെന്നും ഡിക്‌സൺ ചോദിച്ചു. ആണുങ്ങളില്ലാത്ത വീട്ടിൽ എന്താടാ കാര്യം എന്ന ഡിക്സന്റെ ചോദ്യം കേട്ട് ജോൺ ബോസ്‌കോ തിരിച്ചും കയർത്തു സംസാരിച്ചു. ഇതു കയ്യേറ്റത്തിൽ കലാശിക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കരാട്ടെ ആക്ഷൻ കാണിച്ച വികാരിയച്ചൻ ഡിക്സന്റെ നെറ്റിയിൽ ഇടിച്ച് വീഴ്‌ത്തുകയായിരുന്നു. പിന്നെ സമീപത്തിരുന്ന പാത്രം നിലത്തടിച്ച് പൊട്ടിച്ച ശേഷം അതിന്റെ ചില കഷ്ണങ്ങളെടുത്ത് വീണ്ടും ഡിക്സന്റെ മുഖത്തും നെഞ്ചത്തും മർദ്ദിക്കുകയും ചവിട്ടി ഫ്രിഡ്ജിന്റെ ഇയിലേക്ക് ഇടുകയുമായിരുന്നു.

വികാരിയച്ചന്റെ മർദ്ദനവേറ്റ താൻ ഒരു മിനിറ്റോളം തല കറങ്ങി ഇരുന്ന് പോയെന്ന് ഡികസൻ പറയുന്നു. ഒരു വികാരിയച്ചന് ചേരാത്ത വിധത്തിൽ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ തെറി വിളിക്കുകയും പാത്രമെടുത്ത് തലയിൽ അടിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പരാതി. ജോൺ ബോസ്‌കോ വികാരിയായിരുന്ന പള്ളിയിലാണ് ഡിക്സനും കുടുംബവും സ്ഥിരമായി പോയിരുന്നത്. ഡിക്സനെ മർദ്ദിച്ചതിന് ജോൺ ബോസ്‌കോയ്ക്കെതിരെ ഐപിസി 323, 324, 294 ബി, 506(2) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മർദ്ദനമേറ്റ ഉടനെ തന്നെ ഇയാൾ തുമ്പ സ്റ്റേഷനിലെത്തി പരാതി നൽകി. എന്നാൽ പൊലീസുകാർ ഇയളോട് വലിയ പരിക്കുണ്ടെന്നും ഉടൻ ആശുപത്രിയിൽ പോകാനും നിർദ്ദേശിക്കുകയായിരുന്നു.

ഡിക്സന്റെ ഭാര്യയുടെ മൂത്ത സഹോദരിയുമായുള്ള സൗഹൃദമാണ് ഇയാളെ ഈ വീട്ടിലെ നിത്യ സന്ദർശകനാക്കിയത്. പിന്നീട് മൂത്ത സഹോദരി ലണ്ടനിലേക്ക് പോവുകയായിരുന്നു. ഇയാൾ സ്ഥിരം സന്ദർശകനായതോടെ ഭാര്യാപിതാവും ഭാര്യയുടെ സഹോദരീ ഭർത്താവും വീച്വിട്ടു പോയി. ഭാര്യാപിതാവ് ഇപ്പോൾ സമീപത്തെ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇയാൾ സ്ഥിരം സന്ദർശകനാവുകയും വീട്ടിലെ ആണുങ്ങൾക്ക് പുറത്തേക്ക് പോകേണ്ട അവസ്ഥ വരികയും ചെയ്തതോടെ ഡിക്സന്റെ ഭാര്യ പിതാവ് വെള്ളയമ്പലം ബിഷപ്പ് ഹൗസിലെത്തി പരാതി നൽകിയെങ്കിലും തെളിവുണ്ടോ എന്നായിരുന്നു ചോദ്യം.

ഞായറാഴ്ച നടന്ന സംഭവത്തിൽ ഡിക്സൻ പരാതി നൽകിയതിന് പിന്നാലെ ഡിക്സന്റെ ഭാര്യയുടെ അമ്മയും പരാതി നൽകി. ഡിക്സൻ മദ്യപിച്ച് വീട്ടിലെത്തി ബഹളം വച്ചെന്നാണ് പരാതി. എന്നാൽ ഈ സമയത്ത് വികാരിയച്ചൻ വീട്ടിലുണ്ടായിരുന്നെന്നോ അയാളുമായി അടിപിടി ഉണ്ടായ വിവരമോ ഉൾക്കൊള്ളിച്ചിട്ടില്ല.