കൊച്ചി: സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ ക്രൈം പത്രാധിപർ ടി പി നന്ദകുമാറിന് ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. വനിതാ മന്ത്രിയുടെ അശ്ലീല ചിത്രങ്ങൾ വ്യാജമായി നിർമ്മിക്കാൻ നിർബന്ധിച്ചെന്നും അതിന് വഴങ്ങാത്തതിന് അധിക്ഷേപിച്ചെന്നുമായിരുന്നു കേസ്. എറണാകുളം നോർത്ത് പൊലീസിൽ ആണ് ജീവനക്കാരി പരാതി നൽകിയത്. നന്ദകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്രൈം ഓൺലൈൻ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരിയാണ് പരാതി നൽകിയത്. 34 ദിവസം ജയിലിൽ കഴിഞ്ഞ ശേഷമാണ് നന്ദകുമാർ പുറത്തിറങ്ങിയത്.

നന്ദകുമാറിന് എതിരെ ജീവനക്കാരി കൊടുത്തത് വ്യാജ കേസ് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. വ്യാജ കേസായിട്ടും, മുഖ്യധാരാ മാധ്യമങ്ങലൊന്നും ഈ വിഷയം സ്പർശിച്ചതേയില്ല. ആരും കണ്ടതായി നടിച്ചതുമില്ല. ഒറ്റനോട്ടത്തിൽ തന്നെ വ്യാജ പരാതി എന്ന് വ്യക്തമായിട്ടും, ഈ കേസിൽ നിലനിൽക്കാത്ത പട്ടികജാതി-പട്ടികവർഗ അതിക്രമം തടയുന്ന എസ്സി എസ്ടി വകുപ്പും, ഐടി ആക്റ്റിലെ 67 എയും ബോധപൂർവം ഉൾപ്പെടുത്തി, ജാമ്യം നിഷേധിച്ച് ജയിൽ അടയ്ക്കുകയായിരുന്നു ആഭ്യന്തര വകുപ്പ്. നന്ദകുമാറിനെതിരെ ചുമത്തിയത് കള്ളക്കേസെന്ന് ഹൈക്കോടതിക്ക് ഉത്തമ ബോധ്യമായി എന്നാണ് വിധി ന്യായത്തിൽ നിന്ന് വ്യക്തമാകുന്നത്. ജാമ്യം അനുവദിച്ച വിധിയിലെ സൂചനകൾ കൊണ്ടാണ് ഇത് കോടതി പറയുന്നത്.

ഹൈക്കോടതി ഉത്തരവിലെ ചില ഭാഗങ്ങൾ നോക്കിയാൽ, 12 ാമത്തെ പേജിലെ 11ാം പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു: എസ്‌സി എസ്ടി ആക്ടിലെ വ്യവസ്ഥകൾ, കേസിൽ ബാധകമോ എന്നാണ് കോടതി പരിശോധിക്കുന്നത്. പട്ടിക ജാതി പട്ടിക വർഗ്ഗ നിയമം എഫ്‌ഐആറിൽ ചുമത്തിയിരിക്കുന്നെങ്കിലും, പരാതിക്കാരിയുടെ രേഖാമൂലമുള്ള പരാതി പരിശോധിച്ചാൽ, പട്ടികജാതി വിഭാഗത്തിൽ പെടുന്ന ആളായതുകൊണ്ടാണ് താൻ വിവേചനം നേരിട്ടത് എന്ന് വ്യക്തമായി വിശദീകരിക്കുന്നില്ല എന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. പട്ടിക ജാതി-പട്ടിക വർഗ്ഗ സംരക്ഷണ നിയമം കൊണ്ടുവന്നിരിക്കുന്നത് ജാതിയുടെ പേരിലുള്ള വിവേചനത്തിൽ നിന്ന് സംരക്ഷണം നൽകാനാണ്. പരാതിയിൽ പോലും ഇക്കാര്യം വ്യക്തമായി പറയാത്ത സാഹചര്യത്തിൽ, എന്തുകൊണ്ടാണ് ഈ വകുപ്പ് ചുമത്തിയത് എന്ന ചോദ്യം പ്രസക്തമാണ്.

ഇതുകൂടാതെ, ഐടി ആക്റ്റിലെ 66 ഇ, 67 എ വകുപ്പുകളും നന്ദകുമാറിന് എതിരെ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിച്ചിരിക്കുന്നത് പരാതിക്കാരിയുടെ മൊഴി മാത്രമാണ്. വനിതാ മന്ത്രിയുടെ ചില നഗ്ന ചിത്രങ്ങൾ നിർമ്മിക്കണമെന്ന് നന്ദകുമാർ പരാതിക്കാരിയോട് ആവശ്യപ്പെട്ടെന്നും, അത് നിരസിച്ചപ്പോൾ, അവരുടെ ശരീരത്തെ കുറിച്ച ലൈംഗിക ചുവയോടെ സംസാരിച്ചെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ, പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും അന്വേഷണ ഉദ്യോഗസ്ഥന് ഹാജരാക്കാൻ സാധിച്ചില്ലെന്നും വിധിയിൽ പറയുന്നു.

ഇത് കൂടാതെ പരാതിക്കാരി നഗ്നചിത്രങ്ങൾക്കായി പോസ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും, പ്രതിക്ക് അത് വനിതാ മന്ത്രിയുടെ പുതിയ നഗ്ന ചിത്രങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയായിരുന്നെന്നും പരാതിയിൽ പറയുന്നുണ്ട്. എന്നാൽ, പരാതിക്കാരിയുടെ മൊഴിയും കേസ് ഡയറിയും പരിശോധിച്ചതിൽ നിന്ന് പരാതിക്കാരിയുടെ മൊഴി അല്ലാതെ മറ്റൊരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാനായില്ല. ഒരാളുടെ അനുമതിയില്ലാതെ മനഃപൂർവമോ, ദുരുദ്ദേശപരമായോ അയാളുടെ സ്വകാര്യ ഭാഗത്തിന്റെ ചിത്രങ്ങൾ എടുത്താലോ, പ്രസിദ്ധീകരിച്ചാലോ, വിതരണം ചെയ്താലോ മാത്രമേ ഐടി ആക്ടിലെ 66 ഇ വകുപ്പ് ബാധകമാവുകയുള്ളു എന്ന് വിധിയിൽ പറയുന്നു. എന്നാൽ, ഈ കേസിൽ അതിനെ സാധൂകരിക്കുന്ന തെളിവുകൾ കാണാൻ കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി.

നന്ദകുമാറിന്റെ ഓഫീസിൽ നടത്തിയ റെയ്ഡിൽ നിരവധി പേർക്ക് മാനനഷ്ടം ഉണ്ടായേക്കാവുന്ന രേഖകൾ പിടിച്ചെടുത്തതായി പ്രോസിക്യൂഷൻ വാദിച്ചെങ്കിലും ഈ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തെളിയിക്കുന്ന രേഖകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും കോടതി വ്യക്തമാക്കി.

വനിതാ മന്ത്രിയെ അപകീർത്തിപ്പെടുത്താൻ നന്ദകുമാർ നഗ്ന ചിത്രങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചു എന്നത് വ്യാജകേസ് ആണെന്ന് ബോധ്യപ്പെട്ടിട്ടും, പൊലീസ് അദ്ദേഹത്തെ മന: പൂർവം ജയിലിൽ അടയ്ക്കുകയായിരുന്നു എന്നാണ് ഇതോടെ വ്യക്തമാകുന്നത്. കള്ളക്കസിൽ ജയിലിൽ കഴിയേണ്ടി വന്നത് 34 ദിവസവും. അതും ജാമ്യം പോലും അനുവദിക്കാതെ.

പരാതി ഇങ്ങനെ

കഴിഞ്ഞ ഏപ്രിലിൽ, കലൂർ ഫ്രീഡം റോഡിലെ ഓഫീസിൽ വച്ചാണ് സംഭവം നടന്നതെന്നാണ് പാരാതിയിൽ പറയുന്നത്. സംസ്ഥാനത്തെ വനിത മന്ത്രിയുടെ അശ്ലീല വീഡിയോ നിർമ്മിക്കണമെന്ന് ക്രൈം നന്ദകുമാർ ആവശ്യപ്പെട്ടു. നിരസിച്ചതോടെ മാനസികമായി പീഡനം തുടങ്ങി. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവുമായി. അശ്ലീല ചുവയോടെ സംസാരം തുടർന്നതോടെ സ്ഥാപനം വിട്ടു.-ഇതാണ് ജീവനക്കാരിയുടെ പരാതിയിൽ പറഞ്ഞിരുന്നത്. ഭീഷണിയും മറ്റുള്ളവരുടെ മുന്നിൽ വെച്ച് അക്രോശവും, അശ്ലീല ചുവയോടെ സംസാരവും തുടർന്നതോടെ ജീവനക്കാരി സ്ഥാപനം വിട്ടു. കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പൊലീസിൽ പരാതി നൽകി.

കഴിഞ്ഞ മെയ് 27 ന് കൊച്ചി ടൗൺ പൊലീസിൽ പരാതി നൽകി. പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, പട്ടികവർഗ അതിക്രമം തടയൽ തുടങ്ങി ജാമ്യമില്ലാ വകുപ്പുകളാണ് പൊലീസ് നന്ദകുമാറിനെതിരെ രജിസ്റ്റർ ചെയ്തത്.

സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന ആരോപണം നിഷേധിച്ച് ക്രൈം നന്ദകുമാർ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെ ആണ് മറ്റൊരു കേസിൽ പൊലീസ് നടപടി എടുത്തത്. യുവതിയുടെ പരാതിയിൽ പ്രാഥമികമായി നന്ദകുമാറിനെതിരെ തെളിവുകൾ ഉണ്ടെന്നും സിസിടിവി, മൊബൈൽ ഫോൺ അടക്കം പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്നതിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചിരുന്നു.

പരാതിക്കാരിയും സുഹൃത്തും തന്നെ അപമാനിക്കാൻ ശ്രമിച്ചെന്ന് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ ക്രൈം നന്ദകുമാർ പരാതി നൽകിയതിന് പിന്നാലെ ആണ് അറസ്റ്റ് ഉണ്ടായത്.