- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹപ്രവർത്തകൻ ബാത്ത്റൂമിൽ വച്ച് നഗ്‌നദൃശ്യങ്ങൾ പകർത്തി; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക്മെയിലിങ്ങും ഒടുവിൽ വിവാഹമോചനവും ആയപ്പോൾ ആകെ തകർന്നു; പൊലീസ് അറസ്റ്റ് ചെയ്തിട്ടും ഭീഷണി തുടർന്ന് യുവാവ്; കോഴിക്കോട്ട് കടലിൽ ചാടി യുവതി ജീവനൊടുക്കിയ സംഭവം കൊലപാതകം എന്ന ആരോപണവുമായി കുടുംബം
കോഴിക്കോട്: ഒരാഴ്ച മുമ്പ് കോഴിക്കോട് പയ്യാനക്കൾ കോതിപ്പാലത്തിൽ നിന്നും കടലിലേക്ക് ചാടി മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. കൂടെ ജോലി ചെയ്തിരുന്ന കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ അനൂപ് എന്ന യുവാവിനെതിരെയാണ് യുവതിയുടെ കുടുംബം ഇപ്പോൾ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.
അനൂപും യുവതിയും കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇവിടെ വെച്ച് അനൂപ് യുവതിയുടെ നഗ്‌നദൃശ്യങ്ങൾ ബാത്റൂമിൽ വെച്ച് പകർത്തുകയും അത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. ഇതറിഞ്ഞ യുവതിയുടെ ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്തുകയും ചെയ്തിരുന്നു. യുവതി മരിക്കുന്നതിന് രണ്ട് മാസങ്ങൾക്ക് മുമ്പാണ് വിവാഹം ബന്ധം വേർപിരിഞ്ഞത്. ഭർത്താവുമായി പിരിഞ്ഞതിന് ശേഷം സ്വന്തം വീട്ടിൽ കഴിയുന്നതിനിടെയാണ് യുവതിയെ കഴിഞ്ഞ ആഴ്ച കടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ അനൂപ് കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്നാണ് ഇപ്പോൾ കുടുംബം ആരോപിക്കുന്നത്.
നേരത്തെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയിൽ ആരോപണ വിധേയനായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ അനൂപ് യുവതിയെ വിവാഹം കഴിച്ചോളാമെന്നും പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി തവണ യുവതിയെ ബന്ധപ്പെട്ടിരുന്നു. വിവാഹം കഴിഞ്ഞതിന് ശേഷം മാത്രമെ പരാതി പിൻവലിക്കുകയൊള്ളൂ എന്നായിരുന്നു യുവതിയുടെ മറുപടി.
ഇക്കാര്യങ്ങൾ സംസാരിക്കുന്നതിനായി നേരിട്ട് കാണാമെന്നും വന്നില്ലെങ്കിൽ ചിത്രങ്ങൾ ഇന്റർനെറ്റ് വഴി പ്രചരിപ്പിക്കുമെന്നും അനൂപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് മരിക്കുന്ന ദിവസം യുവതി പയ്യാനക്കൽ കടപ്പുറത്ത് എത്തിയത്. ഇവിടെ വെച്ച് അനൂപുമായി വാക്കുതർക്കമുണ്ടാകുകയും അനൂപ് യുവതിയെ കടലിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയും ചെയ്തു എന്നുമാണ് കുടുംബം ഇപ്പോൾ ആരോപിക്കുന്നത്.
മരിക്കുന്നതിന് മുമ്പ് യുവതി അനൂപുമായി ഫോണിൽ നടത്തിയ സംഭഷണങ്ങൾ കുടുംബം തെളിവായി പൊലീസിന് നൽകിയിട്ടുണ്ട്. ആറ് വയ്യസുള്ള കുഞ്ഞിന്റ അമ്മയായ യുവതി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. മരണ ദിവസം അനൂപിന്റെ ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയതിന് ശേഷമാണ് യുവതി വീട്ടിൽ നിന്നിറങ്ങിയിട്ടുള്ളതെന്നും കുടുംബം പറയുന്നു. അതേ സമയം സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതൽ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും പന്നിയങ്കര പൊലീസ് അറിയിച്ചു.