കാഞ്ഞാർ: കവർച്ചയ്ക്കായി രാത്രിയിൽ ഇറങ്ങിയ നാലംഗ സംഘത്തെ പൊലീസ് പട്രോളിംഗിനിടെ പിടികൂടി. സംശയാസ്പദ സാഹചര്യത്തിൽ കണ്ടതോടെയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. നിരവധി മോഷണ കേസുകളിലും മറ്റ് കേസുകളിലും പ്രതികളായ നാലു പേരെയാണ് കാഞ്ഞാർ പൊലീസ് പുലർച്ചെ 1: 50 ന് പട്രോളിംഗിംനിടെ പിടികൂടിയത്. കാറും 12 ഇഞ്ച് നീളമുള്ള കത്തിയും കസ്റ്റഡിയിൽ എടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കുളമാവ് പോത്തുമറ്റം ചെറുകരപ്പറമ്പിൽ ബെല്ലാരി രാജൻ -38, കോതമംഗലം നെല്ലിക്കുഴി പാറയിൽ അൻസിൽ 28, എറണാകുളം മംഗലത്ത് നാട് വാരിക്കാട്ടിൽ പങ്കൻ ഷിജു 38. 'കോതമംഗലം മലയിൻകീഴ് വേല മ്മാവ് കുടിയിൽ ശ്യാമോൻ 33 ' എന്നിവരാണ് പിടിയിലായത്.

രാത്രിയിൽ നടന്ന പട്രോളിംഗിനിടെ അറക്കുളം കാവുംപടിയിൽ വച്ച് സംശയകരമായി കണ്ടെത്തിയ കാർ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തപ്പോൾ പേരുമാറ്റി പറയുകയും പരസ്പര വിരുദ്ധമായി സംസാരിക്കുകയും ചെയ്തതു കൊണ്ട് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതിൽ ഒന്നാം പ്രതി ബല്ലാരി രാജൻ രണ്ടാഴ്ച മുമ്പ് മൂലമറ്റം കെ.എസ്സ്.ഇ.ബി കോളനിയിൽ നിന്ന് ടെല്ിഫോൺ കേബിൾ മോഷ്ടിച്ച കേസിൽ പ്രതിയാണ്. പൊലീസിനെ കണ്ട് ഓടി രക്ഷപെടുകയായിരുന്നു.കൂടാതെ കളമാവ് പൊലീസ് സ്റ്റേഷനിലും പല കേസുകളിലും പ്രതിയാണ്.

മറ്റുള്ളവർ, കുന്നത്തുനാട് കറുപ്പും പടി., കാലടി, കോതമംഗലം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിരവധി കേസുകളിൽ പ്രതിയാണ്. എവിടെയോ മോഷണം നടത്താനുള്ള ശ്രമത്തിലായിരുന്നതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കാഞ്ഞാർ എസ്‌ഐ.കെ.പി.ഇസ്മായിൽ, സിവിൽ പൊലീസ് ഓഫീസർ ജോയി ഡ്രൈവർ മജീബ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

കാഞ്ഞാർ പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതികൾ മുൻപ് ജയിലിൽ ഒരുമിച്ചു ശിക്ഷ അനുഭവിച്ചിട്ടുള്ളവരെന്ന് വ്യക്തമായി. ജയിലിലെ മുൻ പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ അറക്കുളത്ത് ഒത്തു ചേർന്നത്. പൊലീസ് പിടിക്കുമ്പോൾ ഇവർ മദ്യ ലഹരിയിൽ ആയിരുന്നു.