- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാവിനെ വീട്ടിൽക്കയറി കൊലപ്പെടുത്തിയത് മൊബൈൽഫോണിൽ തെറി വിളിച്ചതിനെന്ന് പ്രതികൾ; ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്; നാട്ടുകാർ ഇടപെട്ടില്ല; കഴുത്തിലും നെഞ്ചിലും കുത്തേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചതും പൊലീസ്
കൊച്ചി: മുളന്തുരുത്തിയിൽ കഴിഞ്ഞ ദിവസം യുവാവിനെ വീട്ടിൽക്കയറി കുത്തിക്കൊലപ്പെടുത്തിയത് ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്. സംഭവത്തിൽ നാലുപേരാണ് പ്രതികൾ. ഇവരിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. ഒരാൾ ഓടി രക്ഷപ്പെട്ടു.
അതേ സമയം മൊബൈലിൽ തെറി വിളിച്ചതിനാണ് കുത്തിയതെന്നാണ് കേസിൽ പിടിയിലായവർ പറയുന്നത്. ആക്രമണത്തിൽ കഴുത്തിലും നെഞ്ചിലും കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു കിടന്നിട്ടും യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ നാട്ടുകാരാരും ഓടി വരാതിരുന്നതിനെ തുടർന്ന് പൊലീസ് എത്തിയായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
കൊല്ലപ്പെട്ട പെരുമ്പിള്ളി ഈച്ചിരവേലിൽ ജോജി മത്തായിയും(22) ഉദയംപേരൂർ പണ്ടാരപാട്ടത്തിൽ ശരത് ചന്ദ്രശേഖരൻ(27), മുളന്തുരുത്തി കോലഞ്ചേരിക്കടവ് ഇടപ്പാറമറ്റത്തിൽ അതുൽ സുധാകരൻ(23), നോർത്ത് പറവൂർ തട്ടകത്ത്താണിപ്പാടം മിഥുൻ പുരുഷൻ(25) എരൂർ പാമ്പാടിത്താഴം വിഷ്ണു(27)വും സുഹൃത്തുക്കളും ഒരുമിച്ച് ലഹരി ഉപയോഗിക്കുന്നവരുമാണ്.
സംഭവത്തിൽ വിഷ്ണുവിനെയാണ് ഇനി പിടികൂടാനുള്ളത്. മറ്റു മൂന്ന് പേരെയും പൊലീസ് അർധരാത്രിയോടെ വടവുകോടുള്ള ഒരു സ്‌കൂളിനു സമീപത്തു നിന്ന് പിടികൂടി. കൊലപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യത്തിന് പ്രതികൾ നൽകിയ മറുപടി മൊബൈൽ ഫോണിൽ തെറിവിളിച്ചു എന്നായിരുന്നു. മൊബൈലിലൂടെ തെറി പറഞ്ഞതിന് നേരിട്ടു മറുപടി നൽകാമെന്ന് പറഞ്ഞാണ് പ്രതികൾ വീട്ടിലെത്തിയത്. വീണ്ടും അസഭ്യവർഷം തുടർന്നതോടെയാണ് പ്രകോപിതരായി കത്തിയെടുത്തത്. തിങ്കളാഴ്ച വൈകിട്ടു നാലേമുക്കാലോടെ നടന്ന സംഭവത്തിൽ അക്രമം തടയാൻ വന്ന ജോജിയുടെ പിതാവിനും കുത്തേറ്റു.
ആക്രമിച്ചവരുടെ പേരുകൾ ജോജി മരിക്കുന്നതിനു മുൻപ് പൊലീസിനോടു പറഞ്ഞിരുന്നു. അഞ്ചു പേരുടെ വിവരമാണ് നൽകിയതെങ്കിലും നാലു പേർ മാത്രമാണ് കൃത്യത്തിൽ ഉണ്ടായിരുന്നതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ജോജിയുടെ നെഞ്ചിലും കഴുത്തിനും ഗുരുതരമായി കുത്തേറ്റിരുന്നു. എന്നാൽ സംഭവത്തിൽ ഇടപെടാനോ ജോജിയെ രക്ഷപെടുത്താനോ നാട്ടുകാർ മുതിർന്നില്ല.
ഒടുവിൽ മുളന്തുരുത്തി പൊലീസെത്തി ആംബുലൻസ് വരുത്തിയാണ് ഇരുവരെയും കളമശേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. കുത്താൻ ഉപയോഗിച്ച കത്തിയും പ്രതികൾ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെത്തി. ഇവരിൽ ഒരാൾ മറ്റൊരു കൊലപാതക കേസിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ