- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാസർകോട് മുക്കുപണ്ടം പണയപ്പെടുത്തിയ കേസിൽ വഴിത്തിരിവ്; തട്ടിപ്പിന് സഹായം നൽകിയ ബാങ്ക് അപ്രൈസർ അറസ്റ്റിൽ; 'മറുനാടൻ' കണ്ടെത്തിയത് ശരിവെച്ച് അന്വേഷണസംഘം; പ്രതികൾ തട്ടിയെടുത്തത് 2.71 കോടി രൂപ
ബേക്കൽ: ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദുമ ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 2.71 കോടി രൂപ തട്ടിയെടുത്ത കേസിൽ പ്രതിയായ ബാങ്ക് അപ്രൈസറെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മറുനാടൻ ആദ്യം നൽകിയ വാർത്തയിലും ബാങ്ക് ജീവനക്കാരുടെ സാന്നിധ്യം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇത് ബാങ്ക് ഇത് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്.
നീലേശ്വരം സ്വദേശി കുഞ്ഞികൃഷ്ണനെ(65)യാണ് ബേക്കൽ ഇൻസ്‌പെക്ടർ യു.പി വിപിൻ അറസ്റ്റ് ചെയ്തത്. മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം 13 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. അന്വേഷണത്തിൽ തട്ടിപ്പിന് ബാങ്കിലെ അപ്രൈസർ കൂട്ടുനിന്നതായും പ്രതികളിൽ നിന്ന് പ്രതിഫലം കൈപ്പറ്റിയതായും തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപ്രൈസറെ കേസിൽ പ്രതിചേർത്തത്.
കുഞ്ഞികൃഷ്ണനെ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (രണ്ട്) കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. ഈ കേസിലെ മുഖ്യപ്രതിയായ മേൽപ്പറമ്പ് കൂവത്തൊട്ടിയിലെ മുഹമ്മദ് സുഹൈറിനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബാങ്കിൽ നിന്ന് മുഹമ്മദ് സുഹൈറും മറ്റ് പന്ത്രണ്ട് പേരും വിവിധ ഘട്ടങ്ങളിലായി മുക്കുപണ്ടം പണയപ്പെടുത്തി 2.71 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ബാങ്കിൽ ഓഡിറ്റിങ്ങ് സമയത്ത് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ്പുറത്തുവന്നത്.
അതിനിടെ ഈ കേസിൽ ക്രൈംബ്രാഞ്ചും അന്വേഷണം ഊർജിതമാക്കി. ബേക്കൽ പൊലീസുമായി സഹകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ഇന്ത്യൻ ഓവർസീസ് ബാങ്കിന്റെ ഉദുമ ശാഖാ മാനേജരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. വരും ദിവസങ്ങളിൽ ബാങ്ക് ജീവനക്കാരടക്കം നിരവധി പേരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്‌പി എ. സതീഷ്‌കുമാർ പറഞ്ഞു. കേസിലെ പന്ത്രണ്ട് പ്രതികൾ ഇപ്പോഴും ഒളിവിൽ തന്നെയാണ്. ഇവരെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കി.