വിദ്യാനഗർ: ഓൺലൈൻ പഠനത്തിന് നിർധന കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നൽകുന്നതിന് ചെർക്കള ഗവ.ഹയർസെക്കണ്ടറി സ്‌കൂളിൽ സൂക്ഷിച്ച മൊബൈൽ ഫോണുകളും 1700 രൂപയും കവർന്ന കേസിൽ യുവാവ് അറസ്റ്റിൽ. പെരിയക്ക് സമീപം ആയംപാറയിലെ ഹബീബ് റഹ്മാനെയാണ് വിദ്യാനഗർ സിഐ. വി.വി. മനോജിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ജുലായ് അവസാനമാണ് സ്‌കൂളിന്റെ പൂട്ട് തകർത്ത് കവർച്ച നടത്തിയത്. നിർധന വിദ്യാർത്ഥികൾക്ക് നൽകുന്നതിന് സ്‌കൂളിലെ പൂർവ്വ വിദ്യാർ ത്ഥികളാണ് സ്മാർട്ട് ഫോണുകൾ സംഭാവന ചെയ്തത്. ഇവ ഓഫീസ് മുറിയിൽ സൂക്ഷിച്ചതായിരുന്നു. ഏഴ് മൊബൈൽ ഫോണുകളും മേശവലിപ്പിൽ സൂക്ഷിച്ച 1700 രൂപയുമാണ് കവർന്നത്.

സ്‌കൂൾ സീനിയർ അസിസ്റ്റസ്റ്റ് പി.എ. സമീർ നൽകിയ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരികയായിരുന്നു. കവർന്ന ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പർ കേന്ദ്രികരിച്ച് പൊലീസ് അന്വേ ഷണം നടത്തി വരികയായിരുന്നു. അതിനിടെയാണ് കവർന്ന ഫോണുകളിൽ ഒന്ന് മംഗളുരുവിൽ ഉപയോഗിച്ചുവരുന്നതായി കണ്ടെത്തിയത്.

ഫോൺ ഉപയോഗിച്ച ആളെ കണ്ടെത്തുകയും മംഗളൂരുവിലെ ഒരു കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്നും പൊലീസ് അന്വേഷണത്തിൽ അറിഞ്ഞു. തുടർന്ന് കട കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെർക്കള സ്‌കൂളിലെ മോഷണത്തിന് പിന്നിൽ ഹബീബ് റഹ്മാൻ ആ ണെന്ന് തിരിച്ചറിഞ്ഞത്. എറണാകുളം, പാലക്കാട്, കാസർകോട് ജില്ലകളിൽ ഹബീബ് റഹ്മാനെതിരെ മോഷണ കേസുകളുണ്ടെന്ന് പൊലീസ്പറഞ്ഞു. കവർച്ച ചെയ്ത ഫോണുകളിൽ അഞ്ചെണ്ണം മംഗളൂരുവിലെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെത്തി.