- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
20 ലക്ഷം രൂപയുടെ ഹാൻസ് പിടിച്ച് എടുത്തപ്പോൾ നശിപ്പിക്കാൻ മനസ് വന്നില്ല; ഒന്നര ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു; കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാർ ജോലി ചെയ്ത അതേ സ്റ്റേഷനിൽ അറസ്റ്റിൽ; ഒപ്പം സസ്പെൻഷനും; ഒറ്റിയത് ഹാൻസ് കേസിലെ പ്രതിയും
മലപ്പുറം: കോട്ടയ്ക്കൽ പൊലീസ് പിടിച്ചെടുത്ത 20ലക്ഷം രൂപയുടെ ഹാൻസ് ഒന്നര ലക്ഷം രൂപക്കു മറിച്ചുവിറ്റ രണ്ടുപൊലീസുദ്യോഗസ്ഥർ അറസ്റ്റിൽ. കോട്ടയ്ക്കൽ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ രജീന്ദ്രൻ, സീനിയർ സിപിഒ സജി ചെറിയാൻ എന്നിവരാണ് ജോലി ചെയ്ത പൊലീസ് സ്റ്റേഷനിൽ തന്നെ അറസ്റ്റിലായത്. ഇവരെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു.
ഹാൻസ് വിൽപ്പനക്കിടെ പൊലീസ് പിടികൂടിയ പ്രതിയാണ് പൊലീസുകാരുടെ മറിച്ചു വിൽപ്പന ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച് അവരെ അകത്താക്കിച്ചത്. ഹാൻസിന്റെ ആയിരത്തിലേറെ പാക്കറ്റുകളാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മറിച്ചുവിൽക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ജൂൺ 21നാണ് കോട്ടക്കൽ പൊലീസ് 20 രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.
നാസർ, അഷ്‌റഫ് എന്നിവർ മിനി ടെംപോ വാഹനത്തിൽ കടത്താൻ ശ്രമിച്ച 1600ഓളം പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് കഴിഞ്ഞ ഒമ്പതാം തീയതി പിടിച്ചെടുത്ത വാഹനം വിട്ടുകൊടുക്കാൻ കോടതി ഉത്തരവിട്ടു.
പിടികൂടിയ പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാനും ഉത്തരവായി.
ഇതിനുപിന്നാലെയാണ് രണ്ട് പൊലീസ് ഉദ്യോഗസ്ഥരും പുകയില ഉത്പന്നങ്ങൾ നശിപ്പിക്കാതെ മറിച്ചുവിറ്റത്. റഷീദ് എന്ന ഏജന്റ് മുഖേനയാണ് പൊലീസുകാർ ഹാൻസ് പാക്കറ്റുകൾ വിൽക്കാൻ ശ്രമിച്ചത്. ഇതിനായി ഒട്ടേറെതവണ ഫോൺ സംഭാഷണങ്ങളും നടത്തി. ഇക്കാര്യമറിഞ്ഞ നാസറും അഷ്‌റഫുമാണ് പൊലീസുകാരുടെ ഹാൻസ് വിൽപ്പന മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചത്.
തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണം നടത്തി രണ്ട് പൊലീസുകാരെയും പിടികൂടുകയായിരുന്നു. ഹാൻസ് ഒന്നര ലക്ഷം രൂപയ്ക്ക് പൊലീസുകാർ മറിച്ചുവിറ്റെന്ന് കണ്ടെത്തിയത്.