കൊല്ലം: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് വടിവാൾ വിനീതിനെ അറസ്റ്റിൽ കൊല്ലം സിറ്റി പൊലീസ് പിടികൂടിയത് അതിസാഹസികമായി. ഇന്ന് പുലർച്ചെയാണ് ചടയമംഗലത്ത് നിന്ന് മോഷ്ടിച്ച കാറിൽ കൊല്ലം നഗരത്തിലേക്ക് കടന്ന വിനീതിനെ സിറ്റി പൊലീസിലെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. കമോഷ്ടിച്ച വാഹനവുമായി പോകുകയായിരുന്ന വിനീതിനെ പിന്തുടർന്ന പൊലീസ് കൊല്ലം നഗരത്തിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിനിടയിൽ ഇയാൾ പൊലീസിനെ ആക്രമിക്കാനും ശ്രമിച്ചിരുന്നു.

വടിവാൾ വിനീത് എന്ന വട്ടപ്പേരിൽ അറയിപ്പെടുന്ന ഇരുപത്തിമൂന്നുകാരൻ ആലപ്പുഴ അമ്പലപ്പുഴ സ്വദേശിയാണ്. നന്നേ ചെറുപ്പത്തിലേ മോഷണം തുടങ്ങിയ ആളാണ് വിനീത്. ഇയാളുടെ കൈവശം എപ്പോഴും വടിവാളിന് സമാനമായ മൂർച്ചയുള്ള ആയുധം ഉണ്ടാകാറുണ്ട്. അതുകൊണ്ടാണ് വടിവാൾ വിനീതെന്ന പേരുവീണ്. കുട്ടിക്കാലത്തുതന്നെ മോഷണക്കേസിൽ പിടിക്കപ്പെടുകയും ജുവനൈൽ ഹോമിലാക്കുകയും ചെയ്തിരുന്നു. രണ്ടുവർഷം ജുവനൈൽ ഹോമിൽ കഴിഞ്ഞതോടെ മോഷണ മേഖലയിൽ കൂട്ടുകാരുടെ എണ്ണവും കൂടി. പുറത്തിറങ്ങിയശേഷം മോഷണം പ്രധാന തൊഴിലായി സ്വീകരിച്ചു. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും മോഷണം നടത്തിയിട്ടുണ്ടെന്നാണ് വിവരം.

ഏത് വാഹനവും നിമിഷ നേരംകൊണ്ട് താക്കോൽ ഇല്ലാതെ സ്റ്റാർട്ടാക്കാൻ വൈദഗ്ദ്ധ്യമുണ്ട്. മലപ്പുറം മുതൽ കന്യാകുമാരി വരെ നിരവധി കേസുകളുള്ള മിഷേൽ, ഷിൻസി, ശ്യാം എന്നിവരുമായി ചേർന്ന് മോഷണ സംഘം വിപുലമാക്കിയിരന്നു. സംഘത്തിലെ അംഗമായ പുന്നമടക്കാരി ഷിൻസിയെ വിവാഹം ചെയ്തശേഷം ഇരുവരും ചേർന്നായി കൂടുതൽ മോഷണം. പലതവണ പിടിക്കപ്പെട്ടെങ്കിലും തടവുചാടി. അടുത്തിടെ വിനീതിനെയും മിഷേലിനെയും ഷിൻസിയെയും ശ്യാമിനെയും പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിൽ നിന്നും വിനീതും മിഷേലും രക്ഷപെട്ടു. അതിന് ശേഷം ഇരുപത്തഞ്ചിൽപ്പരം കവർച്ചകൾ നടത്തിയെന്നാണ് വിവരം.

ആലപ്പുഴയിൽ നിന്നും തിരുവനന്തപുത്തേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ മിഷേലിനെ തിങ്കളാഴ്ച രാവിലെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചെങ്ങന്നൂരിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു വള്ളികുന്നം സ്വദേശി ശ്രീപതിയുടെ കാർ ബൈക്കിലെത്തിയ വിനീത് തടഞ്ഞു. തുടർന്ന് ഈ കാറിൽ കയറി വടിവാൾ കഴുത്തിൽ വച്ച് സ്വർണമാല, മോതിരം, മൊബൈൽ, ക്യാമറ എന്നിവ തട്ടിയെടുത്തു. ശേഷം ശ്രീപതിയെ ഇറക്കിവിട്ട് കാറുമായി കടന്നു. ഈ കാറാണ് കൊല്ലം ചിന്നക്കടയിൽ വച്ച് പൊലീസ് തടഞ്ഞത്. ഇതോടെ കാർ ഉപേക്ഷിച്ച് വിനീത് കടന്നു. അവിടെ നിന്നും പള്ളിത്തോട്ടത്തെത്തി ബുള്ളറ്റ് കൈക്കലാക്കിയായിരുന്നു രണ്ടുദിനങ്ങളിലെ സഞ്ചാരം